മന്ത്രി ഇ.പി.ജയരാജന്‍ മന്ത്രിസഭയില്‍നിന്നു പുറത്തേക്ക് ?കടുത്ത നടപടികളുമായി കേന്ദ്ര നേതാക്കള്‍

ന്യൂഡല്‍ഹി : ബന്ധു നിയമന വിവാദം തണിക്കില്ല .അത് പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രതിഷേധത്തിനും പതിന്‍മടങ്ങ് സി.പി.ഐ എമ്മില്‍ പൊട്ടിത്തെറിക്കും പുതിയ രാഷ്ട്രീയ ധ്രുവീകരണത്തിനും വഴിതേളിക്കുന്നു. വിവാദത്തില്‍പെട്ട വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ മന്ത്രിസഭയില്‍നിന്നു പുറത്താകാന്‍ വഴിയൊരുങ്ങുന്നതായി സൂചന.സി.പി.എമ്മിന്റെ കേന്ദ്ര നേതാക്കളാണ് ഇ.പി.ക്ക് എതിരെ വാളൊങ്ങി നില്‍ക്കുന്നത് . തിരുത്തല്‍ പ്രക്രിയ തുടങ്ങിക്കഴിഞ്ഞെന്നും വിവാദ നിയമനങ്ങള്‍ റദ്ദാക്കുന്നതില്‍ ഒതുങ്ങുന്നതല്ല നടപടികളെന്നും സിപിഎമ്മിന്റെ കേന്ദ്ര നേതാക്കള്‍ സൂചിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി എംപിയുടെ മകന്‍ പി.കെ.സുധീര്‍ നമ്പ്യാരെ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്‌ട്രിയല്‍ എന്റര്‍പ്രൈസസിന്റെ മാനേജിങ് ഡയറക്‌ടറായി നിയമിച്ചതാണ് വിവാദ ബന്ധുനിയമന പട്ടികയില്‍ ഒന്നാമത്തേത്. വിവാദമായപ്പോള്‍ നിയമനം റദ്ദാക്കി.

