മുസ്ലിം സമുദായത്തിൽ വിവാഹ മോചനത്തിനു മുത്തലാക്ക് ഉപയോഗിക്കുന്നതു തടയുന്നതിനു കേന്ദ്ര സർക്കാർ നിയമം കൊണ്ടുവരുന്നു. ബിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് നീക്കം. നിയമ ഭേദഗതി ബില്ലിന്റെ കരട് തയാറാക്കുന്നതിനായി കേന്ദ്ര സർക്കാർ മന്ത്രിതല സമിതിക്ക് രൂപം നൽകി. മുത്തലാക്കിനു സുപ്രീം കോടതി ഏർപ്പെടുത്തിയ നിരോധനം നിയമ വിധേയമാക്കുന്നതിനായാണ് സർക്കാരിന്റെ നീക്കം. മുസ്ലിം സ്ത്രീകളുടെ മൗലികാവകാശങ്ങളെയും ലിംഗ സമത്വത്തെയും ലംഘിക്കുന്നതാണെന്നും നിയമ വിരുദ്ധമാണെന്നും കണ്ടെത്തിയാണ് മുത്തലാക്ക് ഉപയോഗിക്കുന്നത് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ, മുത്തലാക്ക് ഉപയോഗിക്കുന്നവർക്കെതിരേ നിയമ നടപടി എന്തെന്ന കാര്യത്തിൽ അവ്യക്തത ഉടലെടുത്ത സാഹചര്യത്തിലാണ് സർക്കാർ നിയമ ഭേദഗതി വരുത്താൻ നടപടി ആരംഭിച്ചത്. മുത്തലാക്കിനു ഇരകളായ സ്ത്രീകൾ പരാതി നൽകിയാൽ നിയമ നടപടി എന്തെന്ന കാര്യത്തിൽ വ്യക്തത വരുത്താനാകും നിയമ ഭേദഗതിയിലൂടെ സർക്കാർ ഉദ്ദേശിക്കുന്നതും.
മുത്തലാക്ക് നിരോധിക്കാൻ കേന്ദ്ര സർക്കാർ നിയമം കൊണ്ടുവരുന്നു
Tags: muthalaq