കുമ്മനത്തിനായി ആർഎസ്എസ്, സുരേന്ദ്രനായി അമിത് ഷാ: കേരളത്തിലെ ബിജെപിക്ക് നാഥനുണ്ടാകുമോ..?

ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ദേശീയ സംഘടനാ ജനറൽസെക്രട്ടറി ബി.എൽ. സന്തോഷും ആർഎസ്എസ് സംസ്ഥാന നേതൃത്വവും തമ്മിൽ ഇതിനായി രഹസ്യചർച്ച നടത്തുന്നെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. പാലക്കാട്ടുനടന്ന രണ്ടാംഘട്ട ചർച്ചയിൽ, കുമ്മനം രാജശേഖരനെ വീണ്ടും അധ്യക്ഷപദവിയിലേക്കു കൊണ്ടുവരണമെന്ന് ആർഎസ്എസ് ആവശ്യപ്പെട്ടതായാണ് വിവരം.

കെ. സുരേന്ദ്രനെ അധ്യക്ഷനാക്കണമെന്നതാണ് ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെ ആവശ്യം. യുവജനങ്ങളെ ഇത്രയേറെ സ്വാധീനിച്ച കെ സുരേന്ദ്രൻ നേതൃത്വ പദവിയിലെത്തുന്നത് സംഘടനയ്ക്ക് വലിയ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. എന്നാൽ, ദേശീയ നേതൃത്വം ഏകപക്ഷീയ തീരുമാനമെടുക്കുന്നതിനെ ആർഎസ്എസ് എതിർത്തു. ഇക്കാര്യങ്ങൾ ചർച്ചചെയ്യാൻ കേന്ദ്രസംഘടനാ ജനറൽസെക്രട്ടറി കൊച്ചിയിലെ ആർഎസ്എസ് ആസ്ഥാനത്തെ ബൈഠക്കിൽ പങ്കെടുക്കുമെന്ന് കുരുതിയിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

ഉപതിരഞ്ഞെടുപ്പുകൾക്കുമുന്പ് കൊച്ചിയിൽ പ്രാഥമിക കൂടിയാലോചനകൾ നടന്നിരുന്നു. ഇതിന്റെ വിവരങ്ങൾ പുറത്തായതോടെയാണ് രണ്ടാംഘട്ട രഹസ്യചർച്ച പാലക്കാട്ടേക്കു മാറ്റിയത്.

ഗ്രൂപ്പ് നേതൃത്വം തങ്ങളുടെ ആളുകളെ അധ്യക്ഷസ്ഥാനത്തേക്ക് എത്തിക്കാൻ കേന്ദ്രത്തിൽ പലവഴിക്കും സമ്മർദംചെലുത്തുന്നുണ്ട്. പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, ശോഭാസുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ, സുരേഷ് ഗോപി തുടങ്ങിയവരെ അധ്യക്ഷസ്ഥാനത്തേക്കു പരിഗണിച്ചിരുന്നു. സിനിമാ ചിത്രീകരണത്തിന്റെ തിരക്കുപറഞ്ഞ് സുരേഷ്‌ഗോപി ആദ്യമേ പിന്മാറി. സുരേന്ദ്രനുവേണ്ടി മുരളീധര വിഭാഗവും രമേശിനുവേണ്ടി കൃഷ്ണദാസ് പക്ഷവും ശക്തമായി രംഗത്തുണ്ട്.

അവസാന നിമിഷം സമവായമെന്ന നിലയിൽ കെ.വി. ആനന്ദബോസിനെ അധ്യക്ഷസ്ഥാനത്തേക്കു കേന്ദ്രം കൊണ്ടുവെന്നേക്കുമെന്ന ചർച്ചയും പാർട്ടിക്കുള്ളിൽ കേൾക്കുന്നുണ്ട്. കുമ്മനം രാജശേഖരന് മാന്യമായ പരിഗണന കിട്ടണമെന്ന നിലപാടാണ് ആർ.എസ്.എസ്. നേതൃത്വത്തിനുള്ളത്. മുന്പ്, ആർ.എസ്.എസിനോട് ആലോചിക്കാതെയാണ് കേന്ദ്രനേതൃത്വം കുമ്മനത്തെ അധ്യക്ഷസ്ഥാനത്തുനിന്നു മാറ്റി മിസോറം ഗവർണറാക്കിയത്. അതിൽ അന്നുമുതൽ അവർ അതൃപ്തിയിലാണ്.

വട്ടിയൂർക്കാവിൽ കുമ്മനത്തെ മത്സരിപ്പിക്കണമെന്നായിരുന്നു ആർ.എസ്.എസിന്റെ ആവശ്യം. അധ്യക്ഷസ്ഥാനത്തേക്കു പരിഗണിക്കുന്നില്ലെങ്കിൽ കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തെ കൊണ്ടുവരണമെന്നും ആർ.എസ്.എസ്. ആവശ്യപ്പെടുന്നു. എന്നാൽ, കുമ്മനത്തെ തിരിച്ചുകൊണ്ടുവരുന്നതിൽ ദേശീയാധ്യക്ഷൻ അമിത് ഷായ്ക്കു താത്പര്യമില്ലെന്നാണറിയുന്നത്.

Top