ഏറ്റുമാനൂരിലെ ഭക്ഷ്യവിഷബാധ: സൽക്കാര ഹോട്ടൽ അടച്ചു പൂട്ടാൻ ഉത്തരവ്; ഇന്ന് നടപടിയെടുക്കുമെന്നു നഗരസഭ

സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: ഭക്ഷ്യവിഷബാധ ഏറ്റ് ഒൻപതുവയസുകാരൻ ഗുരുതരാവസ്ഥയിലായതിനെ തുടർന്നു ഏറ്റുമാനൂരിലെ ഹോട്ടൽ സൽക്കാരയ്‌ക്കെതിരെ നഗരസഭ ആരോഗ്യ വിഭാഗം നടപടിയെടുത്തു. ഹോട്ടൽ പൂട്ടാനുള്ള നോട്ടീസ് നഗരസഭ ആരോഗ്യ വിഭാഗം നൽകി. ഇന്നു വൈകിട്ട് അഞ്ചു മണിക്കകം ഹോട്ടൽ പൂട്ടണമെന്ന  നിർദേശമാണ് അധികൃതർ നൽകിയിരിക്കുന്നത്.
പേരൂർ റോഡിൽ പ്രവർത്തിക്കുന്ന സൽക്കാര ഹോട്ടലിൽ നിന്നു കഴിഞ്ഞ ആറിനാണ് ഏറ്റുമാനൂർ പുന്നത്തറ സൗഭാഗ്യയിൽ ഇ.ആർ റെജിയുടെയും പി.കെ ബീനയുടെയും മകൻ പേരൂർ സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ വിദ്യാർഥി അഭിനവ് റെജി ഭക്ഷണം കഴിച്ചത്. ഇതേ തുടർന്നു അഭിനവിനും കുടുംബത്തിനും ഗുരുതരമായ ഭക്ഷ്യവിഷബാധ ഏറ്റിരുന്നു. തുടർന്നു അഭിനവ് കഴിഞ്ഞ ബുധ്‌നാഴ്ച മുതൽ തിങ്കളാഴ്ച രാവിലെ വരെ ഗുരുതരാവസ്ഥയിൽ കാരിത്താസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇതേ തുടർന്നാണ് റെജി നഗരസഭ ആരോഗ്യ വിഭാഗത്തിനും അധികൃതർക്കും പരാതി നൽകിയത്.
തുടർന്നു സൽക്കാര അടക്കം 20 ഹോട്ടലുകളിൽ റെയ്ഡ് നടത്തിയ നഗരസഭ അധികൃതർ ഇവിടെ നിന്നെല്ലാം പഴകിയ ഭക്ഷണം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. സൽക്കാരയിലെ ഭക്ഷണവും വെള്ളവും അടക്കം നഗരസഭ ആരോഗ്യ വിഭാഗം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഹോട്ടൽ പൂട്ടുന്നതിനായി ഇന്ന് രാവിലെ തന്നെ നഗരസഭ അധികൃതർ നോട്ടീസും നൽകി. വൈകിട്ട് അഞ്ചിനകം ഹോട്ടൽ പൂട്ടി സീൽ വയ്ക്കുന്നതിനാണ് തീരുമാനം.
Top