കൊച്ചി: ജനവികാരത്തിനടിമപ്പെട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് വിജിസന്‍സിനോട് ഹൈക്കോടതി. ഇ.പി ജയരാജനെതിരെയുള്ള ബന്ധു നിയമന കേസ് പിന്‍വലിക്കുന്നുവെന്ന് ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് വിജിലന്‍സിനെതിരെ കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്. വിജിലന്‍സ് പൊലീസിന്റെ ഭാഗമാണ്.നിയമസഭ തീരൂമാനം തിരുത്താന്‍ വിജിലന്‍സിന് ആവശ്യപ്പെടാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസ് വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി. അടുത്ത മാസം ആറിന് കേസ് വീണ്ടും പരിഗണിക്കും.
ബന്ധു നിയമന കേസ് നിലനില്‍ക്കില്ലെന്ന് ഇന്നലെ വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു.അതിന് പിന്നാലെയാണ് ഇന്ന് കേസ് അവസാനിപ്പിക്കുന്നതായി വിജിലന്‍സ് കോടതിയെ അറിയിച്ചത്. കേസ് നിലനില്‍ക്കില്ലെന്നും അഴിമതി നിരോധന നിയമത്തിന്റെ കീഴില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ രേഖാമൂലം എഴുതി നല്‍കിയിരുന്നു. നിയമനം വഴി ആര്‍ക്കും സാമ്പത്തികലാഭം ഉണ്ടാക്കിയിട്ടില്ലെന്ന് വിജിലന്‍സ് കോടതിയില്‍ അറിയിച്ചു.അന്വേഷണ പുരോഗതിയില്‍ വ്യക്തത വരുത്തണമെന്ന് കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടിരുന്നു.
ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടായിരുന്ന സമയത്താണ് ഇ.പി ജയരാജനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് നിലനില്‍ക്കുമോയെന്ന് കോടതി സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.ഇ.പി ജയരാജന്റെ സഹോദര പുത്രന്റെ ഭാര്യ ദീപ്തി നിഷാദ്, പി.കെ. ശ്രീമതി എം.പി.യുടെ മകന്‍ സുധീര്‍ നമ്പ്യാര്‍ എന്നിവരെ വിവിധ വകുപ്പുകളിലേക്ക് നിയമിച്ചതാണ് ഇ.പി ജയരാജന്റെ രാജിയിലേക്കും കേസിലേക്കും നയിച്ചത്.