മൂന്നാര്‍: പാപ്പാത്തിച്ചോലയില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ജെസിബി കുരിശു പൊളിഞ്ഞുകളഞ്ഞ സ്ഥലത്ത് വീണ്ടും കുരിശു സ്ഥാപിച്ചു. മരക്കുരിശാണു ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്നത്. അതേസമയം പുതിയ കുരിശ് സ്ഥാപിച്ചതുമായി തങ്ങള്‍ക്കു ബന്ധമില്ലെന്നാണ് ആത്മീയ പ്രസ്ഥാനമായ സ്പിരിറ്റ് ഇന്‍ ജീസസ് അറിയിച്ചത്.
സ്‌പിരിറ്റ് ഇന്‍ ജീസസ് പ്രാര്‍ഥനാ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള താല്‍ക്കാലിക ആരാധനാലയവും കോണ്‍ക്രീറ്റ് തറയില്‍ സ്ഥാപിച്ചിരുന്ന കുരിശും റവന്യു അധികൃതര്‍ വ്യാഴാഴ്ച പൊളിച്ചുമാറ്റിയിരുന്നു. ഒരു ടണ്‍ ഭാരമുള്ള ഇരുമ്പു കുരിശാണ് പൊളിച്ചുമാറ്റിയത്. തൃശൂര്‍ ആസ്ഥാനമായുള്ള പ്രാര്‍ഥനാ സംഘമാണു സ്പിരിറ്റ് ഇന്‍ ജീസസ്. കുരിശു പൊളിച്ചതിനെതിരെ മുഖ്യമന്ത്രിയില്‍നിന്നടക്കം വലിയ വിമര്‍ശനങ്ങളാണ് റവന്യൂസംഘം നേരിട്ടത്.
കലക്ടര്‍ ചിന്നക്കനാല്‍ വില്ലേജില്‍ ബുധനാഴ്ച അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചശേഷമായിരുന്നു നടപടി. ഇന്നലെ പുലര്‍ച്ചെ നാലരയ്ക്കു 40 അംഗ റവന്യു സംഘവും പൊലീസ്, ഭൂസംരക്ഷണസേന, അഗ്നിശമനസേന, ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥരും ദേവികുളത്തുനിന്നാണു പുറപ്പെട്ടത്. ഉദ്യോഗസ്‌ഥരുടെ വാഹനങ്ങള്‍ തടയാന്‍ വഴിയില്‍ വാന്‍ നിര്‍ത്തിയിട്ടും കുഴികള്‍ ഉണ്ടാക്കിയും തടസ്സം സൃഷ്ടിച്ചിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇവ മാറ്റിയാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.റവന്യൂ ഉദ്യോഗസ്ഥര്‍ പൊളിച്ചുമാറ്റിയ അതേ സ്ഥാനത്തുതന്നെയാണ് അഞ്ചടി ഉയരത്തിലുള്ള മരക്കുരിശ് സ്ഥാപിച്ചിരിക്കുന്നത്.
വിവിധ ക്രിസ്തീയ സഭകള്‍ ഇന്നലെ കയ്യേറ്റ സ്ഥലത്തെ കുരിശ് നീക്കം ചെയ്ത നടപടിയെ സ്വാഗതം ചെയ്തുവെങ്കിലും പൊളിച്ച് നീക്കിയ രീതിയില്‍ പലരും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയാണ് ഇന്നലെ പൊളിച്ച കുരിശ് സ്ഥാപിച്ചത്.
തൃശൂര്‍ ജില്ലയിലെ കുരിയച്ചിറ ആസ്ഥാനമാക്കിയാണ് സ്പിരിറ്റ് ഇന്‍ ജീസസ് മിനിസ്ട്രി എന്ന സംഘടന പ്രവര്‍ത്തിക്കുന്നത്. 24 വര്‍ഷം മുന്‍പ് തനിക്ക് യേശുവിന്റെ വെളിപാട് ഉണ്ടായി എന്നാണ് സംഘടനാ അധ്യക്ഷന്‍ അവകാശപ്പെടുന്നത്. മരിച്ചവരുടെ ആത്മാക്കളെ തിരികെ ഭൂമിയിലേക്ക് എത്തിച്ച് അവരുടെ പാപങ്ങള്‍ മോചിപ്പിച്ച് കൊടുക്കുമെന്ന അവകാശവാദവും ജീസസ് ഇന്‍ സ്പിരിറ്റ് ഉന്നയിക്കുന്നു. അതേസമയം മറ്റ് മുഖ്യധാരാ ക്രിസ്തീയ സഭകളൊന്നും ഇവരെ അംഗീകരിക്കുന്നില്ല.
