മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്നാവശ്യത്തിന് പ്രസക്തിയില്ലെന്ന് പിണറായി

1464465537_1464465537_a2905d

ദില്ലി: മുല്ലപ്പെരിയാര്‍ പ്രശ്‌നങ്ങളില്‍ കാലങ്ങളായി ഉയര്‍ന്നുവരുന്ന പുതിയ അണക്കെട്ട് വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ അണക്കെട്ട് വേണമെന്നാവശ്യത്തിന് പ്രസക്തിയില്ലെന്നാണ് പിണറായി വിജയന്‍ വ്യക്തമാക്കിയത്. നിലവിലുള്ള അണക്കെട്ടിനു ബലക്ഷയമില്ലെന്നും വിദഗ്ധസംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയിലായിരുന്നു കേരളത്തിന് ആശങ്ക. അതാണു കേരളം പ്രകടിപ്പിച്ചുകൊണ്ടിരുന്നത്. അണക്കെട്ടില്‍ പരിശോധന നടത്തിയ വിദഗ്ധര്‍ നല്‍കിയ റിപ്പോര്‍ട്ട് സുരക്ഷാകാര്യത്തിലുള്ള കേരളത്തിന്റെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നു വ്യക്തമാക്കുന്നതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ പരിശോധനാ റിപ്പോര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. അതിന്മേല്‍ വീണ്ടുമൊരു പരിശോധന നടത്തണം. അതിനിടെ മുല്ലപ്പെരിയാര്‍ വിഷയം വിവാദമാക്കുന്നതു കൊണ്ടോ വികാരം പ്രകടിപ്പിക്കുന്നതു കൊണ്ടോ കാര്യമില്ല. അതുകൊണ്ടു പ്രത്യേക ഗുണമൊന്നും ലഭിക്കില്ല. മുല്ലപ്പെരിയാറിനെ സംഘര്‍ഷ പ്രശ്നമായി ഉയര്‍ത്തുകയല്ല, പരിഹാരം കാണുകയാണു വേണ്ടത്. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയാണ് അണക്കെട്ട് സുരക്ഷിതമാണെന്ന റിപ്പോര്‍ട്ട് നല്‍കിയത്. ഇത് അവഗണിക്കാനാകില്ല. പുതിയ അണക്കെട്ട് വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയത് അന്നത്തെ സാഹചര്യത്തിലാണ്. സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പുതിയ അണക്കെട്ട് വേണമെങ്കില്‍ ഇപ്പോഴത്തെ അണക്കെട്ട് എന്തുചെയ്യുമെന്നും വാര്‍ത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി ചോദിച്ചു.

അണക്കെട്ടിന്റെ സുരക്ഷയില്‍ ആശങ്കയില്ല എന്നതുകൊണ്ട് ജലനിരപ്പ് ഉയര്‍ത്തണമെന്നു പറയുന്നതിനോട് യോജിക്കാനും കഴിയില്ല. തമിഴ്നാട് സര്‍ക്കാരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. ചര്‍ച്ചയിലൂടെ പരിഹാരം ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.നൂറ്റാണ്ടു പഴക്കമുള്ള അണക്കെട്ട് സുരക്ഷിതമല്ലെന്നും പുതിയതു നിര്‍മിക്കണമെന്നുമുള്ള നിലപാടാണ് കേരളം വര്‍ഷങ്ങളായി സ്വീകരിച്ചുപോരുന്നത്. പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന് 2011 ഡിസംബര്‍ ഒമ്പതിനു നിയമസഭ ഏകകണ്ഠമായ പ്രമേയം പാസാക്കിയിരുന്നു. ഇടുക്കി, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ 30 ലക്ഷത്തോളം പേരുടെ സുരക്ഷയാണു പ്രശ്നമെന്നും പുതിയ അണക്കെട്ട് നിര്‍മിച്ചാലും തമിഴ്നാടിനു നല്‍കുന്ന വെള്ളത്തിന്റെ അളവില്‍ കുറവ് വരുത്തില്ലെന്നും അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ച പ്രമേയത്തില്‍ വ്യക്തമാക്കിയിരുന്നു.

അതിനു ശേഷവും സുപ്രീം കോടതിയുടെ തീരുമാനം കേരളത്തിന് എതിരായിരുന്നു. തുടര്‍ന്ന് ഭരണഘടനയുടെ 143-ാം വകുപ്പ് പ്രകാരം ഇക്കാര്യത്തില്‍ രാഷ്ട്രപതിയുടെ ഇടപെടല്‍ അഭ്യര്‍ഥിച്ച് 2014 ജൂണ്‍ ഒമ്പതിനു നിയമസഭ മറ്റൊരു പ്രമേയം പാസാക്കി. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ച പ്രമേയത്തിന് അനുകൂലമായി പ്രതിപക്ഷനേതാവായിരുന്ന വി.എസ്. അച്യുതാനന്ദനാണു ചര്‍ച്ച തുടങ്ങിവച്ചത്. കാലങ്ങളായി സ്വീകരിച്ചുപോന്ന ഈ നിലപാടിലാണ് പുതിയ മുഖ്യമന്ത്രി പിണറായി വിജയന്‍ മാറ്റം വരുത്തിയിരിക്കുന്നത്.

Top