
ടോൾ പ്ലാസകൾ അപ്രത്യക്ഷമാകും, ഫാസ്ടാഗും വേണ്ട, രാജ്യത്ത് ടോളുകൾ പിരിക്കാൻ പുതിയ സംവിധാനം വരുന്നു. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ അഥവാ എഎൻപിആർ ക്യാമറകളാണ് കേന്ദ്രസർക്കാർ അവതരിപ്പിക്കാനിരിക്കുന്ന പുതിയ സംവിധാനം.
ടോൾ പ്ലാസകളിലെ തിരക്കൊഴിവാക്കാനാണ് പരമ്പരാഗത പണമിടപാട് അവസാനിപ്പിച്ച് ഫാസ്ടാഗുകൾ കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. പക്ഷേ ഇവയും ഫലപ്രദമല്ലെന്ന് കണ്ടതോടെയാണ് പുതിയ സംവിധാനം പരീക്ഷിക്കാൻ അധികൃതർ നിർബന്ധിതരായത്.
നിലവിൽ ഇന്ത്യയിലെ 97 ശതമാനം ടോൾ പ്ലാസകളിലും പിരിവ് ഫാസ്ടാഗ് വഴിയാണ്. എഎൻപിആർ ക്യാമറകൾ വരുന്നതോടെ ടോൾ പ്ലാസകളോ ഫാസ്ടാഗോ ഇല്ലാതെ തന്നെ പണം ഉടമയുടെ ബാങ്കിൽ നിന്ന് ഓട്ടോമാറ്റിക് ആയി ഡെബിറ്റ് ആകും.
മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്‌പോർട്ട് ആന്റ് ഹൈവേസ് നൽകുന്ന വിവരം പ്രകാരം റോഡരുകിൽ സ്ഥാപിച്ചിരിക്കുന്ന എഎൻപിആർ ക്യാമറകൾ വണ്ടികളുടെ നമ്പർപ്ലേറ്റ് വായിച്ച് അതുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിൽ നിന്ന് ടോൾ തുക ഈടാക്കും.
ഇതോടെ ടോൾ പിരിവിനായുള്ള നീണ്ട ക്യൂ ഇല്ലാതാകുമെന്നാണ് അധികൃതരുടെ കണക്ക് കൂട്ടൽ. പക്ഷേ ഇത് എത്രമാത്രം പ്രാവർത്തികമാകുമെന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം 2019 ന് ശേഷം രജിസ്റ്റർ ചെയ്യപ്പെട്ട വാഹനങ്ങളിൽ മാത്രമാണ് ഒഇഎം നമ്പർ പ്ലേറ്റുകളുള്ളത്.
ഇത്തരം നമ്പർ പ്ലേറ്റുകൾ മാത്രമേ എഎൻപിആർ ക്യാമറയ്ക്ക് റീഡ് ചെയ്യാൻ സാധിക്കു. അതുകൊണ്ട് തന്നെ വിലയൊരു ഭാഗം വണ്ടികളും ഈ സംവിധാനത്തിൽ നിന്ന് പുറത്താകും. ഒപ്പം ചെളി തെറിക്കുകയും, മണ്ണ് പറ്റുകയും മറ്റും ചെയ്ത നമ്പർ പ്ലേറ്റുകൾ ക്യാമറയ്ക്ക് വായിക്കാൻ പറ്റില്ല. ഇത്തരം വാഹനങ്ങളിൽ നിന്നും ടോൾ ഈടാക്കുക പ്രയാസമാകും.