കെ.മുരളീധരനെ കെപിസിസി അധ്യക്ഷനാക്കാൻ ഉമ്മന്‍ചാണ്ടിയുടെ കരുനീക്കം.രമേശിനും ഐ ഗ്രൂപ്പിനും വെല്ലുവിളി

തിരുവനന്തപുരം: കെ.മുരളീധരനെ കെപിസിസി അധ്യക്ഷനാക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ നേരിട്ടുള്ള ശ്രമം. എ ഗ്രൂപ്പുകാരനായ നിലവിലെ കെപിസിസി പ്രസിഡന്റ് എം.എം.ഹസനെ വെട്ടിയാണ് മുരളീധരനെ കെപിസിസി പ്രസിഡന്റ് ആയി വാഴിക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമം നടത്തുന്നത്. ഉമ്മന്‍ചാണ്ടിയുടെ പുതിയ കരുനീക്കങ്ങള്‍ എ ഗ്രൂപ്പിനെയും ഐ ഗ്രൂപ്പിനെയും ഒരുപോലെ അമ്പരപ്പിച്ചിട്ടുണ്ട്.

ഉമ്മന്‍ചാണ്ടി തന്നെ മുന്‍കൈയെടുത്ത് നേതൃത്വത്തിലെത്തിച്ച എം.എം.ഹസന്‍ ഐഎസ്ആര്‍ഒ ചാരക്കേസ് ആയുധമാക്കി അദ്ദേഹത്തെ
തിരിഞ്ഞു കുത്തിയതോടെയാണ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ.മുരളീധരനെ കൊണ്ടുവരാന്‍
ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും ശ്രമം തുടങ്ങിയത്. കാര്യങ്ങളെല്ലാം
അറിയാമെങ്കിലും എം.എം.ഹസന്‍ തത്ക്കാലം നിശബ്ദനാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ്‌ ചെന്നിത്തലയ്ക്ക് ഐ ഗ്രൂപ്പിനെ നയിക്കുന്നതില്‍ പരിമിതികളുണ്ടെന്ന്‌ മനസിലാക്കിയാണ് കെ.മുരളീധരനെ മുന്നില്‍ നിര്‍ത്തി ഉമ്മന്‍ചാണ്ടി പുതിയ പടനീക്കങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. മുരളീധരനെ കെപിസിസി അധ്യക്ഷസ്ഥാനത്ത് വാഴിച്ചാല്‍ ഐ ഗ്രൂപ്പിനെയും വരുതിയില്‍ നിര്‍ത്താം എന്നതും ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യങ്ങളിലൊന്നാണ്.

ഉമ്മന്‍ചാണ്ടിയുടെ കഴിഞ്ഞ ഡല്‍ഹി സന്ദര്‍ശനം കെ.മുരളീധരനെ കെപിസിസി അധ്യക്ഷനാക്കുക എന്ന  ലക്‌ഷ്യം മുന്‍ നിര്‍ത്തിയായിരുന്നു. കെ.മുരളീധരനെ കെപിസിസി അധ്യക്ഷന്‍ ആക്കണം എന്ന് രാഹുല്‍ ഗാന്ധിയോട് ഉമ്മന്‍ചാണ്ടി നേരിട്ട് ആവശ്യപ്പെട്ടു എന്നാണ്‌ ലഭിക്കുന്ന വിവരം.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ എന്ന നിലയില്‍ കേരളത്തില്‍ ഇടപെട്ടപ്പോഴൊക്കെ തിരിച്ചടി വാങ്ങിയ രാഹുല്‍ ഗാന്ധി ഇപ്പോള്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്താണ്. അതുകൊണ്ട് തന്നെ കേരളത്തിലെ കാര്യങ്ങള്‍ക്ക് വലിയ പ്രാധാന്യം രാഹുല്‍ നല്‍കുന്നുണ്ട്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് ശക്തമായ മേല്‍ക്കൈ ലഭിക്കണമെന്ന് രാഹുല്‍ ആഗ്രഹിക്കുന്നു.
അതുകൊണ്ട് തന്നെ എ ഗ്രൂപ്പിനെ പിണക്കാതെ കാര്യങ്ങള്‍ നടത്താനാണ് രാഹുല്‍ ക്യാമ്പ് ശ്രമിക്കുന്നത്.

