ബിജെപിക്കാരന്റെ കൊലയ്ക്കു കാരണം രാഷ്ട്രീയ വിരോധമാണെന്ന് മുഖ്യമന്ത്രി; ധനരാജിനെ കൊന്നതിനുള്ള പക സിപിഎം തീര്‍ത്തോ?

p-vijayan

തിരുവനന്തപുരം: കണ്ണൂരില്‍ വേട്ടെറ്റു മരിച്ച ബിജെപി പ്രവര്‍ത്തകന്റെ കൊലയ്ക്കു പിന്നില്‍ സിപിഎമ്മാണെന്ന് ആരോപണമുയരുമ്പോള്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയനെത്തി. ബിജെപിക്കാരന്റെ കൊലയ്ക്കു കാരണം സിപിഎം പ്രവര്‍ത്തകന്റെ കൊലയിലുള്ള പകയെന്ന് പിണറായി പറഞ്ഞു.

രാഷ്ട്രീയ വിരോധമാണ് കൊലയ്ക്ക് കാരണമായത്. സിപിഎം പ്രവര്‍ത്തകനായ ധനരാജിനെ 10 ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്നു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഈ കൊലപാതകത്തിന്റെ വിരോധമാണ് രാമചന്ദ്രന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. രണ്ടു സംഭവങ്ങളിലും പൊലീസ് അന്വേഷണം സുഗമമായി മുന്നോട്ടു പോകുന്നതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു. പൊലീസ് ഫലപ്രദമായി ഇടപെട്ടതിനാല്‍ കണ്ണൂരില്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

കണ്ണൂരിലെ അക്രമരാഷ്ട്രീയം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്തെ ക്രമസമാധാനനില തകരാറിലായെന്ന പ്രചാരണം തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എംഎല്‍എയാണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയത്.

ചെറിയ ഇടവേളയ്ക്കു ശേഷം കണ്ണൂര്‍ ജില്ലയില്‍ വീണ്ടുമുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നു പയ്യന്നൂര്‍ പ്രദേശത്തു വ്യാപക അക്രമമുണ്ടായി. തിങ്കളാഴ്ച രാത്രി 10 മണിയോടെ കുന്നരു കാരന്താട്ട് സിപിഎം പ്രവര്‍ത്തകനായ സി.വി.ധനരാജിനെ(36)യും തുടര്‍ന്ന് അര്‍ധരാത്രിയോടെ ഓട്ടോറിക്ഷ ഡ്രൈവറും ബിഎംഎസ് പ്രവര്‍ത്തകനുമായ അന്നൂര്‍ സ്വദേശി സി.കെ.രാമചന്ദ്രനെ(46)യും വീട്ടുമുറ്റത്ത് ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു.

കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ചു വെട്ടേറ്റ ധനരാജിനെ പരിയാരം മെഡിക്കല്‍ കോളജിലും കുത്തേറ്റ രാമചന്ദ്രനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. അതേസമയം ധനരാജിന്റെ കൊലപാതകത്തില്‍ ബിജെപി പ്രവര്‍ത്തകരായ പത്തുപേര്‍ക്കെതിരെയും രാമചന്ദ്രന്റെ ഭാര്യയുടെ പരാതിയില്‍ അന്‍പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും പയ്യന്നൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Top