കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകനും നടനുമായ നാദിര്‍ഷാ ചോദ്യം ചെയ്യലിനായി ഇന്ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് സൂചന. നിലവിലെ സാഹചര്യത്തില്‍ അന്വേഷണവുമായി സഹകരിക്കുന്നതാണ് നല്ലതെന്ന് നാദിര്‍ഷായ്ക്ക് നിയമോപദേശം ലഭിച്ചതായാണ് വിവരം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സന്നദ്ധനാണെന്ന കാര്യം മുതിര്‍ന്ന ഉദ്യോഗസ്ഥരെ നാദിര്‍ഷ അറിയിച്ചിരുന്നു.
നാദിര്‍ഷാ 11.30ന് എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇതുവരെ ഹാജരായിട്ടില്ല. കേസന്വേഷണത്തില്‍ മുഖ്യചുമതല വഹിക്കുന്ന പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസ് ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ആലുവ പൊലീസ് ക്ലബില്‍ എത്തിയിട്ടുണ്ട്. ഹാജരാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. നേരത്തേ, ദിലീപ് അറസ്റ്റിലാകുന്നതിനു മുന്‍പുള്ള ആദ്യഘട്ട ചോദ്യം ചെയ്യലില്‍ നാദിര്‍ഷായെയും ചോദ്യം ചെയ്തിരുന്നു. അന്നു 13 മണിക്കൂറോളമാണ് ഇരുവരെയും ചോദ്യം ചെയ്തത്. ഒരുമിച്ചിരുത്തിയും വെവ്വേറെ ഇരുത്തിയുമായിരുന്നു ചോദ്യം ചെയ്യല്‍. പിന്നീടു ദിലീപ് അറസ്റ്റിലായശേഷം ഒട്ടേറെപ്പേരുടെ മൊഴികള്‍ അന്വേഷണം സംഘം ശേഖരിച്ചിരുന്നു. ഈ മൊഴികളും നാദിര്‍ഷായുടെ മൊഴികളും പരിശോധിച്ച അന്വേഷണ സംഘത്തിനു പൊരുത്തക്കേടുകള്‍ ഉണ്ടെന്നു വ്യക്തമായി. ഇതോടെ നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണം സംഘം തയാറെടുത്തിരുന്നു.
അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജാമ്യാപേക്ഷ 13നു പരിഗണിക്കുന്നതിനായി മാറ്റിയിരിക്കുകയാണ്. അറസ്റ്റ് തടയണമെന്ന ആവശ്യം തള്ളി. അതേസമയം ചികിത്സതേടി ആശുപത്രിയില്‍ പ്രവേശിച്ച നാദിര്‍ഷായെ ഞായറാഴ്ച രാത്രി ഡിസ്ചാര്‍ജ് ചെയ്തു.ഞായറാഴ്ച രാത്രി 9.30 ഓടു കൂടിയാണ് നാദിര്‍ഷാ സ്വകാര്യ ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് വാങ്ങിയത്. സാധാരണ ഞായറാഴ്ചകളില്‍ ആശുപത്രിയില്‍ ഡിസ്ചാര്‍ജ് പതിവില്ലാത്തതാണെന്നും എന്നാല്‍ പ്രത്യേക അപേക്ഷയെ തുടര്‍ന്നാണ് നാദിര്‍ഷായെ ഡിസ്ചാര്‍ജ് ചെയ്തതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.