വ്യക്തി കേന്ദ്രീകൃത സഭയായതിനാലാണ് ഇത്. ഇവരോട് സഹകരിക്കുന്നതിന് കത്തോലിക്കാ സഭയിലുള്ളവര്‍ക്ക് വിലക്കുണ്ട്. ഇവര്‍ സാത്താന്‍ ആരാധകരാണെന്നും മറ്റ് സഭകള്‍ പഠിപ്പിക്കുന്നു. പാപ്പാത്തിച്ചോലയില്‍ സ്ഥിതി ചെയ്യുന്നത് അത്ഭുത സിദ്ധിയുള്ള കുരിശാണെന്നും ഇതിനും ചുറ്റും സൂര്യന്‍ നൃത്തം ചെയ്യാറുണ്ടെന്നും സ്പിരിറ്റ് ഇന്‍ ജീസസ് അവകാശപ്പെട്ടിരുന്നു. അതേസമയം പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചതിന് ടോം സ്‌കറിയയ്ക്കെതിരെ പൊലീസ് കേസെടുത്തു. ശാന്തന്‍പാറ പൊലീസാണ് കേസെടുത്തിരിക്കുന്നത്. റവന്യൂ സംഘത്തെ തടഞ്ഞ സംഭവത്തില്‍ മണ്ണുത്തി സ്വദേശിയായ പൊറിഞ്ചുവിനെതിരെയും പൊലീസ് കേസെടുത്തു. ഇവര്‍ രണ്ട് പേരും ഒളിവില്‍ പോയിരിക്കുകയാണ്.
എന്താണ് സ്പിരിറ്റ് ഇന്‍ ജീസസ് ?
മരിച്ചവരുടെ ആത്മാക്കളെ തിരികെ ഭൂമിയിലേക്ക് എത്തിച്ച് അവരുടെ പാപങ്ങള്‍ മോചിപ്പിച്ച് കൊടുക്കുമെന്ന അവകാശവാദം സ്‌പിരിറ്റ് ഇന്‍ ജീസസ് സംഘത്തിനുള്ളതായി പ്രചരണം ഉന്ട്.
മൂന്നാറിലെ കൈയേറ്റ പോലെ തന്നെ വിവാദമാകുകയാണ് പാപ്പാത്തിച്ചോലയിലെ കുരിശും സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയും. കൈയേറ്റ ഭൂമിയിലെ കുരിശ് നീക്കം ചെയ്തതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിക്കഴിഞ്ഞു. ഒപ്പം സ്പിരിറ്റ് ഇന്‍ ജീസസിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാകുന്നു. എന്താണ് സ്പിരിറ്റ് ഇന്‍ ജീസസ്? അറിയേണ്ടതെല്ലാം..
1. തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രാര്‍ത്ഥനാ സംഘമാണ് സ്പിരിറ്റ് ഇന്‍ ജീസസ്
2. ടോം സ്ക്കറിയയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ പരമ്പാരഗത ക്രിസ്തീയ വിശ്വാസങ്ങള്‍ക്ക് എതിരാണെന്ന് ആരോപണമുണ്ട്.
3.മരിച്ചുപോയ ആത്മാക്കളോട് സുവിശേഷം പ്രസംഗിച്ച് അവരെ മാനസാന്തരപ്പെടുത്തുകയാണ് സ്പിരിറ്റ് ഇന്‍ ജീസസിന്റെ ലക്ഷ്യം
4. നിലവില്‍ ക്രിസ്തീയ സഭയില്‍ യോഗ്യരായവര്‍ ഇല്ലെന്നും അതിനാലാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ദൈവം തങ്ങളെ നിയോഗിച്ചതെന്നും സംഘം അവകാശപ്പെടുന്നു.
5. മുഖപത്രമായ ഇതാ നിന്റെ അമ്മ എന്ന മാസികയിലൂടെയും ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഫെയ്സ്ബുക്ക് പേജിലൂടെയും സജീവമായാണ് സംഘം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
6. ക്രിസ്തീയ വിശ്വാസങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നെന്ന ആരോപണത്തെ തുടര്‍ന്ന് കേരള കത്തോലിക് സഭ കഴിഞ്ഞ വര്‍ഷം സ്പിരിറ്റ് ഇന്‍ ജിസസിനെ നിരോധിച്ചിരുന്നു.
7. കഴിഞ്ഞ ദിവസം പൊളിച്ചു നീക്കിയ കുരിശ് തങ്ങളുടെ ഭൂമിയിലുള്ളതല്ലെന്നാണ് സ്പിരിറ്റ് ഇന്‍ ജീസസ് സംഘത്തിന്റെ അവകാശവാദം . ആ കുരിശ് തങ്ങള്‍ സ്ഥാപിച്ചതല്ലെന്നും, പാപ്പാത്തിച്ചോലയിലെ ഒരിഞ്ചു ഭൂമി പോലും തങ്ങള്‍ കയ്യേറിയിട്ടില്ലെന്നുമാണ് സ്പിരിറ്റ് ഇന്‍ ജീസസ് അവരുടെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
8. പാപ്പാത്തിക്കരയില്‍ താമസിക്കുന്ന മരിയന്‍ സൂസേ എന്നയാളുടെ കൈവശമാണ് കുരിശ് സ്ഥിതി ചെയ്യുന്ന ഭൂമിയെന്നും, അത് സ്പിരിറ്റ് ഇന്‍ ജീസസിന്റെ ഭൂമിയല്ലെന്നുമാണ് സംഘടന പറയുന്നത്.
9. പാപ്പാത്തിച്ചോലയില്‍ സ്ഥിതി ചെയ്യുന്നത് അത്ഭുത സിദ്ധിയുള്ള കുരിശാണെന്നും ഇതിനും ചുറ്റും സൂര്യന്‍ നൃത്തം ചെയ്യാറുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു.
10. സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈയേറിയതിന് സംഘത്തിന്റെ തലവന്‍ ടോം സ്ക്കറിയക്കും സഹായി പൊറിഞ്ചുവിനുമെതിരെ കേസെടുത്തിട്ടുണ്ട്.