ന്യൂഡല്‍ഹി: ഐടി ഭീമനായ ഇന്‍ഫോസിസിന്റെ തലപ്പത്തേക്ക് മുന്‍ സിഇഓയും സഹസ്ഥാപകനുമായ നന്ദന്‍ നിലേകനി തിരിച്ചെത്തി.നിലേകനിയെ കമ്പനിയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുത്തു. ചെയര്‍മാന്‍ ആര്‍ ശേഷസായിയ്‌ക്കൊപ്പം വൈകിട്ട് രാജിവെച്ച കോ-ചെയര്‍മാന്‍ രവി വെങ്കിടേശന്‍ ബോര്‍ഡില്‍ ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടറായി തുടരും.തിരിച്ചു വരവില്‍ സന്തോഷമുള്ളതായി നിലേകനി പറഞ്ഞു.നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി ഇന്‍ഫോസിസില്‍ തിരിച്ചെത്തുന്നതില്‍ സന്തോഷം. ബോര്‍ഡിലെ സഹപ്രവര്‍ത്തകരോടൊപ്പം പ്രവര്‍ത്തിക്കും. കഴിഞ്ഞ മൂന്ന് വര്‍ഷം ഇന്‍ഫോസിസ് സിഇഒ ആയി സേവനമനുഷ്ടിച്ച വിശാല്‍ സിക്കയ്ക്ക് നന്ദി അറിയിക്കുന്നു.
ഇന്‍ഫോസിസിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ഏറ്റവും അനുയോജ്യനായ ചെയര്‍മാനാണ് നിലേകനിയെന്ന് മുന്‍ ചെയര്‍മാന്‍ ശേഷസായി പറഞ്ഞു. വരാന്‍ പോകുന്ന വര്‍ഷങ്ങളില്‍ തന്ത്രപരമായ നീക്കങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കമ്പനിയ്ക്കാകുമെന്ന് ശേഷസായി പ്രതീക്ഷ പ്രകടിപ്പിച്ചു.നന്ദൻ നിലേക്കനിയെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഡസനോളം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ പ്രതിനിധികൾ ഇൻഫോസിസ് ബോർഡിനു കത്തയച്ചിരുന്നു. മുൻ ചെയർമാൻ നാരായണ മൂർത്തിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് വിശാൽ സിക്ക രാജിവച്ചത്.നാരായണ മൂർത്തി, ക്രിസ് ഗോപാലകൃഷ്‌ണൻ, എസ്.ഡി. ഷിബുലാൽ, ടി.വി. മോഹൻദാസ് പൈ തുടങ്ങിയവർക്കൊപ്പം ഇൻഫോസിസ് ടെക്‌നോളജീസിനു തുടക്കമിട്ട നിലേക്കനി 1981 മുതൽ ഡയറക്‌ടർ ബോർഡ് അംഗമായിരുന്നു.
ഇൻഫോസിസിനെ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി ഉൽപന്ന കയറ്റുമതി കമ്പനിയായി വളർത്തുന്നതിൽ സുപ്രധാന പങ്കു വഹിച്ചിട്ടുള്ള അദ്ദേഹം 2002 മാർച്ച് മുതൽ 2007 ജൂൺ വരെ കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറും മാനേജിങ് ഡയറക്‌ടറുമായിരുന്നു. ക്രിസ് ഗോപാലകൃഷ്‌ണൻ പിന്നീട് ഈ സ്‌ഥാനത്തെത്തിയതോടെ നിലേക്കനി കോ-ചെയർമാനായി. ഉത്തര കന്നഡയിലെ സിർസിയിൽ ജനിച്ച നിലേക്കനി ബാംഗ്ലൂർ, ധാർവാഡ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം ബോംബെ ഐഐടിയിൽനിന്നാണു ഇലക്‌ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയത്. എല്ലാ പൗരൻമാർക്കും തിരിച്ചറിയൽ നമ്പരും കാർഡും (യുണീക് ഐഡന്റിഫിക്കേഷൻ സ്‌കീം – യുഐഡി) നൽകാൻ നയം രൂപീകരിക്കുന്നതിനും പദ്ധതി നടത്തിപ്പിനുമായുള്ള ദേശീയ അതോറിറ്റിയുടെ ചെയർമാനായി നിയമിച്ചതിനെ തുടർന്നാണ് നിലേക്കനി ഇൻഫോസിസിൽനിന്നു രാജിവച്ചത്.കഴിഞ്ഞയാഴ്ച്ച സിഇഒ സ്ഥാനം ഒഴിഞ്ഞ വിശാല്‍ സിക്ക പുതിയ ആള്‍ സ്ഥാനമേറ്റെടുക്കുന്നതുവരെ വൈസ് ചെയര്‍മാനായി തുടരുകയായിരുന്നു. വിശാല്‍ സിക്ക, ജെഫ്രി എസ് ലേമാന്‍, ജോണ്‍ എച്ചമെന്‍ഡി എന്നിവര്‍ ഇന്‍ഫോസിസ് ബോര്‍ഡില്‍ നിന്ന് ഒഴിഞ്ഞു.