പെമ്പിള്ളൈ ഒരുമൈ നേതാവ് ഗോമതി സിപിഎം വിട്ടു; തൊഴിലാളികളെ വഞ്ചിക്കുന്ന നിലപാടാണ് പാര്‍ട്ടിയുടേതെന്ന് വിമര്‍ശനം

മൂന്നാര്‍ സമര നേതാവും പെമ്പിളൈ ഒരുമൈ അംഗവുമായ ഗോമതി സിപിഎമ്മില്‍ നിന്നും രാജിവെച്ചു. പാര്‍ട്ടിയിലെ തൊഴിലാളി വിരുദ്ധ നിലപാടും കയ്യേറ്റക്കാരേയും റിയല്‍ എസ്റ്റേറ്റ് മാഫിയകളേയും സംരക്ഷിക്കുന്നതിലും പ്രതിഷേധിച്ച് സി.പി.ഐ.എമ്മില്‍ നിന്നും സി.ഐ.ടി.യുവില്‍ നിന്നും താന്‍ രാജി വയ്ക്കുന്നതായി ഗോമതി ഇന്നുച്ചയ്ക്ക് പത്രസമ്മേളനത്തില്‍ അറിയിച്ചു.

എന്നാല്‍ തോട്ടം തൊഴിലാളികളായ ആദിവാസി ദലിത് ഇതര പിന്നോക്ക ജനങ്ങള്‍ക്ക് ഭൂമി, പാര്‍പ്പിടം, തൊഴില്‍, വിദ്യാഭ്യാസം, കൂലി, ബോണസ് തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് പ്രക്ഷോഭം ആരംഭിക്കുമെന്ന് ഗോമതി പറഞ്ഞു.
തോട്ടം തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന ഉറപ്പിന്മേലും അധികാര പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ തോട്ടം തൊഴിലാളികള്‍ക്കായി കൂടുതല്‍ മെച്ചപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന ധാരണ കൊണ്ടുമാണ് പാര്‍ട്ടിയുടെ ക്ഷണം സ്വീകരിച്ച് സി.ഐ.ടി.യുവില്‍ ചേര്‍ന്നത്. എന്നാല്‍ തൊഴിലാളി വിരുദ്ധ സമീപനമാണ് സി.പി.ഐ.എമ്മും സി.ഐ.ടി.യുവും സ്വീകരിക്കുന്നതെന്നും ചെറുകിടവന്‍കിട കയ്യേറ്റക്കാരെയും തോട്ടം മാനേജുമെന്റുകളേയും ഏത് സാഹചര്യത്തിലും സംരക്ഷിക്കുന്ന നിലപാടാണ് അവരുടേതെന്ന് കുറച്ചു കാലം കൊണ്ട് ബോധ്യപ്പെട്ടതായി ഗോമതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ തോട്ടം തൊഴിലാളികളുടെ കൂലിയോ അടിസ്ഥാന പ്രശ്‌നങ്ങളോ അവരുടെ അജണ്ടയില്ലായിരുന്നു. തൊഴിലാളി പ്രശ്‌നം ഉന്നയിച്ച് ഒരു ചെറു പ്രക്ഷോഭം പോലും ഇക്കാലയളവില്‍ നടത്തുവാന്‍ അവര്‍ക്കായില്ല. കയ്യേറ്റക്കാര്‍ക്കും എസ്‌റ്റേറ്റു മാഫിയകള്‍ക്കും നിയമത്തേയും ഭരണ സംവിധാനത്തേയും മറികടക്കാന്‍ സഹായിക്കുന്നതിനാണ് അധികാരം ഇപ്പോള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. ‘ ഗോമതി പറയുന്നു.

സി.പി.ഐ.എം പ്രദേശിക ഘടകങ്ങളുടേയും ജില്ലാ കമ്മറ്റിയുടേയും നേതൃത്വത്തില്‍ മൂന്നാറില്‍ നിരവധി കയ്യേറ്റങ്ങള്‍ നടക്കുന്നുണ്ടെന്നും ഗോമതി ആരോപിക്കുന്നു.

‘ സ്വന്തമായി ഭൂമിയില്ലാത്ത ഞങ്ങളെവിടെ പോകും? ഞങ്ങളുടെ മക്കള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനുള്ള സ്‌കൂളോ കോളേജോ ഇന്ന് മൂന്നാറിലില്ല. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടും ഇന്നും സ്വാതന്ത്ര്യം ലഭിക്കാത്തവരാണ് തോട്ടം തൊഴിലാളികള്‍.’ ഗോമതി പറയുന്നു.

ഇനി തോട്ടം തൊഴിലാളികളായ ആദിവാസി ദലിത് ഇതര പിന്നോക്ക ജനങ്ങള്‍ക്ക് ഭൂമി, പാര്‍പ്പിടം, തൊഴില്‍, വിദ്യാഭ്യാസം, കൂലി, ബോണസ് തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് പ്രക്ഷോഭം ആരംഭിക്കുവാന്‍ ഒരുങ്ങുകയാണെന്നും ഗോമതി പറഞ്ഞു.

Top