കോഴിക്കോട്: മുല്ലപ്പെരിയാര്‍ അണക്കെട്ട് അപകടാവസ്ഥയിലാണെന്ന് പിജെ ജോസഫ് പറഞ്ഞത് സ്വിസ് കമ്പനിയുമായി ഉണ്ടാക്കിയ ധാരണയുടെ പുറത്താണെന്ന് പിസി ജോര്‍ജ്. 1000 കോടിയുടെ പുതിയ ഡാം പണിയാന്‍ സ്വിസ് കമ്പനിയുമായി ധാരണയാക്കിയിട്ടാണ് മുല്ലപ്പെരിയാര്‍ പൊട്ടുമെന്ന് അന്നത്തെ മന്ത്രി പി.ജെ. ജോസഫ് പ്രചരിപ്പിച്ചതെന്നാണ് പിസി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍.
ജോസഫ് സ്വിറ്റ്‌സര്‍ലന്‍ഡിലെത്തിയാണ് കമ്പനിയുമായി സംസാരിച്ചത്. പദ്ധതിയിലൂടെ പണം തട്ടാനുള്ള ശ്രമമായിരുന്നു. പുതിയ ഡാമിന്റെ പേരില്‍ തമിഴ്‌നാട്ടിലെയും കേരളത്തിലെയും ജനങ്ങളുടെ ഇടയില്‍ ശത്രുതയുണ്ടാക്കി. എന്നാല്‍ ഡാം ഇതുവരെ പൊട്ടിയിട്ടില്ല, ഇതെക്കുറിച്ച് ജോസഫ് ഇപ്പോള്‍ ഒന്നും മിണ്ടുന്നില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു. സ്വതന്ത്ര ബസ് തൊഴിലാളി യൂണിയന്‍ കണ്‍വന്‍ഷനും സമരപ്രഖ്യാപനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി ജയിക്കുമെന്ന് നാട്ടിലുള്ള ആര്‍ക്കും അറിയാമെന്നിരിക്കെ തിരഞ്ഞെടുപ്പു ഫലം സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നു കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് പിണറായി വിജയനുള്ള കൂര്‍ത്ത പാരയാണ്. അടുത്ത ആറുമാസത്തിനുള്ളില്‍ അഴിമതിക്കും സ്വേച്ഛാധിപത്യത്തിനുമെതിരായി വലിയ പോരാട്ടം കേരളത്തില്‍ നടക്കും. പഞ്ചായത്തു മുതല്‍ നിയമസഭ വരെ നീളുന്ന പോരാട്ടത്തില്‍ ഒരുമിക്കാന്‍ ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളുമായുള്ള ചര്‍ച്ച കോഴിക്കോട്ടുനിന്ന് ആരംഭിച്ചതായും പി.സി. ജോര്‍ജ് പറഞ്ഞു.