വാൻഡൻബെർഗ്: നാസയുടെ ഛിന്നഗ്രഹ ദൗത്യം ഡാർട്ട് വിജയകരമായി വിക്ഷേപിച്ചു. കാലിഫോർണിയയിലെ വാൻഡൻബെർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്നായിരുന്നു വിക്ഷേപണം. പ്രാദേശിക സമയം വൈകുന്നേരം 6.20നായിരുന്നു ദൗത്യവുമായി ഫാൽക്കൺ-9 റോക്കറ്റ് കുതിച്ചുയർന്നത്.
ഡിഡിമോസ് എന്ന ഛിന്നഗ്രഹത്തെ ചുറ്റുന്ന ഡിമോര്ഫോസെന്ന ഛിന്നഗ്രഹത്തിന്റെ സഞ്ചാര ഗതി മാറ്റുകയാണ് ഡാർട്ടിന്റെ പ്രധാന ലക്ഷ്യം. ഛിന്നഗ്രഹത്തെ ഇടിച്ചുതെറിപ്പിക്കുന്ന ഡാര്‍ട്ട് പദ്ധതി വിജയിച്ചാല്‍ ഭൂമിയെ സംരക്ഷിക്കാനുള്ള വലിയ മുന്നേറ്റമായിരിക്കും ഉണ്ടാകുന്നത്. ഭൂമിയില്‍ നിന്ന് 1.1 കോടി കിലോമീറ്റര്‍ അകലെയായിരിക്കും കൂട്ടിയിടി നടക്കുക. ഈ ഛിന്നഗ്രഹം നിലവിൽ ഭൂമിക്ക് ഭീഷണിയല്ലെന്നും പരീക്ഷണത്തിന്റെ ഭാഗമായാണ് ഡാർട്ട് ദൗത്യം വിക്ഷേപിച്ചതെന്നും നാസ അറിയിച്ചു.
അടുത്ത വർഷം സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ ഡാർട്ട് ഛിന്നഗ്രവുമായി കൂട്ടിയിടിച്ച് അതിന്റെ ഭ്രമണപഥത്തിൽ മാറ്റം വരുത്തുമെന്നാണ് നാസയിലെ വിദഗ്ധർ കരുതുന്നത്. 160 മീറ്റർ വലുപ്പമാണ് ഡിമോര്ഫോസിനുള്ളത്. കൂട്ടിയിടിയുടെ ദൃശ്യങ്ങളും ഭൂമിയിലേക്ക് അയയ്ക്കും. ഭൂമിയിൽനിന്ന് ടെലസ്കോപ്പ് ഉപയോഗിച്ചും ഇതിനെ നിരീക്ഷിക്കും.