തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ ക്രൂരപീഡനത്തിന് ഇരയായി ജീവനോട് മല്ലിട്ട ഏഴുവയസുകാരന്‍ ഈ നശിച്ച ലോകത്ത് നിന്നും മറയുമ്പോള്‍ എങ്ങും നരാധമനായ അരുണ്‍ ആനന്ദിനോടുള്ള രോഷം പുകയുകയാണ്. അവനെ കൊല്ലാക്കൊല ചെയ്ത അമ്മയുടെ കാമുകന്‍ അരുണ്‍ ആനന്ദും അന്നുതന്നെ അറസ്റ്റിലായിരുന്നു.
കുട്ടി മരിച്ച വിവരം അറിഞ്ഞിട്ടും പ്രതി അരുണ്‍ ആനന്ദിനു ഒരു കുലുക്കവുമുണ്ടായില്ല. മൂന്നു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിലായിരുന്ന അരുണിനെ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ ശേഷം ഇന്നലെ ഉച്ചയ്ക്കു 12.30നു മുട്ടം ജില്ലാ ജയിലില്‍ എത്തിച്ചു. ഇതിനിടെ കുട്ടി മരിച്ച വിവരം പൊലീസ് അറിയിച്ചു. അരുണ്‍ പ്രതികരിച്ചില്ല. മുഖത്തു ഭാവവ്യത്യാസവുമുണ്ടായില്ല. ഉച്ചയ്ക്ക് ജയിലില്‍ ആട്ടിറച്ചി കൂട്ടി കൂസലില്ലാതെ ആഹാരം കഴിക്കുന്നതു കണ്ട് ജയില്‍ ഉദ്യോഗസ്ഥര്‍ അമ്പരന്നു.
കുട്ടി മരിച്ചതോടെ പ്രതി അരുണ്‍ ആനന്ദിനെതിരെ കൊലക്കുറ്റം കൂടി ചുമത്തും. കുട്ടിയെ വധിക്കാനുള്ള ശ്രമം, ആക്രമണം, ഭീഷണിപ്പെടുത്തല്‍, ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75-ാം വകുപ്പ്, കഠിനമായ ദേഹോപദ്രവം ഏല്‍പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി ഇപ്പോള്‍ത്തന്നെ കേസെടുത്തിട്ടുണ്ട്.
കുട്ടിയുടെ അനുജനായ 4 വയസ്സുകാരനെ ലൈംഗികമായി ആക്രമിച്ചതിനു പോക്‌സോ കേസുമുണ്ട്. പ്രകൃതി വിരുദ്ധ പീഡനം, ദേഹോപദ്രവമേല്‍പിക്കല്‍ എന്നീ വകുപ്പുകളും ചുമത്തിയതായി ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാല്‍ പറഞ്ഞു.
ആക്രമണ സമയത്ത് മുറിയിലുണ്ടായിരുന്ന കുട്ടികളുടെ അമ്മയെ കേസില്‍ പ്രധാന സാക്ഷിയാക്കും. ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ല. എന്നാല്‍ പരിക്കേറ്റ ശേഷം കുട്ടിയുടെ ചികിത്സ വൈകിപ്പിക്കുന്നതില്‍ അമ്മയ്ക്കും പങ്കുണ്ടെന്ന് സിസിടിവി ദൃശ്യങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. ഇവ പരിശോധിച്ച ശേഷമാകും പോലീസ് അടുത്ത നടപടികളിലേയ്ക്ക് കടക്കുക.
മരണപ്പെട്ട കുരുന്നിന്റെ നോട്ട് ബുക്കില്‍ അവന്‍ വരച്ച ചിത്രങ്ങളാണ് ഇപ്പോള്‍ നൊമ്പരമാകുന്നത്. വരച്ചവയിലധികവും കണ്ണട ധരിച്ച മനുഷ്യരൂപങ്ങളായിരുന്നു. മരിച്ചുപോയ അച്ഛന്‍ ധരിച്ചിരുന്ന പോലുള്ള കണ്ണടകള്‍. അച്ഛനെ അവന്‍ എത്രമാത്രം സ്‌നേഹിച്ചിരുന്നെന്ന് ഓര്‍മ്മിപ്പിക്കുന്ന ചിത്രങ്ങള്‍. പെന്‍സിലും സ്‌കെച്ച് പെന്നും ഉപയോഗിച്ച് കോറിയിട്ട കണ്ണീര്‍ ചിത്രങ്ങള്‍. അവന്‍ അച്ഛന്റെ അടുക്കലേക്ക് തന്നെ യാത്രയായി. ഇനി ആ ചിത്രങ്ങള്‍ കുമാരമംഗലത്തെ വീട്ടില്‍ അനാഥമാണ്.