കൊല്ലം: വെള്ളാപ്പള്ളിയെ കൂടെപ്പിടിച്ചാലും കേരളത്തില്‍ ബി.ജെ.പി പച്ചതൊടില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. ജാതിഭേദമില്ലാതെ എല്ലാവരും സോദരത്വേന വാഴുന്ന നാടാണ് കേരളം. ഇത് ഇല്ലായ്മ ചെയ്യാന്‍ ആര്‍.എസ്.എസ് പരിശ്രമിക്കുകയാണ്. ഇതിനവര്‍ കൂട്ടുപ്പിടിച്ചത് വെള്ളാപ്പള്ളി നടേശനെയാണ്. അതിന്റെ ഭാഗമായിട്ടാണ് എസ്.എന്‍ കോളേജ് വളപ്പില്‍ സ്ഥാപിച്ച ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ മോദിയെ കൊണ്ടു വന്നതെന്ന് പിണറായി പറഞ്ഞു. നവകേരള മാര്‍ച്ചിന് കൊല്ലം കന്റോണ്‍മെന്റ് മൈതാനിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളാപ്പള്ളിയെ കൂടെനിര്‍ത്തുമ്പോള്‍ ആര്‍.എസ്.എസ് വിചാരിച്ചത് എസ്.എന്‍.ഡി.പിയൊന്നാകെ കൂടെ നില്‍ക്കുമെന്നാണ്. വെള്ളാപ്പള്ളിക്കും ആ ചിന്ത ഉണ്ടായിരുന്നു. പക്ഷേ, എസ്.എന്‍.ഡിപിയില്‍ അണിനിരന്ന ശ്രീനാരായണീയര്‍ വെള്ളാപ്പളളിയോട് പറഞ്ഞു, നിങ്ങള്‍ വല്ലതും കൈപ്പറ്റിയിട്ടുണ്ടങ്കില്‍ അതുമായി അവിടെ നിന്നോ. ഞങ്ങളെ പ്രതീക്ഷിക്കേണ്ട ഞങ്ങള്‍ ശ്രീനാരായണീയരാണ്.
ശ്രീനാരായണീയ ദര്‍ശനവും ആര്‍.എസ്.എസുമായി പൊരുത്തപ്പെട്ട് പോകില്ല. ശ്രീനാരായണീയര്‍ എടുത്ത ഈ നിലപാട് ചില്ലറ ഇച്ഛാഭംഗമല്ല രണ്ട് കൂട്ടര്‍ക്കും ഉണ്ടാക്കിയത്. വെള്ളാപ്പള്ളി സാധാരണ നിലയില്‍ നല്ല കരാറുകാരനാണല്ലോ. മകന് ഡല്‍ഹിയില്‍ ഒരു കസേര ഉറപ്പിച്ചിരുന്നു. കസേര കൊടുക്കേണ്ടവര്‍ക്ക് ഇപ്പോള്‍ മനസ്സിലായി ഇവരുടെ കയ്യില്‍ വലിയ കോപ്പൊന്നുമില്ലെന്ന്. അപ്പോള്‍ പിന്നെ അവര്‍ കസേര കൊടുക്കാന്‍ തയ്യാറായില്ല. ആര്‍.എസ്.എസ്സിനെ സഹായിക്കാന്‍ വേണ്ടി ഉണ്ടാക്കിയ പുതിയ പാര്‍ട്ടിയുടെ അദ്ധ്യക്ഷനായ വെള്ളാപ്പള്ളിയുടെ മകന്‍ തന്നെ ഡല്‍ഹിയില്‍ അന്വേഷിക്കാന്‍ പോയി. അപ്പോള്‍ അവര്‍ പറഞ്ഞു. ഇവിടെ കസേരയൊന്നുമില്ലെന്ന്. ഇപ്പോള്‍ അച്ഛനും മകനും മൂലയില്‍ കുത്തിയിരിക്കുകയാണ്.
കേരളത്തില്‍ ദൃഡമായ മതനിരപേക്ഷ മനസുണ്ട്. വര്‍ഗ്ഗീയത അവര്‍ പ്രേത്സാഹിപ്പിക്കില്ല. മതനിരപേക്ഷതയുടെ പേരില്‍ കള്ളക്കളി കളിക്കുന്നവരെയും അവര്‍ തിരിച്ചറിയും. ഈ നീക്കം വീണ്ടും ആവര്‍ത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട് ഇതിനെതിരെ കേരളത്തിന്റെ മതനിരപേക്ഷ മനസ് ശക്തമായി പ്രതികരിക്കണമെന്നും പിണറായി പറഞ്ഞു.
സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ. വരിഞ്ഞം രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജാഥാംഗങ്ങളായ എം.വി.ഗോവിന്ദ്രന്‍ മാസ്റ്റര്‍, എം.ബി.രാജേഷ് എം.പി, കെ.വരദരാജന്‍, എക്‌സ് ഏണ്‍സ്റ്റ് എന്നിവരും സംസാരിച്ചു.