കോഴിക്കോട്: വിശ്വാസത്തിന്റെ പേരില്‍ നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ വ്യാജ സിദ്ധനു കുഞ്ഞിന്റെ പിതാവും അറസ്റ്റിലായേക്കും. കളംതോടുള്ള ഹൈദ്രോസ് തങ്ങളെന്ന സിദ്ധന്റെ നിര്‍ദ്ദേശ പ്രകാരമാണ് പിതാവ് ഈ ക്രൂരകൃത്യത്തിന് തയ്യാറായത്.
അഞ്ച് ബാങ്ക് വിളിച്ച ശേഷം മാത്രമേ മുലപ്പാല്‍ കൊടുക്കാവൂ എന്ന് പിതാവ് നിര്‍ദേശിച്ചതെന്നാണ് വ്യക്തമാകുന്നത്. കുഞ്ഞ് ജനിച്ചതിനു ശേഷം അഞ്ചു ബാങ്ക് വിളികള്‍ക്കു ശേഷമെ മുലപ്പാല്‍ നല്‍കാവൂ എന്ന് പിതാവ് നിര്‍ദേശിക്കാന്‍ കാരണം തങ്ങളുപ്പ ആയിരുന്നു. ഈ വിശ്വാസം പിടിവാശിയോടെ തന്നെ പിതാവ് പാലിക്കുകയും ചെയ്തു. മുക്കത്തെ ഇ എം എസ് സഹകരണ ആശുപത്രിയില്‍ ബുധനാഴ്ച പകല്‍ 1.54-നാണ് ഓമശ്ശേരി സ്വദേശിയായ അബൂബക്കറിന്റെ ഭാര്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
പ്രസവിച്ച് കുറച്ച് സമയം കഴിഞ്ഞപ്പോള്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചെങ്കിലും കുട്ടിയുടെ പിതാവ് ഇത് തടഞ്ഞു. അഞ്ച് ബാങ്ക് വിളി കഴിയാതെ കുട്ടിക്ക് മുലപ്പാല്‍ കൊടുക്കരുതെന്ന് ഇയാള്‍ ഭാര്യയോടും ആശുപത്രി അധികൃതരോടും പറഞ്ഞു. ഇതനുസരിച്ച് ഇന്നലെ (വ്യാഴാഴ്ച – ഉച്ച ബാങ്ക് 12.15ന്) ദുഹ്ര്‍ ബാങ്ക് കഴിഞ്ഞേ കുട്ടിക്ക് മുലപ്പാല്‍ കൊടുത്തുല്ളൂ. കുഞ്ഞിന് അഞ്ച് ബാങ്ക് കഴിയാതെ മുലപ്പാല്‍ കൊടുക്കരുതെന്നും ജപിച്ച് ഊതിയ വെള്ളം മാത്രമേ നല്‍കാവൂ എന്നും യുവാവ് വാശി പിടിച്ചു.
ഇതോടെ, കുഞ്ഞിന്റെ ആരോഗ്യ കാര്യത്തില്‍ ഉത്കണ്ഠാകുലരായ ആശുപത്രി അധികൃതര്‍ ചൈല്‍ഡ് വെല്‍ഫയറിലും പൊലീസിലും വിവരമറിയിച്ചു. തുടര്‍ന്ന് മുക്കം എസ് ഐ സലീമിന്റെ നേതൃത്വത്തില്‍ പൊലീസ് ആശുപത്രിയിലെത്തി സംസാരിച്ചിട്ടും യുവാവ് വിശ്വാസത്തില്‍ ഉറച്ചുനിന്നു. കുഞ്ഞിന്റെ ആരോഗ്യത്തിന് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ആശുപത്രി അധികൃതര്‍ ഉത്തരവാദിയല്ലെന്ന് എഴുതി ഒപ്പിട്ടു നല്‍കാനും ഇയാള്‍ തയ്യാറായി.
വിശ്വാസത്തിന്റെ പേരിലാണ് താന്‍ കുഞ്ഞിന് മുലപ്പാല്‍ നിഷേധിച്ചതെന്ന് കുട്ടിയുടെ പിതാവ് മുക്കം ഓമശ്ശേരി ചക്കനംകണ്ടി വീട്ടില്‍ അബൂബക്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബുധനാഴ്ച ഉച്ചക്ക് 1.54ന് ജനിച്ച കുഞ്ഞിന് മുലപ്പാല്‍ നല്‍കിയത് ഇന്നലെ ഉച്ചക്ക് 12.15ശേഷമാണെന്നും മുലപ്പാല്‍ വൈകിയത് കുട്ടിയുടെ ആരോഗ്യത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും ഇത് കളംതോട് തങ്ങളുടെ നിര്‍ദേശ പ്രകാരമാണെന്നും ഇയാള്‍ പറഞ്ഞു.
സംഭവത്തില്‍ ബാലാവകാശ കമ്മിഷനും സാമൂഹ്യനീതി വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ കേസെടുക്കാനും പൊലീസ് തയ്യാറായേക്കുമെന്നാണ് സൂചന. നവജാത ശിശുവിന് മുലപ്പാല്‍ വിലക്കിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തും ഉത്തരവിട്ടു. മനുഷ്യനന്മയ്ക്കും നല്ലതിനുമാകണം വിശ്വാസം. അത് ഏതായാലും എന്തിന്റെ പേരിലായാലും. നവജാത ശിശുവിനെ പട്ടിണിക്കിടാന്‍ ഒരു മതവും പറയുമെന്ന് കരുതാന്‍ വയ്യ. പിറന്നു വീണ കുഞ്ഞിന് പാല്‍ നല്‍കരുതെന്ന് വാശി പിടിച്ച മുക്കത്തെ യുവാവും, ക്രൂരത ചെയ്യാന്‍ ഇയാളെ പ്രേരിപ്പിച്ചയാളും നല്ല ‘ചികില്‍സ’ ആവശ്യമുള്ളവരാണെന്നതില്‍ സംശയമില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.
കുഞ്ഞിനെയും അമ്മയെയും നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിച്ചതിനെ തുടര്‍ന്ന് ബാലാവകാശ കമ്മിഷനും സാമൂഹ്യനീതി വകുപ്പിലെ പ്രോഗ്രാം ഓഫീസറും നവജാത ശിശുവിനെ വീട്ടിലെത്തി സന്ദര്‍ശിച്ചു. നിര്‍ജ്ജലീകരണം കാരണം കുഞ്ഞിന് ക്ഷീണമുണ്ടെന്ന് ഓഫീസര്‍മാര്‍ പറഞ്ഞു.
ബുധനാഴ്ച ഉച്ചയോടെയാണ് ഓമശ്ശേരി സ്വദേശിയായ അബൂബക്കറിന്റെ ഭാര്യ ഹഫ്സത്ത് ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. നമസ്‌കാര സമയം അറിയിക്കുന്നതിനുള്ള ബാങ്ക് അഞ്ചുതവണ വിളിക്കാതെ കുഞ്ഞിന് മുലപ്പാലോ, വെള്ളമോ നല്‍കാന്‍ പാടില്ലെന്ന് പിതാവ് നിര്‍ബന്ധം പിടിച്ചു. ഇത്രയും നേരം കുഞ്ഞിന് മുലപ്പാല്‍ നല്‍കാതിരുന്നാല്‍ കുട്ടിയുടെ ജീവന്‍ അപകടത്തിലാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെങ്കിലും പിതാവ് സമ്മതിച്ചില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.