ലീഗ് തകരും..കുഞ്ഞാലിക്കുട്ടി പുറത്തുപോകും.പാണക്കാട് തങ്ങളുടെ മകനെ തള്ളി ലീഗ് നേതൃത്വവും. പ്രസ്താവന നടത്തി മാപ്പുപറയല്‍ മൊയീന്‍ അലിയുടെ സ്ഥിരം പരിപാടിയെന്ന് ഷാഫി ചാലിയം.

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ചതിന്റെ പേരിൽ ലീഗ് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ പടയൊരുക്കം .ലീഗിൽ സ്ഥിതിഗതികൾ നിയന്ത്രണം വിടുകയാണ് .ചിലപ്പോൾ പാർട്ടി പിളർപ്പിലേക്ക് തന്നെ എത്തുമെന്നാണ് സൂചന .കുഞ്ഞാലിക്കുട്ടിക്ക് എതിരെ തങ്ങളുടെ കുടുംബത്തിൽ നിന്ന് തന്നെ പരസ്യമായി പ്രതികരണം വന്നത് കുഞ്ഞാലിക്കുട്ടിക്ക് എതിരെയുള്ള നോക്കാം തന്നെയാണ് .

അതേസമയം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മൊയിന്‍ അലി ശിഹാബിനെ തള്ളി മുസ്ലീംലീഗ് നേതൃത്വം. ശത്രുക്കളുടെ കയ്യില്‍ കളിക്കുന്ന ചില ആളുകളുടെ പണിയാണ് ഇന്ന് കണ്ടതെന്ന് സംശയിക്കുന്നെന്നും പാര്‍ട്ടി അനുമതിയില്ലാതെയാണ് മൊയിന്‍ അലി വാര്‍ത്താസമ്മേളനം നടത്തിയതെന്നും ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ”ഹൈദരലി തങ്ങളെ അനുസരിക്കാതിരിക്കുന്നത് പാര്‍ട്ടിയെ അനുസരിക്കാതിരിക്കലാണ്. ലീഗ് അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണ്. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യം ലീഗിന്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് പോകരുത്. പരസ്യ വിമര്‍ശനം പാണക്കാട് തങ്ങള്‍ തന്നെ വിലക്കിയിട്ടുണ്ട്. എന്നാല്‍ മൊയിന്‍ അലിയുടെ ഇന്നത്തെ പ്രതികരണം തങ്ങളുടെ നിര്‍ദേശത്തോടുള്ള വെല്ലുവിളിയാണ്. ലീഗ് ഹൗസിലെത്തി പ്രവര്‍ത്തകന്‍ തെറിവിളിച്ച സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കും.”-പിഎംഎ സലാം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചന്ദ്രിക ദിന പത്രത്തിന്റെ മാനേജ്‌മെന്റിന് ഇ.ഡി നോട്ടിസ് ലഭിച്ചിട്ടുണ്ടെന്നും പിഎംഎ സലാം പറഞ്ഞു. പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. ഇഡിക്ക് മറുപടി നല്‍കും. ആ ആരോപണം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. പാര്‍ട്ടി അക്കൗണ്ട് എല്ലാം കൃത്യമാണ്. ഇഡിയ്ക്ക് ഒരു തവണ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും സലാം പറഞ്ഞു. പാര്‍ട്ടി ഫണ്ട് സംബന്ധിച്ച കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധിക്കുന്നതാണെന്നും സലാം കൂട്ടിച്ചേര്‍ത്തു.

ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ രൂക്ഷവിമര്‍ശനമാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ മൊയിന്‍ അലി ശിഹാബ് നടത്തിയത്. 40 വര്‍ഷമായി പാര്‍ട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നത് പികെ കുഞ്ഞാലിക്കുട്ടി നേരിട്ടാണെന്നും ചന്ദ്രികയിലെ ധനകാര്യ മാനേജ്‌മെന്റ് പാളിയിട്ടുണ്ടെന്നും മൊയിന്‍ അലി പറഞ്ഞു. ചന്ദ്രികയിലെ പ്രതിസന്ധിയില്‍ കുഞ്ഞാലിക്കുട്ടി ഇടപ്പെട്ടിട്ടില്ലെന്നും അദ്ദേഹത്തെ പേടിച്ച് ആരും മിണ്ടുന്നില്ലെന്നും മൊയിന്‍ അലി പറഞ്ഞു.

മൊയിന്‍ അലി പറഞ്ഞത് 40 വര്‍ഷമായി പാര്‍ട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നത് പികെ കുഞ്ഞാലിക്കുട്ടി നേരിട്ടാണ്. തെരഞ്ഞെടുപ്പ് സമയത്ത് മാത്രമല്ല, എല്ലാ കാര്യത്തിലും. നിലവിലെ ഉത്തരവാദിത്വവും കുഞ്ഞാലികുട്ടിക്കാണ്. അദ്ദേഹത്തിന്റെ വളരെ വിശസ്തനായ വ്യക്തിയാണ് എ സമീര്‍. സമീര്‍ ചന്ദ്രികയില്‍ വരുന്നതായി ഞാന്‍ കണ്ടിട്ടില്ല. ഫിനാന്‍സ് മാനേജറായി സമീറിനെ വച്ചത് കുഞ്ഞാലിക്കുട്ടിയാണ്. ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടില്ല. ചന്ദ്രികയിലെ ധനകാര്യ മാനേജ്‌മെന്റ് പാളിയിട്ടുണ്ട്. അദ്ദേഹത്തെ പേടിച്ചാണ് ആരും മിണ്ടാത്തത്. പാണക്കാട് കുടുംബത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. വിഷയത്തില്‍ ബാപ്പ ഹൈദരലി തങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് കഴിയുന്നത്.” പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയിരിക്കുകയാണെന്നും മൊയിന്‍ അലി വിമര്‍ശിച്ചു.

