തൃണമൂല്‍ കോണ്‍ഗ്രസിനെ പിളര്‍ത്തി അമിത് ഷാ; എതിര്‍ പാര്‍ട്ടികളില്‍ നിന്നും ബിജെപിയിലേക്ക് ഒഴുക്ക്

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ പശ്ചിമ ബംഗാളില്‍ വമ്പന്‍ രാഷ്ട്രീയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. സംസ്ഥാനത്ത് ഭരണം പിടിക്കാനൊരുങ്ങുന്ന ബിജെപിയിലേക്ക് മറ്റ് പാര്‍ട്ടികളില്‍ നിന്നും നേതാക്കളുടെ ഒഴുക്കാണ് ഉണ്ടാകുന്നത്. ഇതില്‍ കനത്ത പ്രഹരമേറ്റത് മുഖ്യമന്ത്രി മമത ബാനര്‍ജിക്കും പാര്‍ട്ടിക്കുമാണ്.

തൃണമൂല്‍ കോണ്‍ഗ്രസിലെ ആറ് എം.എല്‍.എമാരും ഒരു എം.പിയും മുന്‍ എം.പിയും ഉള്‍പ്പെടെ ഒരു വിഭാഗത്തെ പിളര്‍ത്തി ബിജെപി പാളയത്തില്‍ എത്തിക്കാന്‍ കഴിഞ്ഞു. ഇവര്‍ക്ക് പുറമേ സി.പി.എം, സി.പി.ഐ, കോണ്‍ഗ്രസ് കക്ഷികളുടെ ഓരോ എം.എല്‍.എയും ബി.ജെ.പിയില്‍ ചേര്‍ന്നു. ബംഗാളില്‍ സമീപകാലത്തെ ഏറ്റവും വലിയ കൂറുമാറ്റമാണിത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എതിര്‍കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ വരുതിയിലാക്കാന്‍ ഏതറ്റം വരെയും പോകുന്ന തന്ത്രമാണ് ബി.ജെ.പി ബംഗാളിലും പയറ്റുന്നത്. മമതയുമായി തെറ്റി നിന്ന മുന്‍മന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലാണ് കൂറുമാറ്റം. ന്യൂനപക്ഷക്കാരുള്‍പ്പെടെ തൃണമൂലിന്റെ നിരവധി ജില്ലാ നേതാക്കളും മിഡ്നാപൂരില്‍ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത റാലിയില്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചു.

തൃണമൂലിന്റെ സമുന്നത നേതാവായിരുന്ന സുവേന്ദു അധികാരി ബി.ജെ.പിയില്‍ ചേര്‍ന്നത് അടുത്ത വര്‍ഷത്തെ നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള സുപ്രധാന രാഷ്ട്രീയ സംഭവവികാസമാണ്. സുവേന്ദുവിന് പിന്നാലെ വരും നാളുകളില്‍ തൃണമൂലില്‍ നിന്ന് ബി.ജെ.പിയിലേക്ക് നേതാക്കളുടെ ഒഴുക്കുണ്ടായേക്കും. തൃണമൂല്‍ എം.എല്‍.എമാരായ ബാണശ്രീ മൈതി, ബിശ്വജിത് കുണ്ടു, സൈകത് പാഞ്ജ, ശീല്‍ഭദ്ര ദത്ത, സുക്റ മുണ്ട, ദിപാലി ബിശ്വാസ്, എം.പിയായ സുനില്‍കുമാര്‍, മുന്‍ എം.പി ദശരഥ് തിര്‍ക്കി, മുന്‍ മന്ത്രി ശ്യാമപ്രസാദ് മുക്കര്‍ജി എന്നിവരാണ് ബി.ജെ.പിയിലേക്ക് പോയത്.

ഇവരില്‍ ദിപാലി ബിശ്വാസ് 2016ല്‍ സി.പി.എം ടിക്കറ്റിലാണ് ജയിച്ചത്. 2018ല്‍ തൃണമൂലില്‍ ചേര്‍ന്ന ഇവര്‍ എം.എല്‍.എ സ്ഥാനം രാജിവച്ചിരുന്നില്ല. താപസി മണ്ടല്‍ (സി.പി.എം), അശോക് ദിന്‍ഡ ( സി.പി.ഐ ), സുദീപ് മുക്കര്‍ജി (കോണ്‍ഗ്രസ് ) എന്നിവരാണ് ബി.ജെ പിയില്‍ ചേര്‍ന്ന മറ്റ് എം.എല്‍.എമാര്‍.

Top