യെ ഹേന്‍ മൊഹബത്തേന്‍ എന്ന സീരിയലിലെ സിമ്മിയിലൂടെ പ്രേഷകരുടെ മനംകവര്‍ന്ന താരമാണ് ഷിറീന്‍ മിര്‍സ. തനിക്ക് മുംബൈയില്‍ നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. താന്‍ ഒരു മുസ്ലാമായതിനാല്‍ മുംബൈയില്‍ താമസിക്കാന്‍ വീട് ലഭിക്കുന്നില്ലെന്ന് ഷിറീന്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് വ്യക്തമാക്കിയത്. താന്‍ കുറച്ച് മാസങ്ങളായി വീട് അന്വേഷിക്കുകയായിരുന്നുവെന്നും എന്നാല്‍ താന്‍ മുസ്ലീമായതു കൊണ്ടും വിവാഹം കഴിഞ്ഞിട്ടില്ലായെന്നത് കൊണ്ടും ഒരു നടിയായത് കൊണ്ടും ആരും തനിക്ക് വീട് നല്‍കുന്നില്ലെന്നാണ് ഷിറീന്‍ പറയുന്നത്. ‘ഞാന്‍ പൊതുവെ ഇത്തരം കാര്യങ്ങളില്‍ നിന്നെല്ലാം അകന്നു നില്‍ക്കുന്ന ആളാണ്. പക്ഷെ കഴിഞ്ഞ ദിവസം എന്റെ ഈ അനുഭവം എല്ലാവരോടും പറയണമെന്ന് തീരുമാനിക്കുകയായിരുന്നു. ഞാന്‍ മുസ്ലീമായതിനാല്‍ വീട് നല്‍കാതിരുന്ന ചിലരുടെ പ്രവൃത്തി എന്നെ വല്ലാതെ വിഷമിപ്പിച്ചു. ഒരു അവിവാഹിത അവരുടെ സൊസൈറ്റിയില്‍ വേണ്ടായെന്ന ചിന്താഗതിയുമുള്ളവരുമുണ്ടായിരുന്നു. മറ്റ് ചിലര്‍ പറഞ്ഞ കാരണം ഞാനൊരു നടിയാണ്, അവിവാഹിതയാണ് അതിനുമുപരി ഞാനൊരു മുസ്ലീമാണെന്നുമായിരുന്നു’- ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ഷിറീന്‍ പറയുന്നു. തനിക്ക് മുംബൈയില്‍ വീട് ലഭിക്കാന്‍ അര്‍ഹതയില്ല, കാരണം താനൊരു മുസ്ലീമായ അവിവാഹിതയായ നടിയാണ് എന്ന് പറഞ്ഞു കൊണ്ടാണ് താരത്തിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. ‘അതെ ഞാനൊരു നടിയാണ്, ഞാന്‍ മദ്യപിക്കുകയോ പുക വലിക്കുകയോ ചെയ്യാറില്ല. ക്രിമിനല്‍ പശ്ചാത്തലവുമില്ല. പിന്നെ എന്റെ പ്രൊഫഷന്റെ അടിസ്ഥാനത്തിലാണോ മറ്റുള്ളവര്‍ എന്റെ സ്വഭാവം അളക്കുന്നത്. വീടിനായി വിളിക്കുമ്പോള്‍ എന്റെ മതമെന്താണെന്നാണ് ആദ്യമറിയേണ്ടത്. അവിവാഹിതയായതിനാല്‍ പല ഇടനിലക്കാരും വന്‍ തുക ഈടാക്കുന്നുണ്ട്. ആളുകളുടെ ചോരയില്‍ എന്ത് വ്യത്യാസമാണുള്ളത്. മുംബൈ പോലൊരു കോസ്‌മോപൊളിറ്റന്‍ സിറ്റിയില്‍ നിന്ന് ഇത്തരം അനുഭവം നേരിടേണ്ടി വന്നത് തന്നെ ഞെട്ടിച്ചുവെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
മുസ്ലീമും നടിയുമായതിനാല്‍ തനിക്ക് മുംബൈയില്‍ വീട് ലഭിക്കുന്നില്ലെന്ന് സീരിയല്‍ താരം
Tags: Girl In Mumbai