ന്യൂയോര്‍ക്ക്: ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് ശക്തമായ സുവിശേഷപ്രഘോഷണങ്ങളിലൂടെ ശ്രദ്ധേയനായ നബീൽ ഖുറേഷി വിടവാങ്ങി. 34 കാരനായ നബീല്‍ ഉദരത്തില്‍ ക്യാൻസർ ബാധിച്ചതതിനെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ ചികിത്സയിലായിരുന്നു. ക്യാന്‍സറിന്റെ അവസാനത്തെ സ്റ്റേജാണെന്നു ഡോക്ടര്‍മാര്‍ തന്നോടു പറഞ്ഞുവെന്നും തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള വീഡിയോ അടുത്തിടെയാണ് നബീല്‍ പുറത്തിവിട്ടത്. നബീല്‍ മരിച്ച കാര്യം പ്രശസ്ത വചനപ്രഘോഷകനായ രവി സഖറിയാസാണ് ലോകത്തെ അറിയിച്ചത്.
കാലിഫോർണിയയിലേക്ക് കുടിയേറിയ യാഥാസ്ഥിതിക പാക്കിസ്ഥാനി മുസ്ലിം കുടുംബത്തിൽ ജനിച്ച നബീല്‍ മതപരമായ കാര്യങ്ങളിൽ വലിയ അച്ചടക്കം പാലിച്ചിരിന്നു. പിന്നീട് ഇസ്ലാമിനെ കുറിച്ച് ആഴത്തില്‍ പഠിക്കുവാന്‍ തുടങ്ങിയ അദ്ദേഹം സഹപാഠികളുമായി വാദപ്രതിവാദത്തിലേർപ്പെടുന്നത് പതിവായി. ക്രിസ്ത്യാനികൾക്ക് മൂന്നു ദൈവങ്ങൾ ഇല്ലേ? ബൈബിൾ തിരുത്തിയതാണ്, യേശു കുരിശില്‍ മരിച്ചില്ലാ- ആദ്യകാലഘട്ടങ്ങളില്‍ കൈസ്തവ വിശ്വാസത്തെ നബീല്‍ ചോദ്യം ചെയ്തിരിന്നത് ഈ വാദങ്ങളിലൂടെയായിരിന്നു.
പിന്നീട് ഈസ്റ്റേൺ വെർജീനിയ യൂണിവേഴ്സിറ്റിയിൽ പഠനത്തിനായി എത്തിയ നബീല്‍, ഡേവിഡ് വുഡ് എന്ന തന്റെ ക്രൈസ്തവ സുഹൃത്തുമായി ആരംഭിച്ച സംവാദമാണ് അദ്ദേഹത്തെ ക്രൈസ്തവ വിശ്വാസത്തിലേക്ക് ആനയിച്ചത്. പിന്നീട് സത്യദൈവം ക്രിസ്തു മാത്രമാണെന്ന് നബീല്‍ പ്രഘോഷിക്കുവാന്‍ ആരംഭിക്കുകയായിരിന്നു. ഇന്ത്യയില്‍ നിന്നു അമേരിക്കയിലേക്ക് കുടിയേറിയ രവി സഖറിയാസ് എന്ന സുവിശേഷപ്രഘോഷകന്റെ ഒപ്പമാണ് നബീല്‍ ദൈവരാജ്യത്തെ കുറിച്ചു പ്രഘോഷിക്കുവാന്‍ തുടങ്ങിയത്.
നബീല്‍ രചിച്ച സീക്കിംഗ് അള്ളാ: ഫൈണ്ടിംഗ് ജീസസ്, നോ ഗോഡ് ബട്ട് വണ്‍- അള്ളാ ഓര്‍ ജീസസ്, ആന്‍സറിംഗ് ജിഹാദ്: എ ബെറ്റര്‍ വേ ഫോര്‍വേഡ് എന്നീ പുസ്തകങ്ങള്‍ റെക്കോര്‍ഡ് കണക്കിനു കോപ്പികളാണ് വിറ്റഴിക്കപ്പെട്ടത്. ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലറായ തന്റെ മൂന്നാമത്തെ പുസ്തകം ‘നോ ഗോഡ് ബട്ട് വണ്‍- അള്ളാ ഓര്‍ ജീസസ്’ പുറത്തുവന്ന അതേദിവസം തന്നെയാണു നബീല്‍ തന്റെ രോഗവിവരവും ലോകത്തെ അറിയിച്ചത്.