കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകൻ നാദിര്‍ഷ നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തീര്‍പ്പാക്കി. കേസിൽ നാദിർഷായ്ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടില്ലെന്നും അതിനാൽ നാദിര്‍ഷയെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു.നാദിർഷായെ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെയാണ് ജാമ്യഹർജിയിൽ തീർപ്പ് കൽപ്പിച്ചത്. ആവശ്യമെങ്കിൽ നാദിർഷായെ ചോദ്യം ചെയ്യാമെന്നും കോടതി അറിയിച്ചു. എല്ലാവരെയും പ്രതിയാക്കിയാല്‍ ആര് സാക്ഷി പറയുമെന്ന് കോടതി ചോദിച്ചു. ആ പഴുത് ഉപയോഗിച്ച് ശരിക്കുള്ള പ്രതികള്‍ രക്ഷപ്പെടുമെന്നും കോടതി നിരീക്ഷിച്ചു. പള്‍സര്‍ സുനിയും വിഷ്ണുവും വിളിച്ചതുകൊണ്ട് മാത്രം പ്രതിയാകില്ല. ആവശ്യമെങ്കില്‍ നടപടിക്രമം പൂര്‍ത്തിയാക്കി അറസ്റ്റ് ചെയ്യാം. പ്രതികളുടെ എണ്ണം കൂടിയത് കൊണ്ട് കേസ് വലുതാകില്ലെന്നും കോടതി പറഞ്ഞു.
നാദിര്‍ഷ ചോദ്യം ചെയ്യലുമായി പൂര്‍ണമായി സഹകരിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതുവരെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ പരിഗണിച്ച ശേഷമാണ് കോടതി ഹര്‍ജി തീര്‍പ്പാക്കിയത്. വാദം കേള്‍ക്കുന്നതിനിടെ അറസ്റ്റ് വിലക്കി ഹൈക്കോടതി കഴിഞ്ഞയാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവ് ലഭിച്ചാല്‍ അക്കാര്യം കോടതിയെ അറിയിച്ച ശേഷം മാത്രമേ തുടര്‍നടപടി സ്വീകരിക്കാവൂ എന്നും കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.
നേരത്തേ, ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി തീര്‍പ്പാക്കിയിരുന്നു. അറസ്റ്റിന് സാധ്യതയില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് പ്രസക്തിയില്ലെന്ന് നിരീക്ഷിച്ചതിനെത്തുടര്‍ന്നാണ് കോടതി ഹര്‍ജി തീര്‍പ്പാക്കിയത്. കേസില്‍ കാവ്യയെ പ്രതിയാക്കിയിട്ടില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.
അതേസമയം ദിലീപിന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ വീഴ്ച കൊണ്ടല്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കോടതിയുടെ നിയമപരമായ നടപടി മാത്രമാണ് ജാമ്യം. നിയമപരമായി ഉടനെ കുറ്റപത്രം സമര്‍പ്പിക്കേണ്ട ആവശ്യമില്ല. കുറ്റപത്രം സമര്‍പ്പിക്കാന്‍ സമ്മര്‍ദ്ദമില്ലെന്നും ഡിജിപി പറഞ്ഞു.
85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. ജയിലിന് പുറത്ത് സഹപ്രവര്‍ത്തകരും ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരും വന്‍ വരവേല്‍പ്പാണ് ദിലീപിന് വേണ്ടി തയ്യാറാക്കിയത്. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷാ സംവിധാനങ്ങളും ജലിയിന് പുറത്ത് ഒരുക്കിയിരുന്നു.
ആരാധകര്‍ ലഡു വിതരണം ചെയ്തും ദിലീപിന്റെ വലിയ കട്ടൗട്ടില്‍ മാലയിട്ടുമാണ് സന്തോഷം പങ്കിട്ടത്. ദിലീപിനെ മോചിപ്പിക്കാനുള്ള അങ്കമാലി മജിസ്‌ട്രേറ്റിന്റെ ഉത്തരവുമായി സഹോദരന്‍ അനൂപാണ് ആലുവ സബ്ജയിലിലെത്തിച്ചത്.
കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.സോപാധിക ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 35 പേജുള്ള ജാമ്യഹര്‍ജിയാണ് ദിലീപ് സമര്‍പ്പിച്ചത്. അന്വേഷണം അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. ഗൂഢാലോചനക്കേസ് ആയതിനാല്‍ ഇനി ജയിലില്‍ തുടരേണ്ടതില്ലെന്നും കോടതി അറിയിച്ചു.
1. പാസ്‌പോര്‍ട്ട് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിക്കണം.
2. ഒരു ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കണം.
3. രണ്ട് ആള്‍ ജാമ്യവും നല്‍കണം.
4. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്.
5. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം.
ജസ്റ്റിസ് സുനില്‍ തോമസാണ് വിധി പറഞ്ഞത്. അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം അവസാന ഘട്ടത്തിലാണെന്ന വാദം കോടതി അംഗീകരിച്ചു.