കെ.മുരളീധരനെ കെപിസിസി അധ്യക്ഷനാക്കുക എന്ന ഉമ്മന്‍ചാണ്ടിയുടെ ആവശ്യം രാഹുല്‍ ഗൗരവത്തോടെയാണ്‌
കാണുന്നത്. അതുകൊണ്ട് തന്നെ കെ.മുരളീധരന്‍ ഒരു വട്ടം കൂടി അധ്യക്ഷ സ്ഥാനത്തെത്താന്‍ സാധ്യതകളേറെയാണ്.

കെപിസിസി അധ്യക്ഷ സ്ഥാനത്ത് ഇരുന്നുകൊണ്ടാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതായി മുരളീധരന്‍ മാറിയത്.
കേരളത്തിലെ കോണ്‍ഗ്രസിലെ ഏറ്റവും പരമോന്നത സ്ഥാനത്ത് ഇരിക്കുമ്പോഴാണ് 2004-ല്‍ നിയമസഭാംഗമാകാനും അതുവഴി മന്ത്രി സ്ഥാനം നിലനിര്‍ത്താനും വേണ്ടി
വടക്കാഞ്ചേരിയില്‍ കെ.മുരളീധരന്‍ മത്സരിക്കുന്നത്.

അന്ന്‌ മുരളീധരനോടു കെ.കരുണാകരന്‍ തന്നെ പറഞ്ഞിരുന്നു. വൈദ്യുതി പോലുള്ള ഒരു വകുപ്പില്‍ മന്ത്രിയാകാന്‍ വേണ്ടി കെപിസിസി അധ്യക്ഷ സ്ഥാനം കളയരുത് എന്ന്. അത് കണക്കാക്കാതെ സിറ്റിംഗ് എംഎല്‍എയായ വി.ബാലറാമിനെ രാജിവെയ്പിച്ച്‌ വടക്കാഞ്ചേരിയില്‍ മുരളീധരന്‍ മത്സരിക്കുകയും എ.സി.മൊയ്തീനോട് തോല്‍ക്കുകയും ചെയ്യുന്നത്.

അതോടെ കോണ്‍ഗ്രസില്‍ കെ.മുരളീധരന്റെ പതനം തുടങ്ങിയിരുന്നു. അതിനുശേഷമാണ് ഡിഐസി ഉണ്ടാക്കുന്നതും എന്‍സിപിയിലേയ്ക്ക് പോകുന്നതും.
പിന്നീട് വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തി. താന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഇല്ലെന്നാണ് മുരളീധരന്‍ പരസ്യമായി പറയുന്നതെങ്കിലും വീണ്ടും ആ സ്ഥാനം മുരളീധരന്‍ ആഗ്രഹിക്കുന്നു എന്ന് തന്നെയാണ് സൂചനകള്‍. പക്ഷെ ‘അലൂമിനിയം പട്ടേല്‍’ എന്ന പ്രയോഗവും സോണിയ ഗാന്ധിക്കെതിരെയുള്ള മദാമ്മ പ്രയോഗവും തിരിഞ്ഞുകുത്തുമോ എന്ന ഭയം അദ്ദേഹത്തിനുണ്ട്.

മുമ്പ് ഐ ഗ്രൂപ്പിലായിരുന്ന മുരളീധരന്‍ ഇപ്പോള്‍ എ ഗ്രൂപ്പിലേയ്ക്ക് കൂറുമാറി മുന്നോട്ടുനീങ്ങുമ്പോള്‍ അദ്ദേഹത്തിന്‌ പിന്നില്‍ ഉമ്മന്‍ചാണ്ടിയുണ്ട്. അതുകൊണ്ട് തന്നെ ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിട്ടുള്ള കാര്യത്തെക്കുറിച്ചാണ്‌ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഉപശാലകളിലെ ചൂടുള്ള  ചര്‍ച്ച.

കഴിഞ്ഞ കുറെ കാലമായി കോണ്‍ഗ്രസുകാര്‍ എ ഗ്രൂപ്പുകാരനായാണ് മുരളീധരനെ കാണുന്നത്. ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട്‌ മുരളീധരന്‍ നിരാഹാരം തുടങ്ങിയപ്പോള്‍ അത് ഉദ്ഘാടനം ചെയ്തത് ഉമ്മന്‍ചാണ്ടിയാണ്.

