തിരുവനന്തപുരം :മുകേഷും സരിതയും വീണ്ടും ഒന്നിച്ചു .അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്ന് അഭിനയത്തിലേയ്ക്ക് വലതുകാല്‍ വയ്ക്കുന്ന മകനെ ഒന്നിച്ച് അനുഗ്രഹിച്ചു.പരസ്പരം വേര്‍പിരിഞ്ഞവര്‍ അകല്‍ച മറന്ന് ഒരിക്കല്‍ക്കൂടി ഒന്നിച്ചു.പുറത്ത് വിവാദങ്ങള്‍ കത്തിനില്‍ക്കുമ്പോള്‍ തിരുവനന്തപുരം മാസ്ക്കോട്ട് ഹോട്ടല്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. നടനും എം.എല്‍.എ.യുമായ മുകേഷിന്റെയും സരിതയുടെയും മകന്‍ ശ്രാവണ്‍ നായകനാവുന്ന ആദ്യ ചിത്രമായ കല്ല്യാണത്തിന്റെ സ്വിച്ചോണ്‍ കര്‍മമായിരുന്നു ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയനാണ് സ്വിച്ചോണ്‍ നിര്‍വഹിച്ചത്. സാംസ്കാരികമന്ത്രി എ.കെ.ബാലന്‍ സംബന്ധിച്ചു.നിയമപരമായി പിരിഞ്ഞശേഷം ഇതാദ്യമായാണ് സരിതയും മുകേഷും ഒന്നിച്ച് ഒരു ചടങ്ങിനെത്തുന്നത്. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കുമ്ബോഴായിരുന്നു ചടങ്ങ്.മുകേഷിന്റെ ഭാര്യ മേതില്‍ ദേവിക, അമ്മ വിജയകുമാരി, ചിത്രത്തിലെ നായിക അഹാന, മധു, രാഘവന്‍, ശ്രീനിവാസന്‍, ഷാജി കൈലാസ്, ആനി, വിജി തതമ്പി , മണിയന്‍പിള്ള രാജു, സുരേഷ് കുമാര്‍, മേനക, രഞ്ജിത്ത് എന്നിവരും പങ്കെടുത്തു.
മൂത്തമകന്‍ ശ്രാവണിന്റെ ‘കല്യാണ’ത്തിന്. അപരിചിതരേപ്പോലെ രണ്ടുഭാഗത്തും മാറിനിന്ന ഇരുവരേയും ഒന്നിപ്പിച്ച് താരമായത് ശ്രാവണ്‍തന്നെ.ശ്രാവണിന്റെ ആദ്യസിനിമയായ കല്യാണത്തിന്റെ പൂജാ ചടങ്ങിലാണ് സിനിമാലോകം അപൂര്‍വ നിമിഷങ്ങള്‍ക്ക് സാക്ഷിയായത്. ഇന്നുരാവിലെ പത്തിന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലായിരുന്നു ചടങ്ങ്. മുകേഷ് ആണ് ആദ്യമെത്തിയത്. എല്ലാവരേയും കണ്ട് ക്ഷണിച്ചിരുത്തിയശേഷം മുകേഷ് വേദിയുടെ മുന്‍നിരയില്‍ ഇരുപ്പുറപ്പിച്ചു. സരിത എത്തുമോ എന്നായിരുന്നു എല്ലാവരുടേയും ആകാംക്ഷ. അതിന് വിരാമമിട്ട് സരിത മകന്‍ ശ്രാവണിനേയും കൂട്ടി വേദിയിലേക്ക് വന്നു. സരിതയും മുകേഷും ഒരുമിച്ച് കണ്ടുമുട്ടുന്ന നിമിഷം പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ അക്ഷമരായി നില്‍ക്കുകയായിരുന്നു.
