കണ്ണൂര്‍: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഫസല്‍ വധക്കേസ്സിലെ പ്രതികളും ബിജെപി ജില്ലാ നേതാവ് മനോജ് വധക്കേസിലെ പ്രതികളും മല്‍സരിക്കുന്നു.ഫസല്‍ വധക്കേസിലെ പ്രതികളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും ബി.ജെ.പിയില്‍നിന്ന് സി.പി.എമ്മില്‍ ചേക്കേറിയ ഒ.കെ. വാസുവിനെയും എ. അശോകനെയും കണ്ണൂരില്‍ മത്സരിപ്പിക്കാനും സി.പി.എം തീരുമാനിച്ചു. ഫസല്‍ കേസിലെ പ്രതികളായ കാരായിമാരുടെ സ്ഥാനാര്‍ഥിത്വം വിവാദമായതിനു പിന്നാലെ വിശദീകരണ യോഗവുമായി സിപിഎമ്മും രംഗത്ത് വന്നു. തലശേരിയില്‍ പിണറായിയെ പങ്കെടുപ്പിച്ചാണു സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുന്‍പേ സിപിഎം പ്രചരണയോഗം നടത്തിയത്.
കൊലക്കേസിലെ പ്രതികള്‍ സ്ഥാനാര്‍ഥിയാകുന്നതിനെതിരായ പ്രചാണത്തെ തെരഞ്ഞെടുപ്പിനു മുന്‍പുതന്നെ നേരിടാനാണു സിപിഎം ലക്ഷ്യമിടുന്നത്. നീതി നിഷേധത്തിന്റെ ഇരകളാണ് ഇരുവരുമെന്ന് പൊതുയോഗങ്ങളില്‍ സിപിഎം വിശദീകരിക്കുന്നു. തലശ്ശേരിയില്‍ നടന്ന പൊതുയോഗത്തില്‍ പിണറായി കാരായിമാരെ വന്‍ ഭൂരിപക്ഷത്തിന് വിജയിപ്പിക്കാന്‍ പരോക്ഷമായി ആഹ്വാനം നടത്തി. ജയിലില്‍ കിടന്ന പാട്യം രാജനെ ഫോട്ടോ വെച്ച് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് വിജയിപ്പിച്ച അനുഭവം വിശദീരിച്ചായിരുന്നു പണിറായി വോട്ട് അഭ്യര്‍ഥിച്ചത്.
ഇന്നു വൈകിട്ട് ജില്ലയിലെത്തുന്ന കാരായിമാര്‍ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തും. നാളെ രാവിലെ വന്‍ പ്രകടനത്തോടെ പത്രിക സമര്‍പ്പിക്കാനാണ് സിപിഎം പദ്ധതി. കാരായി രാജന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പാട്യം വാര്‍ഡില്‍നിന്നും ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി ചിള്ളക്കര വാര്‍ഡില്‍നിന്നും മത്സരിക്കുമെന്നു പി ജയരാജന്‍ പറഞ്ഞു.
ഫസല്‍ കേസിലെ പ്രതികള്‍ മാത്രമല്ല കതിരൂര്‍ കേസിലെ മൂന്നാം പ്രതി പ്രകാശന്‍, 12ാം പ്രതി രാമചന്ദ്രന്‍ എന്നിവരും സിപിഎം സ്ഥാനാര്‍ഥികളാകുന്നുണ്ട്. മത്സരത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഇരുവരും കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. പാട്യം പഞ്ചായത്തിലെ 16, 17 വാര്‍ഡുകളിലാണ് ഇരുവരും ജനവിധി തേടുക.