നൊലാന്‍ എന്ന നാല് വയസുകാരനും അവന്റെ പ്രിയപ്പെട്ട അമ്മ റൂത്തുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ കണ്ണീരണിയിക്കുന്നത്. ശ്വാസ കോശ ക്യാന്‍സര്‍ ബാധിച്ച് മരണമടഞ്ഞ നൊലാന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് അമ്മ റൂത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ഏവരും ഹൃദയം കൊണ്ട് ഏറ്റെടുത്തു കഴിഞ്ഞു. തങ്ങളുടെ എല്ലാമെല്ലാമായ പിഞ്ചോമനയ്ക്ക് ക്യാന്‍സറാണെന്ന് റൂത്തും ഭര്‍ത്താവ് ജോനാഥന്‍ സ്‌കള്ളിയും തിരിച്ചറിയുന്നത് അവന് മൂന്നു വയസുള്ളപ്പോഴാണ്. മൂക്കടപ്പിലായിരുന്നു തുടക്കം. ചെറിയൊരു ജലദോഷം മാത്രമായിരിക്കുമെന്നു മാതാപിതാക്കള്‍ കരുതി. എന്നാല്‍ ക്രമേണ നൊലാനു ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടേറി. മരുന്നുകളുടേയും ആശുപത്രിവാസങ്ങളുടേയും കാലമായിരുന്നു പിന്നീടങ്ങോട്ട്. മരുന്നുകള്‍ നല്‍കിയിട്ടും ഫലമില്ലാതായി. രണ്ടു മാസത്തിനു ശേഷം കുഞ്ഞിന് ട്യൂമറാണെന്നു ഡോക്ടര്‍മാര്‍ കണ്ടെത്തി.ശ്വസനനാളികയില്‍ തടസമുണ്ടാക്കുന്ന അപൂര്‍വവും മാരകവുമായ കാന്‍സര്‍. ചികിത്സകൊണ്ടു ഫലമില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി. രോഗത്തിന്റെ ഭീകരത ആ മാതാപിതാക്കള്‍ പതുക്കെ ഉള്‍ക്കൊണ്ടു. ചികിത്സ തുടരുന്തോറും നില വഷളായിക്കൊണ്ടിരുന്നു. ക്രമേണ ക്യാന്‍സര്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പടര്‍ന്നു. മരണം കണ്‍മുന്നില്‍ സദാ സമയം വാ പിളര്‍ന്നു നില്‍ക്കുന്നതു പോലെ തോന്നിയ ദിനങ്ങള്‍. രക്ഷപ്പെടാനുള്ള സാധ്യത നൂറില്‍ 20-40 ശതമാനം മാത്രം. സ്വന്തം കുഞ്ഞിന്റെ ദിനങ്ങള്‍ അടുത്തെന്ന് ആ അമ്മയ്ക്കു ബോധ്യമായി. പിന്നെ ആ ദിനങ്ങളെ നേരിടാന്‍ മാനസികമായി ഒരുങ്ങി. നൊലാന്‍ ഭക്ഷണം കഴിക്കുന്നത് നന്നെ ചുരുങ്ങി.
ഒടുവില്‍ അന്ത്യദിനം വന്നെത്തി…
അപ്രതീക്ഷിതമല്ലെങ്കിലും ആ ദിനം വന്നെത്തി. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അമ്മ റുത്ത് ആ ദിനം വിവരിച്ചത്.
ഞാന്‍ അവന്റെ സമീപം ഇരുന്നു. അവന്റെ മുഖത്തേക്കു നോക്കി ഞാന്‍ സംസാരിച്ചു.
നിനക്ക് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടോ ?
നൊലാന്‍: കുഴപ്പമില്ല.(ഏറെ ബുദ്ധിമുട്ടി വാക്കുകള്‍ പുറത്തേക്കു വന്നു)
നീ വല്ലാതെ വേദന അനുഭവിക്കുന്നു, അല്ലേ ?
നൊലാന്‍: (താഴേക്ക് നോക്കുന്നു)
ഇത് കാന്‍സറാണ്. നിനക്ക് കൂടുതല്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല.
നൊലാന്‍: ആരു പറഞ്ഞു ? മമ്മിയ്ക്കു വേണ്ടി ഞാനത് ചെയ്യും(മുഖത്തു സന്തോഷം പ്രതിഫലിച്ചു) എനിക്കതിനു സാധിക്കും
നിന്റെ മമ്മിയുടെ ജോലി എന്താണ് ?
നൊലാന്‍: എന്നെ നന്നായി നോക്കുക.
ഇനി എനിക്കതിനു സാധിക്കുമെന്നു തോന്നുന്നില്ല. നിന്നെ ഞാന്‍ സ്വര്‍ഗത്തില്‍ വച്ച് നന്നായി നോക്കിക്കോളാം.
നൊലാന്‍: സ്വര്‍ഗത്തില്‍ ഞാന്‍ മമ്മിക്കായി കാത്തിരിക്കും. അതു അവരെ ഞാന്‍ അവിടെ കളിച്ചു നടക്കും. മമ്മി വരില്ലേ ?
തീര്‍ച്ചയായും. നിനക്ക് മമ്മിയെ പെട്ടെന്ന് വിട്ടു പോകാന്‍ സാധിക്കുമോ ?
തുടര്‍ന്നുള്ള ദിനങ്ങളില്‍ നൊലാന്‍ മിക്കവാറും ഉറക്കത്തിലായിരുന്നു. ആശുപത്രി വിട്ട് ഒരു ദിവസമെങ്കിലും സ്വന്തം വീട്ടില്‍ ഒരുമിച്ച് താമസിക്കാമെന്നു അമ്മയും അച്ഛനും തീരുമാനിച്ചു. വീട്ടിലേക്കു തിരിക്കാനുള്ള ഒരുക്കത്തിനിടെ നൊലാന്‍ അമ്മയുടെ കൈ പിടിച്ച് പറഞ്ഞു, ആശുപത്രിയില്‍ തന്നെ നില്‍ക്കാം.
സമയം രാത്രി 9 മണി. ഞങ്ങള്‍ രണ്ടു പേരും യൂട്യൂബ് വീഡിയോ കാണുകയായിരുന്നു. എനിക്ക് കുളിക്കണമെന്നു തോന്നി. ഒരു ബന്ധുവിനെ കുഞ്ഞിനടുത്ത് ഇരുത്തിയ ശേഷം കുളിമുറിയിലേക്ക് പോയി. ഉടന്‍ വരാമെന്നു മകനു ഉറപ്പ് നല്‍കി. പിന്നെയാണ് ആ അത്ഭുതം സംഭവിച്ചത്.
പെട്ടെന്ന് ഞാന്‍ കുളിമുറിയില്‍നിന്നും ഓടിയിറങ്ങി. കിടക്കയിലേക്ക് ചാടിക്കയറി നൊലാനൊപ്പം കിടന്നു. കരങ്ങള്‍ അവന്റെ മുഖത്തോടു ചേര്‍ത്തു വച്ചു. അവന്‍ ഒരു ശ്വാസമെടുത്തു. കണ്ണുകള്‍ പതുക്കെ തുറന്നു. പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു ഐ ലവ് യു മമ്മി. ഈ വാക്കുകളോടെ റോളിന്‍ നൊലാന്‍ സ്‌കള്ളി ലോകത്തോടു വിട പറഞ്ഞു. ഞാന്‍ അവന്റെ കാതുകളില്‍ പതുക്കെ പാടി.യു ആര്‍ മൈ സണ്‍ഷൈന്‍…