ഹൈദരാബാദ്: നവജാതശിശുവിന്റെ മൃതദേഹം കടലാസില്‍ പൊതിഞ്ഞു കാര്‍ഡ്‌ബോര്‍ഡ് പെട്ടിക്കുള്ളിലാക്കി മാതാപിതാക്കൾക്ക് നല്‍കി ആശുപത്രിയുടെ ക്രൂരത. ഹൈദരാബാദിലെ നിലോഫര്‍ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ ഐവി ബോക്‌സിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം കിടത്തിയിരുന്നത്. എന്നാല്‍ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു.
തിങ്കളാഴ്ച വൈകുന്നേരമാണ് സുനിതയെന്ന യുവതിയെ പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ചാപിള്ളയ്ക്കാണ് സുനിത ജന്മം നല്‍കിയത്. ഇതിന്റെ ഞെട്ടലിലും വിഷമത്തിലും ഇരിക്കുമ്പോഴാണ് ഇത്തരത്തിലൊരു ക്രൂരത ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ആരോഗ്യമന്ത്രി ഡോ.ലക്ഷ്മണ റെഡ്ഡിയുടെ സന്ദര്‍ശനം നടക്കുന്ന സമയമായതിനാല്‍ കുടുംബം സങ്കടം അദ്ദേഹത്തെ നേരിട്ടു ബോധിപ്പിച്ചു.
സംഭവത്തില്‍ സൂപ്രണ്ടിനോട് മന്ത്രി വിശദീകരണം ആരാഞ്ഞു. തങ്ങളൊരിക്കലും ഇത്തരത്തില്‍ ചെയ്യാറില്ലെന്നും തുണിയില്‍ വൃത്തിയായി പൊതിഞ്ഞു മാത്രമേ കുട്ടിയെ കൈമാറാറുള്ളൂവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ സുനിതയും കുടുംബവും ബസില്‍ തിരികെ പോകുമെന്നതിനാലാണ് കുഞ്ഞിനെ കാര്‍ഡ് ബോര്‍ഡ് പെട്ടിയിലാക്കിയതെന്ന് ആശുപത്രിയിലെ തന്നെ മറ്റു ചിലര്‍ പറഞ്ഞു. ആശുപത്രിയുെട പ്രതിഛായ മോശമാക്കുന്നതിനാണു ഇങ്ങനൊരു പ്രചാരണം നടത്തുന്നതെന്നും ആരോപണമുണ്ട്.