പി കെ കുഞ്ഞാലിക്കുട്ടിക്ക് എതിരായ മൊയീന്‍ അലി തങ്ങളുടെ വിമര്‍ശനത്തില്‍ പ്രതികരണവുമായി മുസ്ലിംലീഗ് നേതാവ് ഷാഫി ചാലിയം. മൊയീല്‍ അലി തങ്ങള്‍ ഇതിന് മുന്‍പും ഇത്തരം വിമര്‍ശനങ്ങളുന്നയിച്ചിട്ടുള്ളയാളാണെന്നും പിന്നീട് പിന്‍വലിച്ച് മാപ്പുപറയുന്നത് അദ്ദേഹത്തിന്റെ പതിവാണെന്നും ഷാഫി ചാലിയം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറിലായിരുന്നു പ്രതികരണം. പി കെ കുഞ്ഞാലിക്കെതിരെ മാത്രമല്ല, സ്വന്തം പിതാവായ ഹൈദരലി ശിഹാബ് തങ്ങള്‍ നടത്തുന്ന പ്രഖ്യാപനങ്ങളില്‍ പോലും എതിര്‍പ്പുമായി എത്തുകയും സാമൂഹികമാധ്യമങ്ങളില്‍ വിര്‍ശിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. പിന്നീട് രണ്ടുദിവസത്തിനുശേഷം മാപ്പുപറയും. ഒരുപക്ഷേ ഇന്നുനടന്ന സംഭവത്തില്‍ തനിക്ക് പറ്റിപ്പോയ പിഴവാണെന്ന് പറഞ്ഞ് നാളെ മാപ്പുപറഞ്ഞെന്നിരിക്കുമെന്നും ഷാഫി ചാലിയം പറഞ്ഞു.

എന്നാല്‍ സംസ്ഥാന അധ്യക്ഷന്റെ മകനും ഒരു സയ്യീദ് കുടുംബാംഗവുമെന്ന നിലയില്‍ ഇത്തരം കാര്യങ്ങളില്‍ മുസ്ലിം ലീഗ് വളരെ പക്വമായി പ്രതികരിച്ച് ക്ഷമയോടെ വിട്ടുകളയുകയാണ് പതിവെന്നും ഷാഫി ചാലിയം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പാര്‍ട്ടി ശത്രുക്കളാല്‍ പിച്ചിചീന്തപ്പെടുമ്പോള്‍ അദ്ദേഹം ചെയ്ത നടപടിയോട് ഒരിക്കലും യോജിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചന്ദ്രികയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ നിയമപരമായ വശം വിശദീകരിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മൊയീന്‍ അലി വന്നിരുന്നത്. അഭിഭാഷകന്‍ വ്യക്തമായി കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഇടയില്‍ കയറി അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയത്. മുസ്ലിംലീഗിന്റെ ആസ്ഥാനത്തുവെച്ച് നടക്കുന്ന ഒരു വാര്‍ത്താസമ്മേളനത്തിലാണ് മുസ്ലിം ലീഗിന്റെ ഉന്നത നേതാവിനെക്കുറിച്ച് അദ്ദേഹം വിമര്‍ശനങ്ങളുന്നയിച്ചത്. അതിന്റെ പരിധി വിട്ടപ്പോഴാണ് ചില പ്രവര്‍ത്തകന്മാര്‍ പ്രകോപിതരായി വളരെ മോശം രീതിയില്‍ പ്രതികരിച്ചതെന്നും ഷാഫി ചാലിയം വിശദീകരിച്ചു.

അവിടെ നടന്ന സംഭവങ്ങള്‍ വളരെ നിര്‍ഭാഗ്യകരമാണ്. ക്ഷണിക്കപ്പൈടാത്ത വാര്‍ത്താസമ്മേളനത്തില്‍ മൊയീന്‍ അലി തങ്ങള്‍ പോയി ഇരിക്കരുതരുതായിരുന്നു. എന്നാല്‍ തങ്ങള്‍ക്കെതിരെ പ്രവര്‍ത്തകര്‍ ഉപയോഗിച്ച ഭാഷ വളരെ മോശമായിരുന്നെന്ന് അംഗീകരിക്കുന്നതായും അക്കാര്യത്തില്‍ മുസ്ലിംലീഗ് നേതൃത്വം ആലോചിച്ച് നടപടിയെടുക്കുമെന്നും ഷാഫി ചാലിയം വ്യക്തമാക്കി. അതേസമയം, മുന്‍പ് എംപി സ്ഥാനം രാജിവെച്ച് നിയമസഭയില്‍ മത്സരിക്കാനുള്ള പി കെ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തെ അടക്കം പരസ്യമായി മൊയീന്‍ അലി ശിഹാബ് തങ്ങള്‍ വിമർശിച്ചിട്ടുണ്ട്.

Top