മാവേലിക്കര രൂപതയുടെ കീഴിലെ സ്ഥാപനത്തിലെ യുവാവിന്റെ മരണത്തില്‍ ദുരൂഹത; യുവാവിനെ കൊന്നതാണെന്ന് മാതാവിന്റെ ആരോപണം

കൊച്ചി: മാവേലിക്കര രൂപതയുടെ ശാലോം ഭവനില്‍ ചെട്ടിക്കുളങ്ങര സ്വദേശിയായ യുവാവ് മരണപ്പെട്ട സംഭവത്തില്‍ ദുരൂഹത. രൂപതയുടെ കീഴില്‍ അറുന്നൂറ്റി മംഗലത്ത് പ്രവര്‍ത്തിക്കുന്ന ശാലോം ഭവനിലാണ് രാജീവ് എന്ന യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ തന്‍െ മകനെ കൊന്നതാണെന്ന് രാജീവിന്റെ മാതാവ് ഒരു ഓണ്‍ലൈന്‍ പത്ത്രിനോട് പറഞ്ഞു. ആത്മഹത്യയെന്നു വിലയിരുത്തിയ മരണം കൊലപാതകമാണെന്നു സംശയിക്കാന്‍ ഉതകുന്ന സംശയങ്ങളും ബന്ധുക്കള്‍ ഉന്നയിക്കുന്നു. കൊലപാതക സാധ്യത സൂചന നല്‍കുന്ന ചിത്രങ്ങളും പുറത്തായി. മാനസികാസ്വാസ്ഥ്യമുള്ള മകന്റെ കണ്ണിലൂടെയും ചെവിയിലൂടെയും രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹമെന്നും ശരീരത്തില്‍ നിരവധി മുറിവുകളുണ്ടായിരുന്നതായും മാതാവ് പറഞ്ഞു.

മുഖത്തെ മുറിവ് എങ്ങനെയുണ്ടായി എന്ന ചോദ്യത്തില്‍ ശാലോം അധികൃതരില്‍ നിന്ന് വിത്യസ്ത മറുപടിയാണ് ലഭിച്ചത്. രാജീവും രോഗിയായ മറ്റൊരു അന്തേവാസിയുമായി ഉണ്ടായ അടിപിടിയില്‍ സംഭവിച്ചതാണെന്ന് ശാലോം ഭവന്‍ ഡയറക്ടര്‍ ഫാ. തോമസ് പി ജോണ്‍ പറയുന്നു. മറ്റൊരു വ്യക്തി ടൈലില്‍ തട്ടി വീണതാണെന്നും രണ്ടഭിപ്രായം നിലവിലുണ്ട്. അടിപിടിക്കു ശേഷം രാത്രി ബാത്ത്‌റൂമിലെ വെന്റിലേഷനില്‍ കയറിട്ടു തൂങ്ങിമരിക്കുകയായിരുന്നുവെന്നാണു സ്ഥാപനത്തിന്റെ വിശദീകരണം. എന്നാല്‍ തന്റെ മകന്‍ മരണത്തെ വല്ലാതെ ഭയപ്പെട്ടിരുന്ന വ്യക്തിയാണെന്നും ആത്മഹത്യ ചെയ്യില്ലെന്നും മാതാവ് ലളിത വിതുമ്പലോടെ മറുനാടനോട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജീവ് എന്തോ കണ്ട് ഭയന്നതിനെതുടര്‍ന്നുണ്ടായ മാനസികാസ്വാസ്ഥ്യത്തെത്തുടര്‍ന്നു ജനുവരി പതിനെട്ടിനാണ് അറുനൂറ്റിമംഗലം ശാലോം ഭവനില്‍ ഏല്‍പ്പിക്കുന്നത്. അതിനുശേഷം നിരന്തരം അവിടെയെത്തി സുഖവിവരങ്ങള്‍ തിരക്കാറുണ്ട്. മാര്‍ച്ച് 18നു ശനിയാഴ്ച വൈകുന്നേരം ഫാ. തോമസിന്റെ കോള്‍ വന്നു. രാജീവ് മറ്റൊരു രോഗിയുമായി അടിപിടിയുണ്ടാക്കിയെന്നും, വലതു കണ്ണിന് പരിക്കേറ്റതിനാല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സ നല്‍കിയതിന് ശേഷം കൊണ്ടുവന്നുവെന്നുമായിരുന്നു ഫാദര്‍ പറഞ്ഞത്.

ഈ സമയം പഴനിയിലേക്ക് തീര്‍ത്ഥയാത്ര പോകാനൊരുങ്ങുകയായിരുന്ന ഞങ്ങള്‍ അങ്ങോട്ട് ചെല്ലാമെന്നു പറഞ്ഞു. എന്നാല്‍ വേണ്ടെന്നായിരുന്നു ഫാ. തോമസിന്റെ പക്ഷം. ആറ് മണിയോടെ ശാലോം ഭവനിലേക്ക് വിളിച്ചപ്പോള്‍ രാജീവിന് കുഴപ്പം ഇല്ലെന്നാണ് മറുപടി ലഭിച്ചത്. തുടര്‍ന്ന് 8.42 ന് വീണ്ടും വീട്ടിലേക്ക് വിളിച്ചു. രാജീവ് ബാത്ത് റൂമില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചുവെന്നും ക്രിട്ടിക്കല്‍ സ്റ്റേജ് ആണെന്നും അറിയിച്ചു ലളിത പറയുന്നു.

