മൂന്നാര്‍: മന്ത്രി എം.എം. മണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നടത്തി വന്ന നിരാഹാരസമരം പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ അവസാനിപ്പിച്ചു. എന്നാല്‍ മന്ത്രിക്കെതിരായ പ്രതിഷേധ സമരം തുടരും. ഇന്ന് നിരാഹാരസമരം നടത്തുകയായിരുന്ന പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മൂവരെയും പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കിയത്.
മൂന്നാര്‍ ഡിവൈ.എസ്.പിയുടെയും വനിത എസ്.ഐയുടെയും നേതൃത്വത്തില്‍ സമരക്കാരോട് ആശുപത്രിയിലേക്ക് പോകാമെന്ന് പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ പൊമ്പിളൈ ഒരുമൈ സെക്രട്ടറി രാജേശ്വരിയെയാണ് ആദ്യം ആശുപത്രിയിലേക്ക് മാറ്റിയത്. ഉച്ചയോടെ പന്തലിലെത്തിയ ദേവികുളം മെഡിക്കല്‍ ഓഫിസര്‍ ഗോമതി, കൗസല്യ എന്നിവരെ പരിശോധിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട് അധികൃതര്‍ക്ക് കൈമാറി. ആരോഗ്യനില വഷളായ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റാന്‍ ഡി.എം.ഒ പൊലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും മണി രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് ഇരുവരും സമരപ്പന്തലില്‍ കിടന്നു. ഡ്രിപ് നല്‍കുന്നത് സംബന്ധിച്ച് ഗോമതിയോടും കൗസല്യയോടും ചര്‍ച്ചനടത്തുന്നതിനിടെ പൊലീസ് ഇരുവരെയും നാടകീയമായി ആംബുലന്‍സിലേക്ക് ബലംപ്രയോഗിച്ച് കൊണ്ടുപോവുകയായിരുന്നു.
പൊമ്പിളൈ ഒരുമൈ സമരത്തിനെതിരെ വിവാദ പ്രസംഗം നടത്തിയ എം.എം. മണിക്കെതിരെ 23നാണ് ഗോമതിയുടെ നേതൃത്വത്തില്‍ മൂന്നാര്‍ ടൗണില്‍ സമരം ആരംഭിച്ചത്. സംസ്ഥാനത്തിെന്‍റ വിവിധ ഭാഗങ്ങളില്‍നിന്നുള്ള രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പൊമ്പിളൈ ഒരുമൈ നടത്തിയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൂന്നാറിലെത്തിയിരുന്നു.