കൊച്ചി:മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 138 അടിയിലേക്ക് നീങ്ങുന്നു. 137.55 അടിയാണ് നിലവിലെ ജലനിരപ്പ്. ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളിൽ വൈകിട്ടോടെ മഴ ശക്തമായി. ഒരു സെക്കൻഡിൽ ഡാമിലേക്ക് ഒഴുകി എത്തുന്ന ശരാശരി വെള്ളം 3450 ഘനയടി വെള്ളമാണ്. കൂടുതൽ വെള്ളം കൊണ്ടു പോകണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്‍റെ അളവ് വർധിപ്പിച്ചിട്ടില്ല. 138 അടിയിൽ എത്തിയാൽ തമിഴ്‌നാട് കേരളത്തിന് രണ്ടാം മുന്നറിയിപ്പ് നൽകും. ഡാമിലെ ജലനിരപ്പ് 136 അടി പിന്നിട്ടപ്പോൾ ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നു.
മുല്ലപ്പെരിയാറിലെ സ്ഥിതി ചർച്ചചെയ്യാൻ ഇന്ന് അടിയന്തര ഉന്നതതല യോഗം ചേരും. മേൽനോട്ട സമിതിയെ കാര്യങ്ങൾ ധരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്നതിനുള്ള വിശദ പദ്ധതി റിപ്പോർട്ട് കേരളം തയാറാക്കിവരികയാണ്. 1500 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. പുതിയ ഡി പി ആർ ഡിസംബറിൽ സർക്കാരിന്റേയും കേന്ദ്ര ജല കമ്മിഷന്റേയും പരിഗണനക്ക് സമർപ്പിക്കും. മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ നിലവിൽ ആശങ്ക വേണ്ടെന്നാണ് സംസ്ഥാന സർക്കാർ നിലപാട്.
ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ രാത്രി ശക്തമായ മഴയായിരുന്നു. ഇന്നും സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷക കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലേർട്ട്. തുലാവർഷത്തോട് അനുബന്ധിച്ചാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. മലയോര മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ ജാഗ്രത തുടരണം. കേരളാ തീരത്ത് നിലവിൽ മത്സ്യബന്ധനത്തിന് തടസമില്ല. അതേസമയം തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്ന് ചക്രവാതച്ചുഴി രൂപപ്പെട്ടേക്കും. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമായി മാറാനും സാധ്യതയുണ്ട്. നാളെ 11 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്നും മഴ തുടരും. 12 ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. കണ്ണൂർ ,കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിലുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. കാലാവർഷം പൂർണമായും പിൻവാങ്ങി തുലാവർഷത്തിലേക്ക് കടന്നതോടെ ഉച്ചക്ക് ശേഷമായിരിക്കും മഴ ശക്തമാകുക.