തുടര്‍ന്ന് വീട്ടിലേക്ക് വന്ന നമ്പറില്‍ തിരിച്ചുവിളിച്ചപ്പോള്‍ രാജീവ് മരിച്ചിട്ട് അഞ്ചുമിനുട്ട് ആയി എന്നാണ് മറുപടി ലഭിച്ചത്. സഭയുടെ കീഴില്‍ തന്നെ നൂറനാട് പ്രവര്‍ത്തിക്കുന്ന കെ.സി.എം ആശുപത്രിയിലേക്കാണ് രാജീവിനെ ആദ്യം എത്തിച്ചതെന്നും, പിന്നീട് ബന്ധുക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ ഇടപ്പോണ്‍ ഉള്ള ജോസ്‌കോ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. നിര്‍ത്താതെ രക്തം വരുന്ന നിലയിലാണ് ഇവിടെവെച്ച് മൃതദേഹം കണ്ടതെന്നും ബന്ധുക്കള്‍ പറയുന്നു.

മൃതദേഹം ജോസ്‌കോ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ എത്തിച്ചതും, സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാതിരുന്നതും കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടനല്‍കുന്നുവെന്നാണ് രാജീവിന്റെ മാതാവ് ലളിത പറയുന്നത്. സംഭവത്തിലെ ദുരൂഹത നീക്കണമെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ലളിത ചെങ്ങന്നൂര്‍ ഡിവൈ.എസ്പിക്ക് പരാതി നല്‍കി. ഈ മാസം 26 ന് നല്‍കിയ പരാതിയുടെ പകര്‍പ്പും പുറത്ത് വന്നിട്ടുണ്ട്. അതേസമയം, കേസുമായി മുന്നോട്ടു പോയാല്‍ സ്ഥാപനത്തിന്റെ സല്‍പ്പേരിന് മോശം ഉണ്ടാകുമെന്നും, രാജീവിന്റേത് ആത്മഹത്യതന്നെയാണെന്നും ഫാദര്‍ തോമസ് പറഞ്ഞതായി മാതാവ് ലളിത വെളിപ്പെടുത്തി.

രാജീവ് ആത്മഹത്യ ചെയ്തതെന്ന് മാനേജ്‌മെന്റ് പറയുന്ന സ്ഥലം ഇന്നലെ ബന്ധുക്കള്‍ പരിശോധിച്ചു. വളരെ ഇടുങ്ങിയതും തീരെ പൊക്കമില്ലാത്തതുമായ ബാത്ത് റൂമില്‍ എങ്ങനെയാണ് തൂങ്ങിമരിക്കുകയെന്നാണ് സന്ദര്‍ശനത്തിന് ശേഷം രാജീവിന്റെ സഹോദരന്‍ അഭിപ്രായപ്പെട്ടു. പൊക്കമില്ലാത്ത ബാത്ത് റൂമിന്റെ വെന്റിലേറ്ററില്‍ കയര്‍കെട്ടി ആത്മഹത്യ ചെയ്തുവെന്ന വാദം തീരെ അംഗീകരിക്കാന്‍ പറ്റില്ലെന്നും അവര്‍ പറയുന്നു. ഇതാണ് രാജീവിന്റേതുകൊലപാതകമാണെന്ന് സംശയം ബലപ്പെടുത്തുന്നത്.

സെല്ലിലുള്ള മറ്റൊരു രോഗിയുമായി അടിയുണ്ടാവുകയും, ഇത് തടയാന്‍ എത്തിയ സെക്യൂരിറ്റി ജീവനക്കാരും മറ്റ് ആളുകളും ചേര്‍ന്ന് രാജീവിനെ അടിച്ച് കൊലപ്പെടുത്തിയെന്നുമുള്ള വാദമാണ് ബന്ധുക്കള്‍ മുന്നോട്ട് വയ്ക്കുന്നത്. ശരീരത്തില്‍ ഗുരുതരമായ മര്‍ദ്ദനമേറ്റ രാജീവിന് ആത്മഹത്യ ചെയ്യാന്‍ ആവില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത സര്‍ജ്ജന്റെ നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നമുറയ്ക്ക് കൂടുതല്‍ വ്യക്തത വരുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ. അതേസമയം, രാജീവിന്റേത് ആത്മഹത്യയാണെന്നും, കയര്‍ അഴിച്ചെടുക്കുമ്പോള്‍ രാജീവിന് ജീവന്‍ ഉണ്ടായിരുന്നുവെന്നും, ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചതെന്നും ശാലോം ഭവന്‍ ഡയറക്ടര്‍ ഫാ. തോമസ് പി ജോണ്‍ പറഞ്ഞു. സെല്ലിലെ മറ്റൊരു രോഗിയുമായി ഉണ്ടായ അടിയിലാണ് കണ്ണിന് പരിക്കേറ്റതെന്നും ഫാദര്‍ അറിയിച്ചു.

Top