മൂന്നാര്‍: ഇടുക്കിയിലെ സൂര്യനെല്ലി പാപ്പാത്തിച്ചോലയില്‍ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടി തുടങ്ങി. ദേവികുളം തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി നടപടിക്ക് തുടക്കം കുറിച്ചു. പാപ്പാത്തിച്ചോലയില്‍ കുരിശ് സ്ഥാപിച്ച ഭൂമിയാണ് ഒഴിപ്പിക്കുന്നത്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വനിതാ പൊലീസടക്കം വന്‍ പൊലീസ് സംഘവും സ്ഥലത്ത് കാമ്പ് ചെയ്യുന്നുണ്ട്. എക്‌സ്‌കവേറ്ററും ട്രാക്ടറും ഉള്‍പ്പെടെ സകല സന്നാഹങ്ങളോടും കൂടിയാണ് ദൗത്യസംഘം കൈയേറ്റ ഭൂമിയിലെത്തിയത്. കൃത്യമായ വഴിയില്ലാത്തതിനാല്‍ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് വഴിവെട്ടിയാണ് സംഘം സ്ഥലത്തെത്തിച്ചേര്‍ന്നത്. വഴിമധ്യേ ചിലര്‍ സംഘത്തെ തടയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. ഇതേ തുടര്‍ന്ന് സ്ഥലത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. എല്ല തടസ്സവും മാറ്റി കുരിശ് പൊളിച്ച് നീക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതിനിടെ സര്‍ക്കാര്‍ ജീവനക്കാര്‍ മൂന്നാറില്‍ ഭൂമി കൈയേറിട്ടുണ്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ ചുമതലപ്പെടുത്തി. മൂന്നാറിലും ദേവികുളത്തും ഭൂമി കൈയേറിയവരില്‍ അന്യജില്ലക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമുണ്ടെന്നാണ് ആരോപണം. സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകളുടെ ഉപയോഗത്തെ കുറിച്ചും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മൂന്നാം തവണയാണ് കൈയേറ്റം ഒഴിപ്പിക്കാനായി ദൗത്യസംഘം പാപ്പാത്തിച്ചോലയില്‍ എത്തുന്നത്.
മൂന്നാര്‍ കൈയേറ്റ വിഷയത്തില്‍ റവന്യൂമന്ത്രി നയം പ്രഖ്യാപിച്ചതോടെയാണ് ദേവികുളം താലൂക്കിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന് പച്ചക്കൊടി സര്‍ക്കാരില്‍ നിന്ന് ലഭിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മൂന്നാറിലെ ചില പ്രധാന കൈയേറ്റങ്ങള്‍ പൊലീസ് സന്നാഹത്തോടെ ഒഴിപ്പിക്കാനുള്ള നടപടികള്‍ റവന്യു സംഘം തുടങ്ങുകയായിരുന്നു. കൈയേറ്റം ഒഴിപ്പിക്കുന്നതിനെക്കുറിച്ചുള്ള മുന്‍കൂര്‍ വാര്‍ത്തകള്‍ മാധ്യമങ്ങളിലും നാട്ടുകാരിലും എത്തുന്നത് അതീവ ഗൗരവത്തോടെയാണ് ജില്ലാ ഭരണകൂടവും റവന്യു ഉദ്യോഗസ്ഥരും കാണുന്നത്. അതിനാല്‍ മുന്നറിയിപ്പില്ലാതെ ‘മിന്നല്‍ ഒഴിപ്പിക്കല്‍’ നടത്താനായിരുന്നു തീരുമാനം. ഇതിനായി വന്‍ പൊലീസ് സന്നാഹവും പരിചയ സമ്പന്നരായ ഭൂസംരക്ഷണ സേനാംഗങ്ങളുടെ സഹായവും റവന്യൂവകുപ്പ് ആവശ്യപ്പെട്ടിരുന്നു. ജില്ലാ പൊലീസ് മേധാവി അത് അനുവദിച്ചു. ഏപ്രില്‍ 12ന് കൈയേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂസംഘത്തിന് നേരേ ആക്രമണം ഉണ്ടായിരുന്നു. ഇരുന്നോറാളം പൊലീസുകാരുടെ പിന്തുണയോടെയാണ് കുരിശ് കൃഷി ഒഴിപ്പിക്കാന്‍ ദേവികുളം സബ് കളക്ടര്‍ ഇത്ത് പുലര്‍ച്ചെ എത്തിയത്.
