മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം കീഴടങ്ങുന്നു; ഇനി നിയമ യുദ്ധമില്ല; തമിഴ്‌നാടുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍

കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പതിറ്റാണ്ടുകള്‍ നീണ്ട നിയമയുദ്ധം കേരളം അവസാനിപ്പിക്കുന്നു. കോടതിവിധികള്‍ മുഴുവന്‍ തമിഴ്‌നാടിനനുകൂലമായി മാറുന്നതും. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാതിരിക്കുകയും ചെയ്തതോടെയാണ് നിയമയുദ്ധം നിര്‍ത്തി അനുരഞ്ജന ചര്‍ച്ചയിലേക്ക് നീങ്ങുന്നത്.

നിയമ പോരാട്ടങ്ങള്‍ക്കായി കേരളം ഇതുവരെ കോടികളാണ് ചിലവഴിച്ചിട്ടുള്ളതെങ്കിലും കാര്യമായ ഗുണങ്ങളൊന്നും ഉണ്ടാക്കിയട്ടില്ലെന്നതും മാറി ചിന്തിക്കാന്‍ കേരളത്തെ പ്രേരിപ്പിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ കൂടി തമിഴ്നാടിന് വേണ്ടി രംഗത്തുണ്ടാകും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സംസ്ഥാനം അനുരജ്ഞന പാതയിലേക്ക് നീങ്ങുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേന്ദ്ര സര്‍ക്കാരിനോടും തമിഴ്നാടിനോടും മൃദുസമീപനം മതിയെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. മുല്ലപ്പെരിയാറില്‍ പരിസ്ഥിതി ആഘാത പഠനത്തിന് അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കേസ് കൊടുക്കാനുള്ള നീക്കം അതുകൊണ്ട് തന്നെ സംസ്ഥാനം ഉപേക്ഷിച്ചു കഴിഞ്ഞു. കേസിനു പകരം തമിഴ്നാടുമായി അനുരഞ്ജന ചര്‍ച്ച നടത്തി പ്രശ്നം പരിഹരിച്ചാല്‍ മതിയെന്നു മുല്ലപ്പെരിയാര്‍ സെല്ലിനു സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

മുല്ലപ്പെരിയാറില്‍ കേരളം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ അണക്കെട്ടിന്റെ പരിസ്ഥിതി ആഘാത പഠനത്തിനു നല്‍കിയിരുന്ന അനുമതി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം പിന്‍വലിച്ചിരുന്നു. തമിഴ്നാടിന്റെ സമ്മര്‍ദഫലമായാണ് ഇതെന്ന് ആക്ഷേപം ഉയരുകയും ചെയ്തു. വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കണമെന്ന് ഉദ്യോഗസ്ഥതലത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു.

മുല്ലപ്പെരിയാര്‍ കേസിലെ സുപ്രീം കോടതി വിധിയെ പരാമര്‍ശിച്ചാണ് വനം, പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതി ആഘാതപഠനത്തിനുള്ള അനുമതി നിഷേധിച്ചതെങ്കിലും നിയമപരമായി ഈ നടപടി നിലനില്‍ക്കില്ലെന്നാണു ജലവിഭവ വകുപ്പിനു ലഭിച്ച നിയമോപദേശം. ഈ സാഹചര്യത്തില്‍ കേസ് നടത്താന്‍ അനുമതിക്കായി ഫയല്‍ സര്‍ക്കാരില്‍ എത്തി. ഇതോടെ, മുഖ്യമന്ത്രിയുടെ നേരിട്ടു നിയന്ത്രണത്തിലുള്ള അന്തര്‍സംസ്ഥാന നദീജല വകുപ്പ് നിലപാടു മാറ്റുകയായിരുന്നു.

ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരുമായി തര്‍ക്കത്തിനു പോകേണ്ടെന്നു നിര്‍ദ്ദേശം നല്‍കിയ സര്‍ക്കാര്‍, നിയമപരമായ നീക്കത്തിന് അനുമതി നിഷേധിച്ചു. പുതിയ അണക്കെട്ടു നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തമിഴ്നാടുമായി ചര്‍ച്ച നടത്തി സമവായം കണ്ടെത്തണമെന്നാണു പുതിയ നിലപാട്. എന്നാല്‍, അനുകൂല സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേരളവുമായി ചര്‍ച്ചകള്‍ക്കൊന്നും തമിഴ്നാട് താല്‍പര്യം പ്രകടിപ്പിക്കാത്ത സാഹചര്യമാണുള്ളത്.

Top