എന്നാല്‍, വിവാദമായിരിക്കുന്ന എല്ലാ നിയമനങ്ങളും പുനഃപരിശോധിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. അതിനു തീരുമാനമെടുക്കേണ്ടതും തുടര്‍ നടപടികളുണ്ടാവേണ്ടതും സംസ്‌ഥാനത്താണ്. നിയമനങ്ങള്‍ പുനഃപരിശോധിച്ചും ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുത്തും പാര്‍ട്ടിയുടെ വിശ്വാസ്യതയും പ്രതിച്ഛായയും വീണ്ടെടുക്കണമെന്നും സംസ്‌ഥാന നേതൃത്വത്തോടു തങ്ങള്‍ വ്യക്‌തമാക്കിയിട്ടുണ്ട്.ജയരാജന്‍ രാജിവച്ചേ മതിയാവൂ എന്ന് പ്രത്യേകമായി പറയേണ്ടതില്ല; ആവശ്യമായ തീരുമാനങ്ങള്‍ 14നു നടക്കുന്ന സംസ്‌ഥാന സെക്രട്ടേറിയറ്റിലുണ്ടാവും. എല്ലാവരും ഒരുമിച്ചുകൂടി ആക്ഷേപങ്ങള്‍ പരിശോധിച്ച്, ചര്‍ച്ച ചെയ്‌തു തീരുമാനമെടുക്കേണ്ടതുണ്ട് – മുതിര്‍ന്ന നേതാക്കള്‍ മനോരമയോടു പറഞ്ഞു. സെക്രട്ടേറിയറ്റില്‍ കേന്ദ്രത്തില്‍നിന്ന് ആരെങ്കിലും പങ്കെടുക്കണമോയെന്നതില്‍ ഇനിയും അന്തിമ തീരുമാനമായിട്ടില്ല. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനുമായി കേന്ദ്രനേതൃത്വം പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായ നഷ്‌ടപ്പെടുത്തിയ നടപടികളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനോടും കേന്ദ്ര നേതാക്കള്‍ ആശങ്ക വ്യക്‌തമാക്കി. മതിയായ തിരുത്തല്‍ കേരളത്തിലാണു നടക്കേണ്ടത്; അതു തൃപ്‌തികരമല്ലെങ്കില്‍ മാത്രമേ തങ്ങളുടെ ഇടപെടലിന്റെ ആവശ്യമുള്ളുവെന്നും എന്താണു പ്രതീക്ഷിക്കുന്നതെന്നു സൂചിപ്പിച്ചുകഴിഞ്ഞുവെന്നും നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അടുത്ത മാസം 15നും 16നും ചേരുന്നുണ്ട്. നിയമനവിവാദത്തെയും തിരുത്തല്‍ നടപടികളെയുംകുറിച്ച് വിശദമായ അവലോകനം അപ്പോള്‍ നടത്താമെന്നാണ് ഇപ്പോഴുള്ള ആലോചന. വിഎസ് സര്‍ക്കാരിന്റെ കാലത്ത് മരുമകളെ പാചകക്കാരിയായി നിയമിച്ചതിനെക്കുറിച്ചു ഫെയ്സ്ബുക്കിലൂടെ ശ്രീമതി നല്‍കിയ വിശദീകരണം പാര്‍ട്ടിയെ അവഹേളിക്കുന്ന തരത്തിലായിരുന്നുവെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.epjayarajan-pinarayi-vijayan-cm-resi
സുധീര്‍ നമ്പ്യാരെ നിയമിച്ചതിന്റെ പേരില്‍ പാര്‍ട്ടി ആക്ഷേപവിധേയമായിരിക്കുമ്പോഴാണ് ശ്രീമതി പാര്‍ട്ടിയെ പഴിചാരി മുഖം രക്ഷിക്കാന്‍ ശ്രമിച്ചത്. അടിയന്തരമായി ആവശ്യമുള്ള തിരുത്തല്‍ നടപടികളെക്കുറിച്ചു പിണറായിക്കും വ്യത്യസ്‌ത അഭിപ്രായമില്ലെന്നാണ് നേതാക്കള്‍ സൂചിപ്പിക്കുന്നത്. ജയരാജനും ശ്രീമതിക്കുമെതിരെ സംഘടനാപരമായ നടപടികളും വേണ്ടിവരുമെന്നു നേതാക്കള്‍ സൂചിപ്പിച്ചു.ഇരുവരും കേന്ദ്ര കമ്മിറ്റിയംഗങ്ങളായതിനാല്‍ സംഘടനാപരമായ നടപടി കേന്ദ്രതലത്തിലാണു തീരുമാനിക്കേണ്ടത്. സ്വജനപക്ഷപാതം അഴിമതിതന്നെയെന്നാണ് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാട്. കേന്ദ്ര സര്‍ക്കാരിലുള്‍പ്പെടെ സ്വജനപക്ഷപാത സ്വഭാവമുള്ള അഴിമതികള്‍ ആരോപിക്കപ്പെട്ടപ്പോള്‍, നടപടികള്‍ റദ്ദാക്കിയാല്‍ പോര, ഉത്തരവാദിത്തപ്പെട്ടവരുടെ രാജിയും നിയമനടപടിയും വേണമെന്നാണ് പാര്‍ട്ടി വ്യക്‌തമാക്കിയിട്ടുള്ളത്.
ഈ നിലപാടിന് അനുസൃതമായി മാത്രമേ കേരളത്തിലെ പാര്‍ട്ടിക്കു നീങ്ങാനാവൂ എന്നാണ് കേന്ദ്ര നേതാക്കള്‍ വ്യക്‌തമാക്കുന്നത്. ബന്ധുനിയമനങ്ങള്‍ പാര്‍ട്ടിയുടെ അണികളെ നിരാശപ്പെടുത്തിയിരിക്കുന്നുവെന്നാണ് സംസ്‌ഥാനത്ത് പല തട്ടിലുള്ള സഖാക്കളില്‍നിന്നും തങ്ങള്‍ക്കു ലഭിച്ച പ്രതികരണങ്ങളില്‍നിന്നു വ്യക്‌തമാകുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. വിവാദ നിയമനങ്ങള്‍ പാര്‍ട്ടിക്കാരുടെ ആത്മവീര്യം കെടുത്തുന്നതാണ്; സര്‍ക്കാരിന്റെ പ്രതിച്ഛായയും തകര്‍ക്കുന്നു.ഒരു ന്യായീകരണവും വിലപ്പോകില്ല. ആരോപണങ്ങളുടെ രീതിയിലാണെങ്കിലും വഴിവിട്ട നിയമനങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിനു ലഭിക്കുന്നുണ്ട്. എന്നാല്‍, പാര്‍ട്ടിക്കാരെ യോഗ്യതയുടെ അടിസ്‌ഥാനത്തില്‍ വിവിധ പദവികളില്‍ നിയമിച്ചതിനെയും ബന്ധുനിയമനത്തെയും വേറിട്ടുകാണേണ്ടതുണ്ടെന്നു നേതാക്കള്‍ വിശദീകരിച്ചു.