ദേവികുളം തഹസില്‍ദാറുടെ നേതൃത്വത്തിലാണ് നടപടി. സ്ഥലത്തേക്ക് പോകുന്നവഴിയില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പ്രദേശവാസികള്‍ വഴിതടഞ്ഞു. ഇങ്ങനെ വഴിതടസപ്പെടുത്തിയ വാഹനങ്ങള്‍ ജെസിബി ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ മാറ്റി. അതിന് ശേഷമാണ് കുരിശ് പൊളിച്ച് മാറ്റാന്‍ ശ്രമം തുടങ്ങിയത്. ചിന്നക്കനാല്‍ ഭാഗത്തെ 34/1 എന്ന സര്‍വെ നമ്പരിലുള്ള സ്ഥലമാണിത്. ഇവിടെ നിലവില്‍ സര്‍ക്കാര്‍ ആര്‍ക്കും ഭൂമി പതിച്ചു നല്‍കിയിട്ടില്ല. ഇവിടെയാണ് വലിയ ഇരുമ്പ് ഗര്‍ഡറില്‍ കോണ്‍ക്രീറ്റിലുറപ്പിച്ച കൂറ്റന്‍ കുരിശ് സ്ഥാപിച്ചത്. ഇതിനു ചുറ്റുമുള്ള ഏക്കര്‍ കണക്കിന് സ്ഥലവും കൈയേറ്റക്കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ഇവിടെ ഒരു കെട്ടിടവും നിര്‍മ്മിച്ചിട്ടുണ്ട്. പ്രാര്‍ത്ഥനാലയം എന്ന പേരിലാണ് ഇത് സ്പിരിറ്റ് ഇന്‍ ജീസസിന്റെ ഈ കൈയേറ്റവും ഒഴിപ്പിക്കും.
കുരിശ് സ്ഥാപിച്ചുള്ള കൈയേറ്റം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഉടുമ്പന്‍ചോല അഡീഷണല്‍ തഹസില്‍ദാര്‍ ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നേത്തെ കൈമാറിയിരുന്നു. തുടര്‍ന്ന് കുരിശ് പൊളിച്ചുമാറ്റി സ്ഥലം ഒഴിപ്പിക്കാന്‍ സബ് കളക്ടര്‍ ഉത്തരവിട്ടു. ഇതിനായി അഡീഷണല്‍ തഹസില്‍ദാരും സംഘവും സ്ഥലത്തെത്തിയെങ്കിലും കൈയേറ്റക്കാര്‍ തടഞ്ഞിരുന്നു. ഇതോടെ കുരിശ് പൊളിച്ചുമാറ്റാന്‍ കഴിയാതെ സംഘം പിന്‍വാങ്ങുകയായിരുന്നു. കളക്ടറുടെ ഇടപെടലും എതിരായിരുന്നു. സ്പിരിറ്റ് ഇന്‍ ജീസസിന്റേതായിരുന്നു കൈയേറ്റം. എന്നാല്‍ ഡെപ്യൂട്ടി തഹസില്‍ദാറെ ഭീഷണിപ്പെടുത്താനായി അവര്‍ വക്കീല്‍ നോട്ടീസും അയച്ചു. കരിശ് സ്ഥാപിച്ചത് തങ്ങളല്ലെന്നായിരുന്നു നിലപാട്. ഇതോടെയാണ് കുരിശ് പൊളിക്കാന്‍ സബ് കളക്ടര്‍ തീരുമാനിച്ചത്. ഇതിനെ റവന്യൂമന്ത്രിയും പിന്തുണച്ചു. ഇതോടെ ഇന്ന് പുലര്‍ച്ചെ ഓപ്പറേഷന്‍ തുടങ്ങി.
