തിരുവനന്തപുരം: ഗണപതി വിവാദത്തില്‍ സ്പീക്കര്‍ എഎന്‍ ഷംസീര്‍ മാപ്പ് പറയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തിരുത്തി പറയാനും ഉദ്ദേശിക്കുന്നില്ല. സിപിഎം മതവിശ്വാസങ്ങള്‍ക്കെതിരാണെന്ന് എല്ലാ കാലത്തും പ്രചാരണം നടന്നിരുന്നു. എന്നാല്‍ ഒരു കാലത്തും മതവിശ്വാസത്തിനെതിരായ നിലപാട് സിപിഎം എടുത്തിട്ടില്ല. എല്ലാ വിശ്വാസികളുടെ വിശ്വാസികളല്ലാത്തവരുടെയും ജനാധിപത്യ അവകാശം സംരക്ഷിക്കുകയാണ് സിപിഎം ചെയ്യുന്നത്. ആ നിലപാട് എന്നും സിപിഎം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഷംസീറിനെ ബിജെപി ലക്ഷ്യം വയ്ക്കുന്നതിന് പിന്നില്‍ കൃത്യമായ വര്‍ഗീയ അജണ്ടയാണ്. ഷംസീറിനെ പാര്‍ട്ടി ഒറ്റക്കെട്ടായി പ്രതിരോധിക്കും. വിശ്വാസി വിശ്വാസിയായും അവിശ്വാസി അവിശ്വാസി ആയും ജീവിക്കട്ടെ. ചരിത്രം ചരിത്രമായും മിത്ത് മിത്തായും വിശ്വാസം വിശ്വാസമായും കാണണം. ഒന്നിന്റെയും പേരില്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഗണപതി മിത്താണ്. അല്ലാതെ ഗണപതി ശാസ്ത്രം ആണെന്ന് പറയാനാകുമോയെന്ന് എംവി ഗോവിന്ദന്‍ ചോദിച്ചു. ഈ വിവാദങ്ങളുടെയെല്ലാം ലക്ഷ്യം 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പാണ്. കേരളത്തിലെ ജനങ്ങള്‍ ലോക നിലവാരത്തിലെ വിദ്യാഭ്യാസത്തിന് ഒപ്പമെത്തുകയാണ്. ഇങ്ങനെയെന്തെങ്കിലും പറഞ്ഞ് കേരളത്തിലെ ജനങ്ങളെ പാട്ടിലാക്കാന്‍ കഴിയില്ലെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.