കൊച്ചി :തദ്ദേശസ്വയംഭരണവകുപ്പു മന്ത്രിയായിരിക്കെ എം.വി. ഗോവിന്ദൻ ഫയര്‍ എന്‍.ഒ.സിയില്ലാത്ത 14 നില ഫ്‌ളാറ്റ് സമുച്ചയത്തിന് താമസ അനുമതിനൽകി!!എം.വി. ഗോവിന്ദന്റെ ഇടപെടല്‍ വലിയ വിവാദത്തില്‍. എന്‍.ഒ.സി. ഇല്ലാതെ തന്നെ താമസാനുമതി നല്‍കുന്ന കാര്യം പരിഗണിക്കാന്‍ തൃക്കാക്കര നഗരസഭസെക്രട്ടറിക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ഭാരത് മാതാ കോളജിന് സമീപമുള്ള റീഗല്‍ വലേന്‍സിയ ഫ്‌ളാറ്റിലെ താമസക്കാര്‍ നല്‍കിയ പരാതി പ്രകാരമായിരുന്നു 2022 ജൂണ്‍ 21ന് മന്ത്രിയുടെ വിവാദ ഉത്തരവ്. അഗ്‌നിരക്ഷാവാഹനങ്ങള്‍ക്കു കടന്നുവരാന്‍ സഞ്ചാരപാതയില്ലാത്തതിനാലാണ് 2015 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പാര്‍പ്പിട സമുച്ചയത്തിന് ഫയര്‍ ആന്‍ഡ് സേഫ്‌റ്റിവിഭാഗം അധികൃതര്‍ എന്‍.ഒ.സി. നല്‍കാതിരുന്നത്.2015 നവംബര്‍ 25ന് നഗരസഭാ അധികൃതര്‍ ഈ കെട്ടിടസമുച്ചയത്തിന് താമസാനുമതി നല്‍കിയിരുന്നെങ്കിലും ഫയര്‍ എന്‍.ഒ.സി. ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി പിന്നീട് അനുമതി റദ്ദു ചെയ്യുകയായിരുന്നു.
ദുരന്തനിവാരണത്തിനെത്തുന്ന അഗ്‌നിരക്ഷാസേനാ വാഹനങ്ങള്‍ക്കും ആംബുലന്‍സുകള്‍ക്കും വരാനും, തിരികെ പോകാനും അഞ്ചു മീറ്റര്‍ വീതിയില്‍ റോഡ് വേണമെന്ന അഗ്‌നിരക്ഷാ വിഭാഗത്തിന്റ നിബന്ധന ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ പാലിച്ചില്ല. നിലവില്‍ 3.80 മീറ്റര്‍ മാത്രം വീതിയുള്ള വഴിയാണുള്ളത്. ഏഴു കൊല്ലമായിട്ടും ഫയര്‍ എന്‍.ഒ.സി. ലഭിക്കാത്തെ കെട്ടിട സമുച്ചയത്തിനാണ് മന്ത്രിയുടെ നിര്‍ദേശ പ്രകാരം ചട്ടവിരുദ്ധമായി താമസാനുമതി നല്‍കിയത്.