നേരത്തെ ദേവികുളം താലൂക്കിലെ സി.പി.എം. ഉള്‍പ്പടെയുള്ള പ്രാദേശികരാഷ്ട്രീയ നേതാക്കളും ഭൂമി കൈയേറിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളും കൈയേറ്റങ്ങള്‍ക്ക് വ്യാജരേഖ ചമച്ച് കൊടുത്ത ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി കൈയേറ്റമൊഴിപ്പിക്കല്‍ ശ്രമം നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. സാമുദായിക ശക്തികളെ ഇളക്കിവിട്ട് കൈയേറ്റത്തെ നേരിടാനുള്ള ശ്രമവുമുണ്ടെന്നും മനസ്സിലാക്കി. ഇതോടെയാണ് കൂടുതല്‍ പൊലീസിനെ നല്‍കാന്‍ തയ്യാറായത്. അതുകൊണ്ട് തന്നെ പ്രതിഷേധക്കാര്‍ക്ക് ചെറുത്ത് നില്‍ക്കാനുള്ള അവസരവും കുറഞ്ഞു. കഴിഞ്ഞ ആഴ്ച കൈയേറ്റം ഒഴിപ്പിക്കാനെത്തിയ സബ് കളക്ടറുടെ നിര്‍ദ്ദേശം പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥര്‍ അനുസരിച്ചില്ല. അതുകൊണ്ട് തന്നെ ഇത്തവണ എസ് പി തലത്തിലായിരുന്നു റവന്യൂവകുപ്പ് നടത്തിയ ഇടപെടല്‍. കൂടുതല്‍ പൊലീസിനെ അതുകൊണ്ട് തന്നെ നല്‍കേണ്ടി വരുന്നു.
ആത്മീയ കുരിശ് കൃഷിയുടെ മറവില്‍ ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമാണ് പൈാളിയരുന്നത്. നേരത്തെ പൊളിക്കാനെത്തിയപ്പോള്‍ മറ്റ് ജില്ലകളില്‍ നിന്ന് വിശ്വാസികളെന്ന് അവകാശപ്പെടുന്നവരെ സംഘടിപ്പിച്ച് സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമവും സംഘടനയുടെ ഭാഗത്ത് നിന്ന് ഉണ്ടായി. ഇത് ഏറെ വിവാദമാവുകയും ചെയ്തു. പാപ്പാത്തിച്ചോലയിലെ റവന്യൂഭൂമി കയ്യേറി കുരിശ് സ്ഥാപിച്ച് ആത്മീയ ടൂറിസം സംഘടിപ്പിക്കാനാണ് ഭൂ മാഫിയ സംഘം ശ്രമിക്കുന്നത്. അന്യജില്ലകളില്‍ നിന്നും വിശ്വാസികളെ ചിന്നക്കനാലിലെത്തിച്ച് റിസോര്‍ട്ടുകളില്‍ താമസിപ്പിച്ച് പാപ്പാത്തിച്ചോലയിലേക്ക് കൊണ്ടുപോകുന്ന ടൂര്‍ പാക്കേജാണ് കുരിശ് സ്ഥാപിച്ച സംഘം ലക്ഷ്യം വച്ചത്. ചിന്നക്കനാലിലെ മിക്ക റിസോര്‍ട്ടുകളും കയ്യേറ്റ മാഫിയയുടേതാണ്. പാപ്പാത്തിച്ചോല പിടിച്ചെടുത്താല്‍ റിസോര്‍ട്ടുകള്‍ക്ക് വരുമാനം ഇരട്ടിയാകും. മാത്രവുമല്ല പാപ്പാത്തിച്ചോലയിലെ കുരിശടിയിലേക്ക് വിശ്വാസികള്‍ എത്തുന്നതോടെ സര്‍ക്കാര്‍ ഭൂമിയില്‍ തന്നെ പള്ളി നിര്‍മ്മിക്കാനും ഗൂഢപദ്ധതിയുണ്ടായിരുന്നു. ഇതാണ് സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ തിരിച്ചറിഞ്ഞതും നടപടികളെടുത്തതും.
