വിജയ പ്രതീക്ഷ വട്ടിയൂര്‍ക്കാവില്‍: എന്‍എസ്എസിന്റെ അനുഗ്രഹം നേടാന്‍ ശ്രമം; തന്ത്രങ്ങളൊരുക്കി ബിജെപി

കേരളത്തില്‍ നടക്കാന്‍ പോകുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ ശക്തമായ പോരാട്ടം കാഴ്ച്ചവയ്ക്കാനൊരുങ്ങുകയാണ് ബിജെപി. വിജയ പ്രതീക്ഷയുള്ള മണ്ഡലങ്ങളായി കണക്കാക്കിയിരിക്കുന്നത് വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം എന്നിവിടങ്ങളെയാണ്. ഇവിടെ സ്വീകരിക്കേണ്ട അടവ് നയങ്ങള്‍ പാര്‍ട്ടി രൂപപ്പെടുത്തിക്കഴിഞ്ഞെന്നാണ് വിവരം.

ആറ് നിയമസഭ മണ്ഡലങ്ങളിലേയ്ക്കാണ് ഈ വര്‍ഷം ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ വട്ടിയൂര്‍ക്കാവിലും കോന്നിയിലും എന്‍.എസ്.എസ് നിലപാട് തങ്ങള്‍ക്ക് അനുകൂലമായാല്‍ മാത്രമേ ജയിക്കാനാവു എന്ന തിരിച്ചറിവാണ് പാര്‍ട്ടിക്കുള്ളത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ കെ.സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ എന്‍.എസ്.എസിന്റെ മനസറിഞ്ഞായിരുന്നില്ല എന്ന് ആരോപണം ഉയര്‍ന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബി.ജെ.പി വിജയപ്രതീക്ഷ വച്ചുപുലര്‍ത്തിയ പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന് പക്ഷേ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. എന്‍.എസ്.എസിന്റെ അതൃപ്തിയെ ശബരിമല വിഷയം മറികടക്കുമെന്നും, മികച്ച ഭൂരിപക്ഷത്തില്‍ ബി.ജെ.പി വിജയിക്കുമെന്നും പാര്‍ട്ടി വിലയിരുത്തിയിരുന്നു. എന്നാല്‍ എന്‍എസ്എസ് ഫാക്ടര്‍ വിചാരിച്ചിരുന്നതിലും ശക്തമാണെന്ന് ഫലം വന്നശേഷമാണ് പാര്‍ട്ടി മനസിലാക്കിയത്.

വട്ടിയൂര്‍ക്കാവില്‍ എം.എല്‍.എയായിരുന്ന കെ.മുരളീധരന്‍ ലോക്‌സഭാംഗമായ സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പ് അനിവാര്യമായി തീര്‍ന്നത്. ഇവിടെ കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയാവും എന്നാണ് മുന്‍പ് അറിഞ്ഞിരുന്നത്. എന്നാല്‍ കുമ്മനത്തിനെ ബി.ജെ.പി ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ത്തിയേക്കുമെന്നും, ഉപഅദ്ധ്യക്ഷ പദവി നല്‍കി തെക്കന്‍ കേരളത്തില്‍ പാര്‍ട്ടിക്ക് വേരോട്ടമുണ്ടാക്കുവാനുള്ള സംവിധാനം ഒരുക്കാന്‍ പാര്‍ട്ടി നിയോഗിക്കുമെന്നും സൂചനയുണ്ട്.

വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പിയിലെ മുതിര്‍ന്ന നേതാവ് രാധാകൃഷ്ണമേനോനെ സ്ഥാനാര്‍ഥിയാക്കുമെന്നാണ് ലഭിക്കുന്ന വിവരം. എന്‍.എസ്.എസ് നേതൃത്വവുമായി അദ്ദേഹത്തിനുള്ള അടുത്ത ബന്ധം നേട്ടമാവുമെന്ന് ബി.ജെ.പി കരുതുന്നു. ശബരിമല ആചാര സംരക്ഷണത്തിനായി കോടതി മുഖാന്തിരം ഏറെ ഇടപെടലുകള്‍ നടത്തുവാന്‍ നിരവധി പരാതികള്‍ രാധാകൃഷ്ണമേനോന്‍ നല്‍കിയിട്ടുണ്ട്.

സുപ്രീംകോടതിയില്‍ വിശ്വാസ സംരക്ഷണത്തിനായി റിവ്യൂഹര്‍ജി നല്‍കിയതില്‍ മേനോനും കക്ഷി ചേര്‍ന്നിരുന്നു. ഇതെല്ലാം എന്‍.എസ്.എസിന്റെ പ്രീതിക്ക് കാരണമാവുമെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം കണക്ക്കൂട്ടുന്നുണ്ട്. ഇതിനൊപ്പം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രയാര്‍ ഗോപാലകൃഷ്ണന്‍ വട്ടിയൂര്‍ക്കാവില്‍ നില്‍ക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ഇതും രാധാകൃഷ്ണമേനോന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് അടിത്തറ നല്‍കുന്നുണ്ട്.

Top