പ്രസവിച്ചയുടന്‍ കുഞ്ഞുങ്ങള്‍ മാറി; സ്വന്തം കുഞ്ഞ് പെണ്ണാണെന്ന് അറിഞ്ഞതോടെ അമ്മയ്ക്ക് വേണ്ട; രണ്ടുകൂട്ടര്‍ക്കും ആണ്‍കുഞ്ഞിനെ മതി  

 

 

കലബുര്‍ഗി: പ്രസവം നടന്നതിന് പിന്നാലെ നവജാതശിശുക്കള്‍ മാറിപ്പോയി. ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് കര്‍ണാടകയിലെ കലബുര്‍ഗി ജില്ലാ ആശുപത്രിയിലാണ് കുഞ്ഞുങ്ങള്‍ പരസ്പരം മാറിപ്പോയത്.  രക്തപരിശോധനയിലൂടെ കുഞ്ഞുങ്ങളുടെ രക്ഷിതാക്കളെ തിരിച്ചറിഞ്ഞു. എന്നാല്‍ പിന്നീട് നടന്നത് നാടകീയ സംഭവങ്ങളാണ്. രണ്ട് കൂട്ടര്‍ക്കും ആണ്‍കുട്ടിയെ വേണം.  പെണ്‍കുഞ്ഞിനെ തങ്ങള്‍ക്ക് വേണ്ടെന്നും പറഞ്ഞ് വഴക്കായി. യാദ്ഗിര്‍ ജില്ലയില്‍ നിന്നുള്ള നന്ദമ്മയും നസ്മ ബീഗവും ഒരേ സമയത്താണ് പ്രസവിച്ചത്.  അധികൃതര്‍ അബദ്ധത്തില്‍ പരസ്പരം കുഞ്ഞുങ്ങളെ മാറി ബന്ധുക്കള്‍ക്ക് കൈമാറി. ഉടന്‍ തന്നെ ജീവനക്കാര്‍ ഇത് വെളിപ്പെടുത്തിയെങ്കിലും ആണ്‍കുഞ്ഞ് പിറന്നുവെന്ന് വിശ്വസിച്ച നന്ദമ്മയും ബന്ധുക്കളും പെന്‍കുഞ്ഞിനെ സ്വീകരിക്കാതിരുന്നതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.  രക്തപരിശോധനയില്‍ പെണ്‍കുഞ്ഞ് നന്ദമ്മയുടേതാണെന്ന് തിരിച്ചറിഞ്ഞെങ്കിലും ഇവര്‍ ഇത് നിഷേധിച്ചു. വിശദമായ ഡിഎന്‍എ പരിശോധന വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതുവരെ പോലും പെണ്‍കുഞ്ഞിനെ പാലൂട്ടാനോ പരിപാലിക്കാനോ ഇവര്‍ തയ്യാറായില്ല. ഡിഎന്‍എ പരിശോധനാഫലം കിട്ടുംവരെ കുഞ്ഞിനെ പരിപാലിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും നന്ദമ്മ വഴങ്ങിയില്ല. അതേസമയം രക്ഷിതാക്കളുടെ മനസ്സലിയുന്നതും കാത്ത് ആശുപത്രി അധികൃതര്‍ പെണ്‍കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി.

Top