കുരിശിന്റെ പിതൃത്വം ജീസസ് ഓഫ് ക്രൈസ്റ്റ് നിഷേധിച്ചതോടെ ഈ കുരിശ് എടുത്തുമാറ്റുകയും ചെയ്യും. ഇതു സംബന്ധച്ച് കളക്ടര്‍ക്കും ഡെപ്യൂട്ടി തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കി. ഇത് മറുനാടന്‍ പുറത്തുവിട്ടതോടെയാണ് കുരിശ് കൃഷിയിലെ വിവാദം തുടങ്ങുന്നത്. മതസംഘടനയുടെ മറവില്‍ മൂന്നാര്‍ ചിന്നക്കന്നാലിലെ അതീവ പാരിസ്ഥിതികവും ടൂറിസം പ്രാധാന്യവുമുള്ള പാപ്പാത്തിച്ചോലമേട്ടിലെ രണ്ടായിരത്തോളം ഏക്കര്‍ സ്ഥലം കൈയേറാന്‍ ഭൂമാഫിയയുടെ ശ്രമം ശ്രീറാം വെങ്കിട്ടരാമന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതിനായി ‘സ്പിരിറ്റ് ഇന്‍ ജീസസ്’ എന്ന സംഘടനയുടെ പേരില്‍ ഇവിടെ കുരിശ് സ്ഥാപിച്ചു. പ്രദേശത്തെ ഒരു വമ്പന്‍ കൈയേറ്റക്കാരന്റെ സഹോദരനാണ് നീക്കത്തിനു പിന്നില്‍. ചിന്നക്കനാല്‍ വില്ലേജിലെ ചിന്നക്കനാല്‍ താവളത്തില്‍ സര്‍വേ നമ്പര്‍ 341ല്‍പ്പെട്ട സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയിലാണ് ആത്മീയ ടൂറിസത്തിന്റെ പേരില്‍ കൈയേറ്റ ശ്രമം നടക്കുന്നതെന്ന റിപ്പോര്‍ട്ടും തയ്യാറായി. യേശുവിന്റെ ആത്മാവ് എന്നാണ് സ്പിരിറ്റ് ഇന്‍ ജീസസ് എന്ന വാക്കിന്റെ അര്‍ത്ഥം. ഇത് ടോം സഖറിയയുടെ സൃഷ്ടിയായിരുന്നു. അന്ധവിശ്വാസത്തിലേക്ക് ആളുകളെ തള്ളിവിടുകയാണ് ഈ കൂട്ടായ്മ ചെയ്തു പോന്നത്. യേശുക്രിസ്തുവിന്റെ ആത്മാവിനെ സ്വീകരിച്ചു എന്നവകാശപ്പെടുന്ന ഇക്കൂട്ടര്‍ ദിവംഗതനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയെയാണ് തങ്ങളുടെ സ്വര്‍ഗീയ മദ്ധ്യസ്ഥനായി സ്വീകരിച്ചിരിക്കുന്നത്.
വിശുദ്ധ കുര്‍ബാനയ്ക്കും പരിശുദ്ധ കന്യകാമറിയത്തിനും ഇവര്‍ കത്തോലിക്കാ പരമായ പ്രാധാന്യം നല്‍കുന്നു. 1988 ല്‍ ഇടുക്കി ജില്ലയിലെ സൂര്യനെല്ലിയില്‍ ഈ പ്രസ്ഥാനം ആരംഭിച്ചു. തുടര്‍ന്ന് ദേവികുളത്ത് 1997 ല്‍ സമാഗമ കൂടാരം എന്ന പേരില്‍ ഒരു പ്രാര്‍ത്ഥനാലയം സ്ഥാപിക്കപ്പെട്ടു. ഇത്തരത്തിലൊരു സംഘടനയാണ് ചിന്നകനാലിലെ കൈയേറ്റത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞായിരുന്നു ഇടപെടല്‍. ആയിരമേക്കര്‍ വരുന്ന സ്ഥലത്ത് ആദ്യം ഒരു ഷെഡ് നിര്‍മ്മിക്കുകയും പിന്നീട് സ്ഥലത്ത് നാലടി ചതുരത്തില്‍ മൂന്നു തട്ടായി അഞ്ചടിയോളം ഉയരത്തില്‍ തറ കോണ്‍ക്രീറ്റ് ചെയ്ത് ഇരുപതടി ഉയരത്തില്‍ ഇരുമ്പുപാളികൊണ്ട് പൊതിഞ്ഞ് കുരിശു സ്ഥാപിക്കുകയായിരുന്നു കയ്യേറ്റക്കാര്‍ ചെയ്തത്. കുരിശ് സ്ഥാപിച്ചാല്‍ അത് ദൈവികമാകും. വര്‍ഗ്ഗീയത ഇളക്കി വിട്ട് അതിനെ തടയാം ഇതൊക്കെയായിരുന്നു ജീസസ് ഓഫ് ക്രൈസ്റ്റ് ഉദ്ദേശിച്ചത്. ഇവിടുത്തെ കൈയേറ്റം ഒഴിവാക്കാനായി എത്തിയ ഉദ്യോഗസ്ഥരെ മാഫിയയുടെ ഗുണ്ടകള്‍ തടഞ്ഞു.