കണ്ണൂർ: തലേശരിയിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മൂന്നു ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു. തലശേരി പെട്ടിപ്പാലം കോളനിയിലെ കെകെ നാസറിന്റെയും മുർഷീനയുടെയും ആൺകുഞ്ഞാണ് കഴിഞ്ഞദിവസം മരണപ്പെട്ടത്. ഒക്ടോബർ 15 ഞായറാഴ്ചയായിരുന്നു സംഭവം. കഴിഞ്ഞ വ്യാഴാഴ്ചയാണ് മുർഷീന തലശേരി ജനറൽ ആശുപത്രിയിൽ വെച്ച് ആൺകുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് ഒരു ദിവസം ചികിത്സയിൽ കഴിഞ്ഞതിന് ശേഷം ശനിയാഴ്ച ഉച്ചയോടെ അമ്മയും കുഞ്ഞും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മടങ്ങി. ഞായറാഴ്ച രാവിലെയാണ് കുഞ്ഞിന് ചലനമില്ലാത്തത് രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെടുന്നത്. കുഞ്ഞിന് ചലനമില്ലാത്തത് ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ ഉടൻതന്നെ കുഞ്ഞിനെ തലശേരി ജനറൽ ആശുപത്രിയിലെത്തിച്ചു. എന്നാൽ ആശുപത്രിയിലെത്തിക്കും മുൻപേ മൂന്നു ദിവസം പ്രായമുള്ള ആൺകുഞ്ഞ് മരണപ്പെട്ടിരുന്നു. ആശുപത്രിയിലെത്തും മുൻപ് മരണം സംഭവിച്ചതിനാൽ മൃതദേഹ പരിശോധന നടത്തണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചത് തർക്കത്തിനിടയാക്കി.
മൃതദേഹ പരിശോധന നടത്തേണ്ടതില്ലെന്നും, പരാതിയില്ലെന്ന് രക്ഷിതാക്കൾ എഴുതിനൽകാമെന്ന് അറിയിച്ചിട്ടും ആശുപത്രി അധികൃതർ വഴങ്ങിയില്ല. സംഭവം തർക്കത്തിലെത്തിയതോടെ കൂടുതൽ ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിലെത്തി. മൃതദേഹ പരിശോധന നടത്തുകയാണെങ്കിൽ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ പോലീസിൽ അറിയിച്ചതോടെ പ്രശ്നം സങ്കീർണ്ണമായി. ഒടുവിൽ പോലീസ് ചർച്ച നടത്തിയതിനെ തുടർന്നാണ് ആശുപത്രി അധികൃതർ മൃതദേഹം വിട്ടുകൊടുക്കാൻ തയ്യാറായത്. പിന്നീട് കുഞ്ഞിന്റെ മൃതദേഹം പുന്നോൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി.