കൊല്ലം: കൊല്ലം കലക്ടറേറ്റിലുണ്ടായ സ്ഫോടനത്തിനു സമാനമായ രീതിയിലാണ് മൈസൂര്‍ കോടതി വളപ്പിലുണ്ടായ സ്‌ഫോടനവും. ബോംബ് പൊതിഞ്ഞിരുന്നത് മലയാളം പേപ്പറിലായിരുന്നുവെന്നും അന്വേഷണം സംഘം കണ്ടെത്തി. മൈസൂര്‍ സ്‌ഫോടനത്തിന് കേരള ബന്ധമുണ്ടെന്നാണ് വിലയിരുത്തല്‍.
ഇതോടെയാണ് സ്ഫോടനത്തിന് പിന്നില്‍ മലയാളി കരങ്ങള്‍ തന്നെയാണെന്ന വിധത്തിലേക്ക് കാര്യങ്ങള്‍ എത്തിയതും. മൈസൂരിലെ സ്ഫോടന സ്ഥലം സന്ദര്‍ശിച്ച എന്‍ഐഎ സംഘം കണ്ടെത്തിയത് ബോംബുകള്‍ പൊതിഞ്ഞിരുന്നത് മലയാളത്തിലും ഇഗ്ലീഷിലുമുള്ള പേപ്പറുകളാല്‍ പൊതിഞ്ഞാണ് എന്നായിരുന്നു. സ്ഫോടനത്തിന് കൊല്ലത്തും ആന്ധ്രാപ്രദേശിലെ ചിറ്റൂരിലുമുണ്ടായ സ്ഫോടനങ്ങളുമായും സാമ്യമുണ്ടായിരുന്നു. മൈസൂര്‍ ജില്ലാ കോടതി വളപ്പില്‍ തിങ്കളാഴ്ച വൈകിട്ടുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കൊല്ലത്ത് നിന്നുള്ള പ്രത്യേക അന്വേഷണ സംഘം മൈസൂരിലെത്തിയിരുന്നു.
സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്പി റെക്സ്റോബി അര്‍വിന്‍, കൊല്ലം ഈസ്റ്റ് എസ്ഐ ജയകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം മൈസൂരിലെത്തിയത്. നിരോധിത മതതീവ്രവാദ സംഘടനയയായ അല്‍ഉമ്മയാണ് സ്ഫോടനത്തിന് പിന്നിലെന്നാമ് സംശയങ്ങള്‍.. മൂന്നു സംഭവങ്ങളിലും ആളപായമുണ്ടാകാത്തതിനാല്‍ ജനങ്ങളില്‍ ഭീതി പരത്തുക മാത്രമാണ് സ്ഫോടനങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ലക്ഷ്യമെന്നാണ് നിഗമനം. കൊല്ലം കളക്ടറേറ്റ് വളപ്പില്‍ നിറുത്തിയിട്ടിരുന്ന ജീപ്പിലാണ് ബോംബ് പൊട്ടിയത്. ഒരാള്‍ക്കു നിസാര പരിക്കേറ്റു. കളിപ്പാട്ടങ്ങളില്‍ ഉപയോഗിക്കുന്ന ഒമ്പതു വോള്‍ട്ടിന്റെ ഡ്രൈ സെല്ലുകളാണ് ബോംബില്‍ ഉപയോഗിച്ചത്. അതില്‍ ഒരു ബാറ്ററിക്ക് കേരളത്തില്‍ ഡീലര്‍മാരില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സമാനമായ രീതിയില്‍ നിര്‍മ്മിച്ച ബോംബാണ് മൈസൂര്‍ സ്ഫോടനത്തിലും ഉപയോഗിച്ചത്. മൈസൂരില്‍നിന്നുള്ള അന്വേഷണ സംഘം തുടരന്വേഷണത്തിനായി കൊല്ലത്തെത്തും.
ഗണ്‍ പൗഡറും ടൈമറും ഉപയോഗിച്ചാണ് രണ്ടിടത്തും സ്ഫോടനം നടത്തിയിരിക്കുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കര്‍ണാടക പൊലീസ് സംഘം ഇന്ന് കൊല്ലത്ത് എത്തിയേക്കും. ജൂണ്‍ 15നുണ്ടായ കളക്ട്രേറ്റ് സ്ഫോടനത്തില്‍ കോടതിയിലെത്തിയ ഒരാള്‍ക്ക് പരിക്ക് പറ്റിയതൊഴിച്ചാല്‍ വലിയ ദുരന്തങ്ങള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെയാണ് ഉത്തരവാദിത്തം ഏറ്റെടുക്കാനായി രംഗത്ത് വരാന്‍ ഭീകരസംഘടന തയ്യാറാകാത്തതെന്നാണ് രഹസ്യാന്വേഷണസംഘത്തിന്റെ നിഗമനം.
സ്റ്റീല്‍പാത്രത്തില്‍ സജ്ജമാക്കിയ ടൈമര്‍ബോംബ് സിജെഎം കോടതിക്ക് സമീപം ഉപയോഗശൂന്യമായി ഇട്ടിരുന്ന തൊഴില്‍വകുപ്പിന്റെ ജീപ്പിലാണ് ഒളിപ്പിച്ചിരുന്നത്. സമീപത്ത് നൂറുകണക്കിന് ഇരുചക്രവാഹനങ്ങളും കോടതി ജീവനക്കാരുടെയും വക്കീലന്മാരുടെയും മറ്റും കാറുകളും പാര്‍ക്ക് ചെയ്തിരുന്നു. സ്ഫോടനമുണ്ടായ ജീപ്പില്‍ ഇന്ധനമുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ ആള്‍നാശവും ദുരന്തവും ഉറപ്പായിരുന്നു.