കേരളത്തിലും ദുരഭിമാന കൊലപാതകം: മകളുടെ കാമുകനെ കാറിടിപ്പിച്ചു കൊല്ലാൻ അച്ഛന്റെ ശ്രമം

സ്വന്തം ലേഖകൻ

ചാരുംമൂട്: ഉത്തരേന്ത്യയിൽ മാത്രം കണ്ടു വന്നിരുന്ന ദുരഭിമാന കൊലപാതകം കേരളത്തിലേയ്ക്കും വ്യാപിക്കുന്നതായി സൂചന. കൊല്ലത്തു നിന്നു പുറത്തു വരുന്ന വാർത്തകൾ കേരളത്തെ ഞെട്ടിപ്പിക്കുന്നതാണ്. മകളെ പ്രണയിച്ച് വിവാഹം ചെയ്ത യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ. കാറിന്റെ ഡ്രൈവർ ഉൾപ്പെടെ നാലുപേരെ കൂടി പിടികിട്ടാനുണ്ടെന്ന് പോലീസ്. കൃത്യത്തിനുപയോഗിച്ച ഇന്നോവ കാർ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തു.
കാറിന്റെ ഉടമസ്ഥനും പെൺകുട്ടിയുടെ പിതാവുമായ ആദിക്കാട്ടുകുളങ്ങര തയ്യിൽ വീട്ടിൽ സലീം(53), സഹോദരൻ ഷാജി(43), പഴകുളം പടിഞ്ഞാറ്മുറി എംബ്രയിൽ തെക്കതിൽ ഷെഫീക്ക്(25), അൻഫൽ(21), തടത്തിൽ കിഴക്കതിൽ ഷാനവാസ്(25), ആദിക്കാട്ടുകുളങ്ങര ഹനീഫാ ഭവനത്തിൽ റംജു(38), പഴകുളം പടിഞ്ഞാറ് മുറി ചരുവുകാല പുരയിടത്തിൽ അൻഷാദ്(21) എന്നിവരെയാണ് മാവേലിക്കര സി.ഐ: പി.ശ്രീകുമാർ, നൂറനാട് എസ്.ഐ: വി.ബിജു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. നൂറനാട് പടനിലം നടുവിലേമുറി നീറ്റിക്കൽ പടിഞ്ഞാറെ പുരയിൽ ചിഞ്ചിത്ത്(23), സുഹൃത്ത് പടനിലം നെടുകുളഞ്ഞിമുറി ലക്ഷ്മീ ഭവനത്തിൽ അജീഷ്(34) എന്നിവരെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.
ഗുരുതരമായി പരുക്കേറ്റ അജീഷ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ചിഞ്ചിത്ത് നൂറനാട്ടുള്ള സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. സ്വകാര്യ ബസ് ഡ്രൈവറായ ചിഞ്ചിത്ത് ശനിയാഴ്ച രാത്രി 8.30 ഓടെ ഓട്ടം കഴിഞ്ഞ് ബസ് ഒന്നാംകുറ്റിയിൽ കയറ്റിയിട്ട ശേഷം ബൈക്കിൽ കറ്റാനത്ത് എത്തി. കൂടെയുണ്ടായിരുന്ന കണ്ടക്ടറെ അവിടെ ഇറക്കി.
ഇന്നോവ കാറിൽ ആരോ പിന്തുടരുന്നത് മനസിലാക്കിയ ചിഞ്ചിത്ത് സുഹൃത്ത് അജീഷിനെ വിളിച്ച് ഒപ്പം കൂട്ടിയായിരുന്നു വീട്ടിലേക്ക് യാത്ര തുടർന്നത്.
വീടിനടുത്തുള്ള സ്ഥലമായ മുതുകാട്ടുകര എൻ.എസ്.എസ് കരയോഗ മന്ദിരത്തിനു സമീപം വച്ച് വേഗതയിലെത്തിയ കാർ ബൈക്ക് ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ ഓടിച്ചു പോവുകയായിരുന്നു. ഇന്നോവ കാറിൽ പിന്തുടർന്നവർ അപകടമുണ്ടാക്കി തങ്ങളെ അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നെന്ന് ചിഞ്ചിത്ത് നൂറനാട് പോലീസിന് മൊഴി നൽകി. സ്ഥലത്ത് അന്വേഷണം നടത്തിയ പോലീസിന് വാഹന നമ്പരും ഇന്നോവയുടേതെന്നു കരുതുന്ന ഭാഗങ്ങളും ലഭിച്ചു. ആദിക്കാട്ടുകുളങ്ങര സ്വദേശിനിയും ഇതര മതസ്ഥയുമായ പെൺകുട്ടിയെ പ്രണിയിച്ച് അടുത്തിടെ വിവാഹം ചെയ്തിരുന്നതായി ചിഞ്ചിത്ത് മൊഴി നൽകിയിരുന്നു.
സംഭവത്തിൽ കൊലപാതകശ്രമത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിക്കുകയും ഇന്നോവ കാർ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
തുടർന്നാണ് സൈബർ സെല്ലിന്റെ കൂടി സഹായത്താൽ പ്രതികളെ അറസ്റ്റു ചെയ്തത്. ഒന്നാം പ്രതിയായ സലീമിന്റെ മകളെ അന്യമതസ്ഥനായ ചിഞ്ചിത്ത് പ്രണയിച്ച് വിളിച്ചു കൊണ്ടുപോയി വിവാഹം കഴിച്ചതിലുള്ള പകയാണ് സംഭവത്തിനാധാരമെന്ന് പോലീസ് പറഞ്ഞു.
ഇതിനായി സഹോദരങ്ങളെയും അടുത്ത ബന്ധുക്കളെയും ചില സുഹൃത്തക്കളെയും കൂട്ടി ചിഞ്ചിത്തിനെ കൊലപ്പെടുത്തി അപകടമെന്ന് വരുത്താൻ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു.
അഡീ.എസ്.ഐ: രാജേന്ദ്രൻപിള്ള, സി.പി.ഒമാരായ രജീന്ദ്രദാസ്, ഉണ്ണിക്കൃഷ്ണപിള്ള, രാഹുൽ, അബ്ദുൽസമദ്, രാജീവ് എന്നിവരുംഅന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top