പാലക്കാട്: നീറ്റ് പരീക്ഷക്ക് മുന്നോടിയായി നടന്ന സെക്യൂരിറ്റി ചെക്കിംഗ് അതിരു കടന്നതായി പരാതി. പാലക്കാട് ജില്ലയിലെ കൊപ്പത്തുള്ള ലയന്‍സ് സ്‌കൂളിലെ നിരീക്ഷകനെതിരെയാണ് വിദ്യാര്‍ത്ഥിനി പരാതി നല്‍കിയിട്ടുള്ളത്. പരീക്ഷ എഴുതുന്നതിന് ഹാളില്‍ കയറുന്നതിനു മുന്‍പ് മെറ്റല്‍ ഹുക്ക് ഉണ്ടെന്ന കാരണം പറഞ്ഞു വിദ്യാര്‍ത്ഥിനിയോടു ബ്രാ ഊരിമാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ശേഷമാണ് മറ്റു സ്‌കൂളുകളില്‍ ഒന്നും ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് വിദ്യാര്‍ത്ഥിനി മനസിലാക്കിയത്.
നീറ്റ് പരീക്ഷ എഴുതുന്നവര്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ക്കനുസരിച്ചു ഇളം നിറത്തിലുള്ള കൈ നീളം കുറഞ്ഞ ടോപ് ആണ് പരീക്ഷയ്ക്ക് എത്തുമ്പോള്‍ വിദ്യാര്‍ത്ഥിനി ധരിച്ചിരുന്നത്. ഹാളില്‍ കയറിയ ശേഷം ഇന്‍വിജിലേറ്ററുടെ നോട്ടം ഏറെ ബുദ്ധിമുട്ടുണ്ടാക്കിയതായി എറണാകുളം ടൗണ്‍ പോലീസ് സ്റ്റേഷനില്‍ കൊടുത്ത പരാതിയില്‍ ഇവര്‍ പറയുന്നു. ഇതില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ചോദ്യപേപ്പര്‍ ഉപയോഗിച്ച് മാറ് മറച്ചു പിടിക്കേണ്ടി വന്നു എന്ന് വിദ്യാര്‍ത്ഥിനിയുടെ ബന്ധു പറഞ്ഞു.
സംഭവത്തില്‍ പരീക്ഷാ നിരീക്ഷകനെതിരെ പൊലീസ് കേസെടുത്തു.