അതേസമയം, ബന്ധു നിയമനങ്ങള്‍ വിവാദത്തിലായ സ്ഥിതിയില്‍ വിജിലന്‍സ് അന്യോഷണം തുടങ്ങി.പൊതുമേഖലാ സ്‌ഥാപനത്തില്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ ബന്ധുക്കളെയും സിപിഎം നേതാക്കളുടെ മക്കളെയും നിയമിച്ച സംഭവത്തില്‍ പ്രതിരോധത്തിലായ സിപിഎമ്മിനെയും സര്‍ക്കാരിനെയും വെട്ടിലാക്കി മുതിര്‍ന്ന പാര്‍ട്ടി നേതാവും ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദന്‍ രംഗത്ത് വരുകയും ചെയ്തു.വ്യവസായ വകുപ്പില്‍ മന്ത്രി ഇ.പി. ജയരാജന്റെ ബന്ധുക്കളെയും പാര്‍ട്ടി നേതാക്കളുടെ മക്കളെയും ഉന്നതസ്‌ഥാനങ്ങളില്‍ കൂട്ടത്തോടെ നിയമിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് വിജിലന്‍സ് പരിശോധന തുടങ്ങിയിരിക്കുന്നത് . പ്രതിപക്ഷ നേതാവ് നല്‍കിയ പരാതിയില്‍ നിയമോപദേശം തേടാന്‍ വിജിലന്‍സ് തീരുമാനിച്ചു. നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തിലാകും തുടര്‍നടപടികള്‍ സ്വീകരിക്കുക. ഇതോടൊപ്പം പരാതിയിലെ ഗൗരവസ്വഭാവം വിശദീകരിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കാണും.

അതേസമയം, ബന്ധുനിയമന വിവാദം ഗൗരവമുള്ളതാണെന്നും പാര്‍ട്ടി കൂട്ടായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞതോടെ മന്ത്രി ജയരാജന്റെ നടപടിയിലെ തെറ്റ് പാര്‍ട്ടി തലത്തില്‍ തിരുത്തുമെന്ന് ഏതാണ്ട് ഉറപ്പായി. സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റിലെ ഭൂരിഭാഗം അംഗങ്ങളും ജയരാജന്റെ നടപടി ശരിയല്ലെന്ന അഭിപ്രായമാണു സ്വീകരിച്ചിട്ടുള്ളത്. വരുന്ന 14നു ചേരുന്ന സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇതു സംബന്ധിച്ച തിരുത്തല്‍ നടപടിയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

Top