ഐ ഗ്രൂപ്പ് നാനാവിധമാക്കി അത് ഉമ്മന്‍ചാണ്ടിയെ ഏല്‍പ്പിക്കാനും മുരളീധരന്‍ നീക്കം നടത്തുന്നുണ്ട്. കെ.കരുണാകരന്‍ എന്ന വികാരം കോണ്‍ഗ്രസില്‍ നിന്ന് പരമാവധി മുതലാക്കിയ മുരളീധരന്‍ ഐ ഗ്രൂപ്പ് കൈവശമാക്കാന്‍ കെ.കരുണാകരന്‍ സ്റ്റഡി സെന്റര്‍ എന്ന പേരില്‍ പുതിയ ഐ ഗ്രൂപ്പിന് തന്നെ രൂപം നല്‍കിയിരുന്നു. മുരളീധരന്‍ ആയിരുന്നു സെന്ററിന്റെ ചെയര്‍മാന്‍.

ഈ കഴിഞ്ഞ ദിവസമാണ് സ്റ്റഡി സെന്ററിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു വ്യക്തിപരമായ കാരണങ്ങളാല്‍ാജിവെച്ചതായി മുരളീധരന്‍ അറിയിക്കുന്നത്. സ്റ്റഡി സെന്റര്‍ പുതിയ ഗ്രൂപ്പ് കൂട്ടായ്മയാകുമെന്ന് നേരത്തേ വിമര്‍ശനം ഉയര്‍ന്നിരുന്നു. താന്‍ പ്രതിപക്ഷ നേതാവായി മാറിയപ്പോള്‍ തന്റെ അഭാവത്തില്‍ ഐ ഗ്രൂപ്പ് പിടിക്കാനാണ് മുരളീധരന്റെ ശ്രമം എന്ന് തിരിച്ചറിഞ്ഞ് ചെന്നിത്തല തന്നെയാണ് സ്റ്റഡി സെന്റര്‍ഗ്രൂപ്പിനെ വെട്ടിയത്.

ഈ പ്രശ്നത്തില്‍ താനും വെള്ളത്തിലാകും എന്ന് കണ്ടപ്പോള്‍ മുരളീധരന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. ഇത് ഉമ്മന്‍ചാണ്ടിയെ പ്രീതിപ്പെടുത്താനുള്ള മുരളീധരന്റെ നീക്കമായാണ് ഐ ഗ്രൂപ്പ് വീക്ഷിച്ചത്. അതുകൊണ്ട് തന്നെ മുരളീധരന്റെ ഈ നീക്കം വെട്ടാന്‍ ഐ ഗ്രൂപ്പും മുന്നില്‍ നിന്നു.

ഇക്കാര്യത്തില്‍ മുരളീധരനും അക്കിടി പറ്റിയതായി കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സൂചന നല്‍കുന്നു. മുരളീധരന്‍ മുന്‍പ് തനിക്കൊപ്പം ഡി ഐ സിയിലും എന്‍ സി പിയിലും നിന്നവരെ ചേര്‍ത്താണ് സ്റ്റഡി സെന്റര്‍ ഗ്രൂപ്പ് ഉണ്ടാക്കിയത്. അതുകൊണ്ട് തന്നെ ഗ്രൂപ്പ് കൂട്ടായ്മ എന്ന് വിശേഷിപ്പിച്ചപ്പോള്‍ കെ.മുരളീധരനും അത് നിഷേധിക്കാന്‍ കഴിഞ്ഞില്ല.

ഇതെല്ലാം കണക്കിലെടുത്താണ് കെ.മുരളീധരന്‍ തന്നെ കെപിസിസി അധ്യക്ഷന്‍ ആകട്ടെയെന്നു ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും തീരുമാനിക്കുന്നത്. പക്ഷെ ഹസന്റെ വികാരങ്ങളെ ചവിട്ടി മെതിച്ചാണ് ഈ നീക്കം എന്ന് എ ഗ്രൂപ്പ് നേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. പക്ഷെ ഇതൊന്നും കണക്കിലെടുക്കാതെയാണ് മുരളീധരന് വേണ്ടി ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ നീക്കങ്ങള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുള്ളത്.

Top