തിരുവനന്തപുരം: പുതുവത്സരാഘോഷം ലഹരിയില്‍ മുങ്ങുമെന്ന് റിപ്പോര്‍ട്ട്. ആഘോഷങ്ങള്‍ക്ക് കൊഴുപ്പ് കൂട്ടാന്‍ വന്‍ ലഹരി മാഫിയ ശ്രമിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. ലഹരിയുടെ വ്യാപകമായ ഉപയോഗം നടക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് എക്‌സൈസ് പൊലീസ് വകുപ്പുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന കര്‍ശനമാക്കി.
സംസ്ഥാനത്തിന്റെ പ്രധാന നഗരങ്ങളിലെ വിവിധ ലോഡ്ജുകളിലും മറ്റിടങ്ങളിലും നടക്കുന്ന ഡി.ജെ.പാര്‍ട്ടികളില്‍ അടക്കം ലഹരി വിരുന്ന് നടക്കാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് പോലീസ് പരിശോധന കര്‍ശനമാക്കുന്നത്.പ്രധാന നഗരങ്ങളിലെ ഹോട്ടലുകളും ലോഡ്ജുകളും ഉള്‍പ്പടെ വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകളും സ്വകാര്യ വ്യക്തികളുടെ താമസ സ്ഥലങ്ങളുമെല്ലാം പൊലീസിന്റെ നാല്‍കോട്ടിക് സെല്‍ നിരീക്ഷണത്തിലാണ്. കൂടാതെ എക്‌സൈസ് വിഭാഗം ഇന്റലിജന്‍സിന്റെയും ശക്തമായ നിരീക്ഷണം നടക്കുന്നുണ്ട്. ഇവിടെ മുറികള്‍ ബുക്ക് ചെയ്യുന്നവരുടെയും മറ്റും വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലവും പരിശോധനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേരളത്തിന് പുറത്തുനിന്നും പുതുവത്സരാഘോഷത്തിനായി എത്തുന്നവരെ കുറിച്ചും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. അവരുടെ ശരിയായ രേഖകള്‍ സൂക്ഷിക്കാന്‍ സ്വകാര്യ റിസോര്‍ട്ടുകളും ഹോംസ്റ്റേ അധികൃരോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ലഹരിയുടെ കൈമാറ്റം നടക്കുന്നത് തടയാനും വിതരണക്കാരെ കണ്ടെത്താനും നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ മഫ്തിയില്‍ പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.
പുതുവത്സരാഘോഷം കൊഴുപ്പിക്കാനായി ലഹരി മരുന്നുകളുടെ വ്യാപക ഒഴുക്കാണ് ജില്ലയില്‍സംസ്ഥാനത്ത് നടക്കുന്നതെന്ന് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം നവംബറില്‍ കോഴിക്കോട് രണ്ട് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളില്‍ 17 ലക്ഷം രൂപയുടെ എല്‍.എസ്.ഡി. പിടികൂടിയിരുന്നു. ന്യൂ ഇയര്‍ ഡി.ജെ.പാര്‍ട്ടിക്കായി എത്തിച്ച സിന്തറ്റിക് മരുന്നുകള്‍, സ്റ്റാമ്പുകള്‍, എല്‍.ഡി.ഡി, എം.ഡി.എം (മെത്തിലിയന്‍ ഡയോക്‌സിമെത്താംഫിറ്റമിന്‍), ഹെറോയിന്‍, ബ്രൌണ്‍ ഷുഗര്‍ എന്നിവയുമായി നിരവധി പേരെ കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട് നഗരത്തില്‍ നിന്ന് പൊലീസ് പിടികൂടിയിരുന്നു.