ചെന്നൈ: പരിഭാഷയില്‍ പിഴവ് സംഭവിച്ചതിനെത്തുടര്‍ന്ന് ഈ വര്‍ഷം നീറ്റ് പരീക്ഷ തമിഴില്‍ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് 196 അധിക മാര്‍ക്ക് നല്‍കാന്‍ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.മധുര ബെഞ്ചാണ് സി.ബി.എസ്.ഇയ്ക്ക് നിര്‍ദേശം നല്‍കിയത്. തമിഴിലേക്ക് ചോദ്യങ്ങള്‍ പരിഭാഷപ്പെടുത്തിയപ്പോള്‍ പിഴവ് സംഭവിച്ചത് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. 49 ചോദ്യങ്ങളാണ് തെറ്റായി തര്‍ജ്ജമ ചെയ്തത്. ഇവ ഓരോന്നിനും നാലു മാര്‍ക്ക് വീതം 196 അധിക മാര്‍ക്ക് നല്‍കാനാണ് കോടതി നിര്‍ദേശം.
ചോദ്യപേപ്പറിലെ തെറ്റ് ചൂണ്ടിക്കാട്ടി സി.പി.എം എം.പി ടി.കെ രംഗരാജനാണ് കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. റാങ്ക് പട്ടിക പുതുക്കി നിശ്ചയിക്കണമെന്നും അതിനു ശേഷമേ പ്രവേശന നടപടികള്‍ ആരംഭിക്കാവൂവെന്നും കോടതി സി.ബി.എസ്.ഇയ്ക്ക് നിര്‍ദേശം നല്‍കി. ചോദ്യങ്ങളില്‍ നല്‍കിയിരുന്ന സൂചക പദങ്ങള്‍ തെറ്റായാണ് തര്‍ജ്ജമ ചെയ്തിരുന്നതെന്നും ഇത് കുട്ടികളില്‍ ഏറെ ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. 24,000 കുട്ടികള്‍ക്ക് ഈ വിധി ഗുണം ചെയ്യും. രാജ്യത്തെ മെഡിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശനത്തിനാണ് ദേശീയ തലത്തില്‍ നീറ്റ് പ്രവേശന പരീക്ഷ നടത്തുന്നത്.