
തിരുവനന്തപുരം: വനിതാ അംഗത്തെ ലീഗ് ജനറല്‍ സെക്രട്ടറിയും കൂട്ടരും കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പരാതി. മലപ്പുറം കണ്ണമംഗലം പഞ്ചായത്ത് അംഗമായ ലീഗ് നേതാവ് നെടുമ്പള്ളി സെയ്ദലവിക്കും സുഹൃത്തും ലീഗ് പ്രവര്‍ത്തകനുമായ ഫസല്‍ ആബിദ് അതേ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ വനിതാ ലീഗ് മെമ്പറെ പീഡിപ്പിക്കുകയും, ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും അത് കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി. മുന്‍ പഞ്ചായത്ത് പ്രസിഡന്റും നിലവില്‍പഞ്ചായത്ത് അംഗവുമാണ് കണ്ണമംഗലത്ത് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറിയായ പ്രതി. ശേഷം പല സ്ഥലങ്ങളിലും എത്തിച്ച് വീണ്ടും വീണ്ടും പീഡിപ്പിച്ചു.
മുസ്ലീം ലീഗിനെതിരായ ശക്തമായ ആരോപണമായി എഎന്‍ ഷംസീര്‍ ഈ വിഷയം നിയമ സഭയില്‍ ഉയര്‍ത്തി. ലീഗ് വനിതാ അംഗത്തെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടാണ് ഷംസീര്‍ സബ്മിഷനുമായി രംഗത്തെത്തിയത്. പരാതിക്കാരിയുടെ പരാതിയില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സെയ്തലവിയെ അറസ്റ്റ് ചെയ്തിട്ടും ഫസലിനെ പിടികൂടാനായിട്ടില്ല. അതിനാല്‍ ക്രൈംബ്രാഞ്ചിനെ കേസ് ഏല്‍പ്പിക്കണം. ലീഗ് പ്രതികളെ സംരക്ഷിക്കുകയാണ്. സ്ത്രീകള്‍ പൊതുരംഗത്തേക്ക് വരാന്‍ മടിക്കുന്ന ഘട്ടത്തില്‍ സംഭവം ഗുരുതരമാണെന്നും സഭ ഇടപെടണമെന്നും ഷംസീര്‍ ആവശ്യപ്പെട്ടു. പ്രതികളെ സംരക്ഷിക്കുന്നത് ലീഗാണെന്ന് കുടുംബം ആരോപിക്കുന്നുണ്ടെന്നും അതിനാല്‍തന്നെ ഉന്നത നിലയിലുള്ള അന്വേഷണം വേണമെന്നും ഷംസീര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മറുപടിയും സമാനമായ നിലയില്‍ കേസിന്റെ വിശദാംശങ്ങള്‍ വിശദീകരിച്ചായിരുന്നു. സഹമെമ്പറെ ലീഗ് നേതാവ് പഞ്ചായത്ത് ഹാളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതിയെന്ന് മുഖ്യമന്ത്രി മറുപടിയില്‍ പറയുന്നു. പിന്നീട് ഈ പീഡനത്തിന്റെ ചിത്രങ്ങള്‍ കാട്ടി, വനിതാമെമ്പറെ വീട്ടില്‍ അതിക്രമിച്ച് കയറി നേതാവ് ബലാത്സംഗം ചെയ്തു. പുറത്ത് പറഞ്ഞാല്‍ ഭര്‍ത്താവിനെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മാര്‍ച്ച് ഒന്നിന് പൊലീസില്‍ വനിതാഅംഗം മൊഴി നല്‍കിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു.
ദൃശ്യങ്ങള്‍ ചിത്രീകരിച്ചുവെന്ന് പറയപ്പെടുന്ന മൊബൈല്‍ ഫോണ്‍ ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. ലീഗ് പ്രവര്‍ത്തകനായ ഫസല്‍ ആബിദ് അവിഹിതബന്ധമാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി, വ്യത്യസ്തസ്ഥലങ്ങളിലെ ഹോട്ടലുകളിലെത്തിച്ച് നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നാണ് മൊഴിയെന്നും മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചു. ഈ അന്വേഷണം പുരോഗമിക്കുകയാണ്. ഫസലിനെ പിടിക്കാനുള്ള സംവിധാനം പൊലീസ് സ്വീകരിക്കുമെന്നും, ഇതിനായി ആവശ്യമെങ്കില്‍ പ്രത്യേകടീമിനെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന മുദ്രാവാക്യവുമായി പ്രതിപക്ഷം മുന്നോട്ടുപോകുമ്പോള്‍, മുള്ളിനെ അതേമുള്ളുകൊണ്ട് എടുക്കാനാണ് ഭരണപക്ഷത്തിന്റെയും നീക്കം. ഇതിന്റെ ഭാഗമായാണ് പ്രതിപക്ഷത്തെ രണ്ടാമത്തെ കക്ഷിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കേസ് നിയമസഭയില്‍ എത്തിയതും. എന്തായാലും പൊതുരംഗത്തുള്ള സ്ത്രീകളെ സംരക്ഷിക്കണമെന്ന ആവശ്യമാണ് സബ്മിഷന്‍ അവതരിപ്പിച്ച എഎന്‍ ഷംസീറും മറുപടി പറഞ്ഞ മുഖ്യമന്ത്രിയും സഭയില്‍ പങ്കുവെച്ചത്.