എന്നാല്‍ മുകേഷിനെ ശ്രദ്ധിക്കാതെ സരിത എതിര്‍വശത്തേയ്ക്ക് നടന്നുപോയി. ഇതിനിടയിലാണ് ശ്രാവണ്‍ അച്ഛനെ അന്വേഷിച്ചെത്തിയത്. അതിഥികള്‍ക്ക് ഇരിപ്പിടമൊരുക്കി അവസാനം കസേര ഇല്ലാത്തതിനാല്‍ മുകേഷ് ഒരു വശത്തേക്ക് മാറി നില്‍ക്കുകയായിരുന്നു. ‘അച്ഛന്‍ ഇവിടെ ഒളിച്ചു നില്‍ക്കുകയാണോ’ എന്നുചോദിച്ച് ശ്രാവണ്‍ അദ്ദേഹത്തിനടുത്തെത്തി കെട്ടിപ്പിടിച്ചു. പതിവ് ചമ്മലോടെ മുകേഷ് മകനെ ആശ്ലേഷിച്ചു. ഇതിനിടയില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇരുവരേയും വളഞ്ഞിട്ട് ഫോട്ടോഷൂട്ട് തുടങ്ങി.അവരോട് ഒരുനിമിഷമെന്നുപറഞ്ഞ് ശ്രാവണ്‍ ഓടിപ്പോയി അമ്മ സരിതയെ കൂട്ടിക്കൊണ്ടുവന്നു. തികച്ചും അപ്രതീക്ഷിതമായ നീക്കത്തോടെ ശ്രാവണ്‍ മുകേഷിനേയും ഞെട്ടിച്ചു. പിന്നെ മൂവരേയും നിര്‍ത്തിയുള്ള ഫോട്ടോ ഷൂട്ടായി. ഇതിനിടയില്‍ ശ്രാവണ്‍ എല്ലാവരേയും വീണ്ടുംഞെട്ടിച്ചു. അതുവരെ അച്ഛനും അമ്മയ്ക്കും നടുക്ക് നിന്ന ശ്രാവണ്‍ പതുക്കെ അവിടുന്ന് മാറിനിന്നു. അപ്പോള്‍ മുകേഷും സരിതയും ഒരുമിച്ചായി. പിന്നെ അവരെ ചേര്‍ത്തുപിടിച്ച് ശ്രാവണ്‍ ശരിക്കും മാധ്യമപ്രവര്‍ത്തകര്‍ക്ക് ചിത്രവിരുന്ന് തന്നെ നല്‍കി കൈയടി നേടി.എന്നാല്‍ ഫോട്ടോഷൂട്ട് കഴിഞ്ഞിട്ടും സരിതയും മുകേഷും പരസ്പരം സംസാരിച്ചില്ല. ചടങ്ങിന്റെ അവതാരിക ആവര്‍ത്തിച്ചാവര്‍ത്തിച്ച് ‘നടന്‍ മുകേഷിന്റെ മകന്‍ ശ്രാവണ്‍’ എന്ന് പറഞ്ഞുകൊണ്ടേയിരുന്നു. ഇടക്ക് ആരോ ചെന്നുതിരുത്തിയപ്പോള്‍ ‘നടന്‍ മുകേഷിന്റെയും പ്രിയനടി സരിത ചേച്ചിയുടേയും മകന്‍ ശ്രാവണ്‍’ എന്നാക്കി തിരുത്തിയതും ശ്രദ്ധേയമായി.
മകന്‍ സിനിമയില്‍ അഭിനയിക്കുന്നതിന് എതിരായിരുന്നുവെങ്കിലും അവന് നല്ലൊരു അവസരം തേടിയെത്തിയപ്പോള്‍ അഭിമാനം തോന്നുന്നുവെന്ന് പറഞ്ഞ സരിത മുകേഷിനേയും അമ്മയേയും സഹോദരിമാരേയുമെല്ലാം കണ്ടപ്പോള്‍ അതിയായ സന്തോഷം തോന്നുന്നുവെന്നും പറഞ്ഞു. ഈ വേദിയില്‍ മുകേഷിന്റെ അച്ഛന്‍ ഒ മാധവന്റെ ശൂന്യത തന്നെ വളരെ വേദനിപ്പിക്കുന്നുവെന്നും സരിത പറഞ്ഞു. അതേസമയം മുകേഷ് സരിതയെക്കുറിച്ച് ഒന്നും പറഞ്ഞില്ല. തന്റെ അച്ഛന്‍ ഒ മാധവനേക്കാള്‍ മികച്ച നടനായി ശ്രാവണ്‍ മാറണം എന്നുമാത്രമേ മുകേഷ് പറഞ്ഞുള്ളു.ഈ കാഴ്ചകളെല്ലാം ആസ്വദിച്ചും പ്രോത്സാഹിപ്പിച്ചും വേദിയുടെ പിന്‍ഭാഗത്തായി മാറിയിരിക്കുകയായിരുന്നു മുകേഷിന്റെ ഇപ്പോഴത്തെ ഭാര്യയും നര്‍ത്തകിയുമായ മേതില്‍ ദേവിക. മുകേഷിന്റെ സഹോദരിമാര്‍ക്കും അവരുടെ മക്കള്‍ക്കുമൊപ്പമാണ് ഇരുന്നതെങ്കിലും സരിതയും മുകേഷും ഒന്നിച്ചുനില്‍ക്കുന്ന വേദിയില്‍ കടന്നുകയറി താരമാകാന്‍ അവര്‍ ശ്രമിച്ചില്ലെന്നതാണ് ശ്രദ്ധേയം.
1988ല്‍ വിവാഹിതരായ സരിതയും മുകേഷും 2011ന് ആണ് ബന്ധമൊഴിഞ്ഞത്. അതിനുശേഷം ഇന്നാണ് അവര്‍ വീണ്ടും ഒരേവേദിയില്‍ വീണ്ടുമെത്തുന്നത്. ‘സണ്ണി’ എന്നുവിളിക്കുന്ന ശ്രാവണ്‍ റാസല്‍ ഖൈമയില്‍ ഡോക്ടര്‍ ആണ്. സാള്‍ട്ട് മാംഗോ ട്രീ, എസ്കേപ്പ് ഫ്രം ഉഗാണ്ട എന്നീ സിനിമകള്‍ സംവിധാനം ചെയ്ത രാജേഷ് നായര്‍ ഒരുക്കുന്ന ‘കല്യാണം’ എന്ന സിനിമയിലൂടെയാണ് ശ്രാവണ്‍ തന്റെ അരങ്ങേറ്റം കുറിക്കുന്നത്. ഡബ്ബ്മാഷ് വീഡിയോകളിലൂടെ സോഷ്യല്‍ മീഡിയകളില്‍ താരമായ വര്‍ഷയാണ് നായിക. മുകേഷും ശ്രീനിവാസനും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.