മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരത്തിന് നേരിയ പ്രതീക്ഷ പകര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. പുതിയ ഡാം നിര്‍മിക്കാന്‍ പഠനം നടത്തുന്നതിന് പരിസ്ഥിതി മന്ത്രാലയം കേരളത്തെ അനുവദിച്ചു. ഉപാധികളോടെയാണ് മന്ത്രാലയത്തിലെ ഉന്നതതലസമിതി അണക്കെട്ട് നിര്‍മാണത്തിനുള്ള വിവരശേഖരം നടത്താന്‍ പഠനാനുമതി നല്‍കിയത്.
എന്നാല്‍ കേരളവും തമിഴ്‌നാടും സമവായമുണ്ടാക്കിക്കൊണ്ടുവേണം പുതിയ അണക്കെട്ട് നിര്‍മിക്കാനെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. തമിഴ്‌നാടിന്റെ സമ്മതത്തോടെ മാത്രമേ ഡാം നിര്‍മാണത്തിന് അനുമതി നല്‍കൂ എന്നും പരിസ്ഥിതിമന്ത്രാലയം വ്യക്തമാക്കി. കേരളത്തിന്‍റെ ദീര്‍ഘനാളായുള്ള ആവശ്യമാണ് പുതിയ അണക്കെട്ട്. 53.22 മീറ്റര്‍ ഉയരത്തില്‍ അണക്കെട്ട് നിര്‍മിക്കാനുള്ള സാധ്യതയാണ് കേരളം പരിശോധിക്കുന്നത്. ഉപാധികളോടെയാണ് സമിതി അണക്കെട്ട് നിര്‍മാണത്തിനുള്ള വിവരശേഖരം നടത്താന്‍ പഠനാനുമതി നല്‍കിയിരിക്കുന്നത്.
50 ഹെക്ടര്‍ വനഭൂമിയാണ് അണക്കെട്ട് നിര്‍മാണത്തിന് ആവശ്യമായി വരുന്നത്. നിര്‍മാണ ഘട്ടത്തിലേക്ക് പോയാല്‍ തമിഴ്നാടിന്റെ അനുമതി കൂടി തേടേണ്ടി വരും. ഇത് രണ്ടാം തവണയാണ് സാധ്യത പഠനത്തിന് കേന്ദ്രം അനുമതി നല്‍കുന്നത്. നേരത്തെ മുല്ലപ്പെരിയാര്‍ സാധ്യത പഠനത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത കത്ത് നല്‍കിയതോടെ കേന്ദ്രസര്‍ക്കാര്‍ ആദ്യം നല്‍കിയ അനുമതി റദ്ദാക്കിയിരുന്നു. തുടര്‍ന്നു ഇതേ ആവശ്യം ഉന്നയിച്ചു കേരളം വീണ്ടും കേന്ദ്രത്തെ സമീപിച്ചതോടെയാണ് പുതിയ അനുമതി നല്‍കിയത്.