കണ്ണൂര്‍: സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി സിപിഐഎം നേതാവ് എംവി ജയരാജന്‍ രംഗത്ത്. പോലീസിന്റെ പ്രവര്‍ത്തനം ശരിയല്ലാത്തതു കൊണ്ടാണ് ഇത്തരം അക്രമങ്ങള്‍ പെരുകിവരുന്നതെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു. പൊലീസ് ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
ആര്‍എസ്എസിന്റെ അക്രമങ്ങള്‍ക്കെതിരെ ജില്ലാ പൊലീസ് മേധാവി നടപടിയെടുക്കാത്തതാണ് പ്രശ്നങ്ങള്‍ രൂക്ഷമാകാന്‍ കാരണമായതെന്ന് സിപിഐഎം നേതാവ് എംവി ജയരാജന്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇത് രണ്ടാം തവണയാണ് കണ്ണൂരിലെ സിപിഐഎം നേതാക്കള്‍ പൊലീസിനെതിരേ പരസ്യമായി രംഗത്തുവരുന്നത്.
പയ്യന്നൂരില്‍ ബിഎംഎസ് പ്രവര്‍ത്തകന്‍ രാമചന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഡിവൈഎഫ്ഐ നേതാവിനെതിരെ പൊലീസ് കാപ്പ ചുമത്തിയതില്‍ വിമര്‍ശനവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ യുഡിഎഫ് ഭരണകാലത്ത് നടപ്പാക്കിയ പൊലീസ് നയമാണ് ഇപ്പോഴും തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഡിവൈഎഫ്ഐ മേഖല കമ്മിറ്റി ഭാരവാഹിയായ ടിസിവി നന്ദകുമാറിനെയാണ് പൊലീസ് ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി കാപ്പ ചുമത്തിയിരുന്നത്. ബിഎംഎസ് പ്രവര്‍ത്തകന്‍ രാമചന്ദ്രനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ നന്ദകുമാര്‍ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയിരുന്നു. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ കാപ്പ ചുമത്തരുതെന്നാണ് തന്റെ നിലപാടെന്നും ജയരാജന്‍ പറഞ്ഞു.
പയ്യന്നൂര്‍ മേഖലയില്‍ നിലനില്‍ക്കുന്ന നിരവധി വിഷയങ്ങളില്‍ പൊലീസിന്റെ ഭാഗത്തു നിന്നും നീതി ലഭിക്കുന്നില്ലെന്നാണ് സിപിഐഎം പ്രവര്‍ത്തകരുടെ പരാതി. പലതവണ ഇത് സംബന്ധിച്ച് പരാതി ഉന്നയിച്ചത് ആഭ്യന്ത വകുപ്പ് ചെവികൊള്ളുന്നില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
ധന്‍രാജ് കൊലപാതകത്തില്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്തതിനും രാമചന്ദ്രന്‍ കൊലക്കേസ് പ്രതിയായ സിപിഐഎം പ്രവര്‍ത്തകന്‍ നന്ദകുമാറിനെതിരെ കാപ്പ നിയമ ചുമത്തിയതിനും നേതാക്കള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായി.