കോഴിക്കോട് വിജയം സുനിശ്ചിതമാക്കി എല്‍ ഡി എഫ് മുന്നേറ്റം വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ എല്ലാ ഘട്ടങ്ങളിലും മുന്നിട്ടു നിന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ജില്ലയില്‍ ചരിത്ര വിജയം ഉറപ്പിച്ചു. കേരളത്തിലെ യു ഡി എഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഇന്ന് ജില്ലയിലെ വോട്ടര്‍മാര്‍ വിധിയെഴുതും.
പ്രചാരണ രംഗത്ത് ജനങ്ങള്‍ക്കു മുന്നില്‍ പകച്ചു പോയ യു ഡി എഫ് നേതൃത്വത്തിന് അവര്‍ക്കു മുന്നില്‍ നിരത്താന്‍ ഒന്നും ഉണ്ടായിരുന്നില്ല. നാലര വര്‍ഷത്തെ യു ഡി എഫ് ഭരണം കേരളത്തെ അമ്പതാണ്ട് പിറകോട്ട് നയിക്കുകയായിരുന്നുവെന്ന എല്‍ ഡി എഫ് പ്രചാരണത്തെ ശരിവെയ്ക്കുന്നതായിരുന്നു യു ഡി എഫിന്റെ ഓരോ തെരഞ്ഞെടുപ്പ് യോഗങ്ങളും. ശുഷ്‌കമായ സദസ്സിനു മുമ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും എ ഐ സി സി പ്രവര്‍ത്തക സമിതി അംഗമായ എ കെ ആന്റണിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. അഴിമതിയും സ്വജന പക്ഷപാതവും വര്‍ഗ്ഗീയ പ്രീണനവും മൂലം ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട യു ഡി എഫ് സര്‍ക്കാരിനെ തൂത്തെറിയാനുള്ള ആദ്യ പടിയായാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ ജനങ്ങള്‍ നോക്കിക്കാണുന്നത്. അഞ്ച് മാസങ്ങള്‍ക്കു ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പോടെ കേരളത്തിലെ യു ഡി എഫ് നേതൃത്വം തകര്‍ന്ന് തരിപ്പണമാവും.
ജില്ലയിലെ നഗരസഭകളിലും ത്രിതല പഞ്ചായത്തുകളിലും ചരിത്രവിജയം കുറിക്കാനുള്ള ഒരുക്കത്തിലായിരുന്നു എല്‍ ഡി എഫ് പ്രവര്‍ത്തകര്‍. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ കുടുംബയോഗങ്ങളും തെരഞ്ഞെടുപ്പ് റാലികളും പൂര്‍ത്തിയാക്കി ഒരോ വോട്ടും ഉറപ്പിച്ചുകൊണ്ടായിരുന്നു എല്‍ ഡി എഫ് മുന്നേറ്റം. ഇന്നലെ അവസാന ദിവസം സ്ഥാനാര്‍ത്ഥികള്‍ പരമാവധി വോട്ടര്‍മാരെ നേരില്‍ കാണുന്നതിനും സമയം കണ്ടെത്തി. വീടുകള്‍ തോറും കയറിയുള്ള സ്‌ക്വാഡ് പ്രവര്‍ത്തനത്തിലൂടെ കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലം ഓരോ വീടുകളിലേയും അംഗങ്ങളെ നേരിട്ട് ബോധ്യപ്പെടുത്താന്‍ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. അതേ സമയം യു ഡി എഫ് പ്രവര്‍ത്തകര്‍ക്കാകട്ടെ സ്ഥാനാര്‍ത്ഥികളുടെ വോട്ട് അഭ്യര്‍ത്ഥന പോലും എല്ലാ വീടുകളിലും എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഗ്രൂപ്പ് പോരും ജില്ലാ കണ്‍വീനറെ മാറ്റിയതുമൂലമുള്ള തര്‍ക്കവും തെരഞ്ഞെടുപ്പ് കാലത്ത് യു ഡി എഫ് നേതൃത്വത്തെ പാടെ ഉലയ്ക്കുകയായിരുന്നു.
