തടി കുറയ്ക്കാന്‍ കഠിന പ്രയത്‌നം ചെയ്യുന്നവര്‍ എയ്ഞ്ചല ക്രിക്ക്മോര്‍ എന്ന 38-കാരിയുടെ കഥകൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. മാസങ്ങളോളം അധ്വാനിച്ച് തടി കുറച്ച ഏയ്ഞ്ചലയ്ക്ക് ലഭിച്ചത് നല്ല ഫലമല്ല.
തടിച്ചിയെയാണ് ഇഷ്ടപ്പെട്ടിരുന്നതെന്ന് പറഞ്ഞ് ഭര്‍ത്താവ് ഏയ്ഞ്ചലയെ ഉപേക്ഷിച്ചു. ഒമ്പത് വര്‍ഷം നീണ്ട ദാമ്പത്യം പിരിയേണ്ടിവന്നെങ്കിലും എയ്ഞ്ചല നിരാശയായില്ല. പേഴ്സണല്‍ ട്രെയ്നറായി മറ്റുള്ളവരെ പരിശീലിപ്പിക്കാന്‍ തുടങ്ങിയ അവര്‍, വര്‍ക്കൗട്ട് ചെയ്യാനെത്തിയ ഒരാളെ പ്രണയിച്ച് വീണ്ടും വിവാഹത്തിനൊരുങ്ങുകയാണ്.
നോട്ടിങ്ങാമില്‍നിന്നുള്ള എയ്ഞ്ചല തടികുറയ്ക്കാന്‍ കഠിനാധ്വാനമാണ് നടത്തിയത്. മെലിഞ്ഞ് കൂടുതല്‍ സുന്ദരിയാകുംതോറും എയ്ഞ്ചലയുടെ ദാമ്പത്യം കൂടുതല്‍ അകലുകയായിരുന്നു. ഭാര്യയുടെ പുതിയ രൂപം അംഗീകരിക്കാനാകാതെ, ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചുപോവുകയായിരുന്നു. 82 കിലോയിലേറെയായിരുന്നു ഒരിക്കല്‍ എയ്ഞ്ചലയുടെ ശരീരഭാരം. വര്‍ക്കൗട്ടിലൂടെയും ഡയറ്റിങ്ങിലൂടെയും 51 കിലോയോളം കുറച്ച് സ്ലിം ബ്യൂട്ടിയായപ്പോഴാണ് ഭര്‍ത്താവിന് എയ്ഞ്ചലയുടെ രൂപം ഇഷ്ടപ്പെടാതെവന്നത്.
നിരാശയിലേക്ക് വഴുതി വീഴുന്നതിനിടെയാണ്, ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട മാര്‍ക്ക് റോജേഴ്സ് വിവാഹാഭ്യര്‍ഥന നടത്തിയത്. വര്‍ക്കൗട്ട് ട്രെയ്നറെന്ന നിലയിലുള്ള പരിചയത്തിനിടെ, മാര്‍ക്ക് വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നു. അമേരിക്കയിലെ ടെനറിഫിലായിരുന്ന മാര്‍ക്ക് ബ്രി്ട്ടനിലെത്തി ഒരാഴ്ചയ്ക്കം ഇരുവരും ഒരുമിച്ച് താമസം തുടങ്ങുകയും ചെയ്തു. പ്രണയവും ഒരുമിച്ച് താമസവും തുടങ്ങിയതോടെ, തന്റെ ഫിറ്റ്നെസ് പഴയതുപോലെ നിലനിര്‍ത്താനാകുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ എയ്ഞ്ചല.
ഫിറ്റ്നെസ് നിലനിര്‍ത്തണമെങ്കില്‍ തനിച്ചുള്ള ജീവിതമാണ് എല്ലായ്പ്പോഴും നല്ലതെന്ന് അവര്‍ പറയുന്നു. എന്നാല്‍, എയ്ഞ്ചലയുടെ നിര്‍ബന്ധപ്രകാരം വര്‍ക്കൗട്ട് ചെയ്തുതുടങ്ങിയ മാര്‍ക്ക് ഇപ്പോള്‍ ഫിറ്റ്നെസ് ഭ്രമത്തിലാണെന്നും തന്റെ ജീവിതശൈലി അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറയുന്നു. പരിശീലനം തുടങ്ങിയശേഷം മാര്‍ക്കിനും ഇപ്പോള്‍ തടി കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. ആറരക്കിലോയോളം മാര്‍ക്കിന്റെ ശരീരഭാരം കുറഞ്ഞു.
വര്‍ക്കൗട്ടിന്റെ വിശദാംശങ്ങളും തന്റെ ആകര്‍ഷകമായ ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന എയ്ഞ്ചലയ്ക്ക് ഇപ്പോള്‍ ഒന്നരലക്ഷത്തിലേറെ ഫോളോവേഴ്സുണ്ട്. ഇവര്‍ക്കുവേണ്ട വര്‍ക്കൗട്ട് നിര്‍ദേശങ്ങളും അവര്‍ നല്‍കുന്നു. അഞ്ചുവര്‍ഷമായി തുടരുന്ന തന്റെ ഫിറ്റ്നെസ് യാത്രയുടെ കഥയാണ് അധികം പേര്‍ക്കും അറിയേണ്ടതെന്ന് എയ്ഞ്ചല പറയുന്നു.