തൊട്ടിലില്‍ ഉറക്കി കിടത്തിയ കുട്ടിയെ കാണാതായി; കണ്ടെത്തിയത് കിണറ്റില്‍ മരിച്ച നിലയില്‍

താമരശ്ശേരി: വീട്ടിലെ കിടപ്പുമുറിയില്‍ ഉറക്കിക്കിടത്തിയ കുട്ടിയെ കണ്ടെത്തിയത് കിണറ്റില്‍ മരിച്ച നിലയില്‍. തൊട്ടിലില്‍ ഉറക്കിക്കിടത്തിയ ഏഴുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വീടിനുപിറകുവശത്തുള്ള കിണറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. താമരശ്ശേരി കാരാടി പറച്ചിക്കോത്ത് മുഹമ്മദലിയുടെയും ഷമീനയുടെയും ഏഴുമാസം പ്രായമുള്ള മകള്‍ ഫാത്തിമയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി കേസ് അന്വേഷിക്കുന്ന താമരശ്ശേരി പോലീസ് പറഞ്ഞു. കുഞ്ഞിനെ ആരോ കിണറ്റില്‍ എടുത്തിട്ടതാണെന്നാണ് സംശയം.

കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നു മണിയോടെയായിരുന്നു സംഭവം. ഷമീനയും ഭര്‍ത്താവ് മുഹമ്മദലിയുടെ ജ്യേഷ്ഠന്‍ അബ്ദുള്‍ഖാദറിന്റെ ഭാര്യ ജസീലയും ഇവരുടെ രണ്ടര വയസ്സുള്ള മകന്‍ മുഹമ്മദ് മിഷാലുമാണ് ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഷമീന കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കിക്കിടത്തിയ ശേഷം വീടിനകത്തുള്ള കുളിമുറിയില്‍ കുളിക്കാന്‍ കയറി. ജസീല വീടിനുപിറകുവശത്ത് മീന്‍ മുറിക്കുകയായിരുന്നു. മകനും ഒപ്പമുണ്ടായിരുന്നെന്ന് ജസീല പറഞ്ഞു. കുളിച്ചിറങ്ങി വന്ന ഷമീന കുഞ്ഞിനെ കാണാതെ പരിഭ്രാന്തയായി. വീടിനകത്ത് ഷമീന തിരച്ചില്‍ നടത്തി. ഈ സമയത്ത് വെള്ളം കോരാനായി കിണറ്റിനടുത്തെത്തിയ ജസീല കുഞ്ഞ് കിണറ്റില്‍ കിടക്കുന്നത് കണ്ടു. ഇവരുടെ നിലവിളി കേട്ട് അയല്‍പക്കത്തുനിന്ന് ഓടിയെത്തിയ ആളാണ് കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്തത്. താമരശ്ശേരി താലൂക്കാശുപത്രിയിലെത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:

കുളിക്കാന്‍ പോകുന്നതിന് മുമ്പ് ഷമീന ഉറക്കിക്കിടത്തിയ മുറി ചെറുതായി അടച്ചിരുന്നു. വീടിനുമുന്‍വശത്തെ വാതില്‍ തുറന്നുകിടക്കുകയായിരുന്നെന്ന് ഇവര്‍ പറഞ്ഞു. കുളികഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കുഞ്ഞിനെ കണ്ടില്ല. തുടര്‍ന്ന് വീടിനകത്ത് തിരച്ചില്‍ നടത്തി. ഈ സമയം അടുക്കളയില്‍ അടുപ്പില്‍ തോരനുണ്ടാക്കാന്‍ വെച്ചിരുന്ന പയര്‍ കരിഞ്ഞുമണത്തപ്പോള്‍ അതില്‍ വെള്ളമൊഴിക്കാനായി ജസീല വന്ന് കിണറ്റില്‍നിന്ന് വെള്ളം കോരി. അപ്പോള്‍ കിണറ്റില്‍ കുഞ്ഞ് പൊങ്ങിക്കിടക്കുന്നത് കണ്ടതായും ജസീല മൊഴിനല്‍കി. അയല്‍വാസികളെത്തി കുഞ്ഞിനെ പുറത്തെടുത്തു. താമരശ്ശേരി താലൂക്കാശുപത്രിയിലെത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞിനെ അണിയിച്ച ആഭരണങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല.

താമരശ്ശേരി ഡിവൈ.എസ്.പി. പി. ബിജുരാജിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഷമീനയുടെയും ജസീലയുടെയും മൊഴിയെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍കോളേജിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം കുഞ്ഞിന്റെ മരണകാരണം വ്യക്തമായാലേ സംഭവത്തിനുപിന്നിലുള്ള കാര്യങ്ങള്‍ പുറത്തുവരികയുള്ളൂവെന്ന് ഡിവൈ.എസ്.പി. പറഞ്ഞു.

Latest