തൊടുപുഴ: നഗരസഭാ വാര്‍ഡു സഭ ചേരുന്നതിനിടയില്‍ വാര്‍ഡു കൗണ്‍സിലറുടെ മുണ്ടു പറിച്ച സംഭവവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ച് ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.വി ജോസഫിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ചെന്നിത്തല രാഷ്ട്ര ദീപികയോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കാരിക്കോട് ഉണ്ടപ്ലാവില്‍ വാര്‍ഡു സഭ ചേരുന്നതിനിടെ മുസ്ലിംലീഗിന്റെ കൗണ്‍സിലര്‍ ടി.കെ അനില്‍കുമാറിന് നേരെ കൈയേറ്റം ഉണ്ടാകുകയും ചിലര്‍ ചേര്‍ന്ന് ഇദേഹത്തിന്റെ ഉടുമുണ്ട് പറിച്ചു കളയുകയും ചെയ്തത്.
ഈ സംഭവത്തില്‍ നാല് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പേരില്‍ തൊടുപുഴ പോലീസ് കേസ് എടുത്തിരുന്നു. അബി പുത്തന്‍പുര, പ്രവീണ്‍ വാസു, നിഷാദ് കളരിക്കല്‍, നിഷാദ് കുളത്തിങ്കല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. എന്നാല്‍ തുടര്‍നടപടി വൈകുന്നതായി ആരോപിച്ച് ലീഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സംഭവത്തില്‍ ആഭ്യന്തര മന്ത്രി ഇടപെട്ടത്. ഇതിനിടെ ഉണ്ടപ്ലാവില്‍ സിപിഎം നേതാവും മുന്‍ നഗരസഭാ ചെയര്‍മാനുമായ എംപി ഷൗക്കത്തലിയുടെ വീടിനു നേരെ കല്ലേറു നടന്ന സംഭവവും അന്വേഷിക്കാന്‍ രമേശ് ചെന്നിത്തല ഉത്തരവിട്ടിട്ടുണ്ട്.
ഓപ്പറേഷന്‍ കുബേരയില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടക്കുമെന്നും രമേശ് ചെന്നിത്തല രാഷ്ട്ര ദീപികയോട് വ്യക്തമാക്കി. തെറ്റിദ്ധാരണ നടത്തുന്ന രീതിയില്‍ ആരു പ്രസ്ഥാവന നടത്തിയാലും ഓപ്പറേഷന്‍ കുബേരയുടെ പ്രാധാന്യമറിയുന്ന കേരള ജനത അത് തള്ളിക്കളയുമെന്നും ചെന്നിത്തല പറഞ്ഞു.