ജില്ലയുടെ പല ഭാഗത്തും ബി ജെ പിയുമായി കോണ്‍ഗ്രസ് ഉണ്ടാക്കിയ അവിശുദ്ധ സഖ്യം പുറത്തായതോടെ യു ഡി എഫിലെ പ്രതിസന്ധി രൂക്ഷമാകുകയായിരുന്നു. ജില്ലയില്‍ പല വാര്‍ഡുകളിലും ബി ജെ പി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിനുവേണ്ടി വോട്ടഭ്യര്‍ഥിച്ച് രംഗത്തിറങ്ങി. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകരിലും ലീഗ് അണികളിലും ശക്തമായ പ്രതിഷേധത്തിന് കാരണമായി. ഇതില്‍ നിന്നും തലയൂരുന്നതിന് ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനും തെരഞ്ഞെടുപ്പ് അടുത്ത ദിവസങ്ങളില്‍ യു ഡി എഫ് നേതൃത്വം തയ്യാറായി. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള പ്രചാരണങ്ങളും പലയിടത്തും അഴിച്ചു വിട്ടു. എന്നാല്‍ ജനങ്ങള്‍ അതെല്ലാം പുച്ഛിച്ചു തള്ളുകയായിരുന്നു. കോഴിക്കോട് കോര്‍പ്പറേഷനിലടക്കം എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ വസ്തുതാവിരുദ്ധമായ ആരോപണങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വം ഉന്നയിച്ചത്. ഭൂമിയിടപാടിന്റെ പേരില്‍ കുപ്രചാരണം നടത്തിയ ഡി സി സി പ്രസിഡന്റ് കെ സി അബുവിനെതിരെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി കെ സി മമ്മദ്‌കോയ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ കുപ്രചാരണങ്ങളേയും തള്ളിക്കളഞ്ഞ് ജില്ലയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് 2005 ലേതിലും ഉജ്വലമായ വിജയം സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് വോട്ടര്‍മാര്‍.
ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 22,76,217 വോട്ടര്‍മാരാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുക. വോട്ടര്‍മാരില്‍ 10,94, 341 പേര്‍ പുരുഷന്‍മാരും 11,81,876 പേര്‍ സ്ത്രീകളുമാണ്. ജില്ലയിലാകെ 5,971 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ജില്ലാപഞ്ചായത്തില്‍ 127 പേരും ബ്ലോക്ക് പഞ്ചായത്തുകളില്‍ 551 പേരും മത്സരിക്കുന്നു. ഗ്രാമപഞ്ചായത്തുകളില്‍ 4072 പേരാണ് ജനവിധി തേടുന്നത്. കോഴിക്കോട് കോര്‍പ്പറേഷനില്‍ 337 പേരും ജില്ലയിലെ വിവിധ മുനിസിപ്പാലിറ്റികളില്‍ 884 പേരും മത്സരിക്കുന്നു. ജില്ലയില്‍ 2,967 ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 11,856 ഉദ്യോഗസ്ഥരെയാണ് ജില്ലയില്‍ നിയോഗിച്ചിട്ടുള്ളത്. കോഴിക്കോട് കോര്‍പ്പറേഷനിലെ 75 വാര്‍ഡുകളിലായി 398 പോളിങ് ബൂത്തുകളാണുള്ളത്. ഇവിടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 1,592 ഉദ്യോഗസ്ഥരുണ്ട്. ഏഴ് മുനിസിപ്പാലിറ്റികളിലായി 272 ബൂത്തുകളണ്ട്. കൊയിലാണ്ടി-47, വടകര-51, പയ്യോളി-36, രാമനാട്ടുകര-31, കൊടുവള്ളി-36, മുക്കം-33, ഫറോക്ക്-38 എന്നിങ്ങനെയാണ് പോളിംഗ് ബൂത്തുകളുടെ എണ്ണം. ഇവിടങ്ങളില്‍ തെരഞ്ഞെടുപ്പ് ചുമതല 1,088 ഉദ്യോഗസ്ഥര്‍ക്കാണ്. ജില്ലാ പഞ്ചായത്തിലെ 27 വാര്‍ഡുകളിലേക്കും 12 ബ്ലോക്ക് പഞ്ചായത്തുകളിലെ 169 വാര്‍ഡുകളിലേക്കും 70 ഗ്രാമ പഞ്ചായത്തുകളിലെ 1226 വാര്‍ഡുകളിലേക്കും തെരഞ്ഞെടുപ്പ് നടത്താനായി 2,297 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

Top