സ്വന്തം ലേഖകൻ
കൊല്ലം: നടിയക്കെതിരായ ആക്രമണവും സിനിമാ താരം ദിലീപ് പ്രതിക്കൂട്ടിലായ സംഭവവും ചോദ്യം ചെയ്ത മാധ്യമങ്ങൾക്കു നേരെ അമ്മയുടെ യോഗത്തിൽ ആക്രോശിച്ച നടനും എംഎൽഎയുമായ മുകേഷിനെ ഫോണിൽ വിളിച്ച് ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നടൻ ദിലീപിന്റെ വിഷയത്തിൽ മുകേഷ് അന്വേഷണത്തിൽ ഇടപെട്ടതായും പൊലീസുകാരെ സ്വാധീനിക്കാൻ ശ്രമിച്ചതായും ഓൺലൈൻ മാധ്യമങ്ങളിൽ അടക്കം വാർത്ത വന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ മുകേഷ് എംഎൽഎയെ ഫോണിൽ ബന്ധപ്പെട്ട് താക്കീത് ചെയ്തത്.
നടി ആക്രമണത്തിനിരയായ സംഭവം ചർച്ച ചെയ്യാൻ ചേർന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തിൽ നടൻ മുകേഷ് മാധ്യമ പ്രവർത്തകരോടു മോശമായി പെരുമാറിയിരുന്നു. ഇതേ തുടർന്നാണ് മുകേഷിനെതിരെ ഓൺലൈൻ മാധ്യമങ്ങളും, സോഷ്യൽ മീഡിയയും വ്യാപകമായി തിരിഞ്ഞത്. ഇതേ തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ മുകേഷിനെ ഫോണിൽ ബന്ധപ്പെട്ടത്. വിശദാംശങ്ങൾ ചോദിച്ച് അറിഞ്ഞ പിണറായി മുകേഷിനെ താക്കീത് ചെയ്തതായാണ് സൂചന. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്നു മുഖ്യമന്ത്രി മുകേഷിനു നിർദേശം നൽകിയിട്ടുണ്ട്.
എന്നാൽ, ഇതിനിടെ അമ്മയുടെ യോഗത്തിൽ മാധ്യമങ്ങളോടു അപമര്യാദയായി പെരുമാറിയ മുകേഷിനെതിരെ സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയും നടപടി ആരംഭിച്ചിട്ടുണ്ട്. മുകേഷിനെതിരെ പരസ്യ താക്കീതിനാണ് സിപിഎം ജില്ലാ കമ്മിറ്റി ഒരുങ്ങുന്നത്.